Home
News

''എഐക്കായി ജീവിതം ചെലവഴിച്ചതിൽ ദുഃഖം''! ലോകം ആദരിക്കുന്ന, എഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ ഗൂഗിൾ വിട്ടു

തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം എഐ ഗവേഷണങ്ങൾക്കായി ചെലവഴിച്ച, എ.ഐ.യുടെ ഗോഡ്ഫാദർ' എന്ന് പിൽക്കാലത്ത് ലോകം വിശേഷിപ്പിച്ച വിഖ്യാത എഐ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ ഗൂഗിളിലെ ത​ന്റെ ജോലി ഉപേക്ഷിച്ചു. ന്യൂയോർക്ക് ​ടൈംസിന് നൽകിയ അ‌ഭിമുഖത്തിലൂടെ രാജിക്കാര്യം അ‌ദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

ഭാവിയുടെ വാഗ്ദാനമായി പല പ്രമുഖരും വിശേഷിപ്പിച്ച എഐയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ആളാണ് ജെഫ്രി ഹിന്റൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വികസനത്തിനായി തന്റെ ജീവിതം സമർപ്പിച്ച ജെഫ്രി ഹിന്റൺ ഒരു ദശാബ്ദമായി ഗൂഗിളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ജോലി രാജിവച്ച അ‌ദ്ദേഹത്തിന്റെ തീരുമാനം ഇതിനോടകം വൻ വാർത്തയായിട്ടുണ്ട്.

എഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ ഗൂഗിൾ വിട്ടു

ഇന്ന് തരംഗമായി മാറിയ ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകളെ ശക്തിപ്പെടുത്തുന്ന എഐ സിസ്റ്റങ്ങൾക്ക് ബൗദ്ധിക അടിത്തറ സൃഷ്ടിച്ചത് ജെഫ്രി ഹിന്റൺ ആണ്. തന്റെ രണ്ട് വിദ്യാർഥികളുമായി ചേർന്നുകൊണ്ട് ജെഫ്രി ഒരു ന്യൂറൽ നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തു. ചാറ്റ്ജിപിടി, ന്യൂ ബിംഗ്, ബാർഡ് തുടങ്ങിയ എഐ-പവർ ചാറ്റ്ബോട്ടുകളുടെയെല്ലാം അടിത്തറ ജെഫ്രി ഹിന്റൺ വികസിപ്പിച്ചെടുത്ത ന്യൂറൽ നെറ്റ്‌വർക്കാണ്.

ജെഫ്രി ഹിന്റണെ എഐയുടെ ഗോഡ്ഫാദറാക്കി മാറ്റിയത് അ‌ദ്ദേഹം ദീർഘകാലമായി നടത്തിവന്ന എഐ ഗവേഷണങ്ങളായിരുന്നു. സ്പീച്ച് റെക്കഗ്നിഷൻ, കംപ്യൂട്ടർ വിഷൻ തുടങ്ങിയ എഐ അധിഷ്ഠിത ജോലികളിലെ മുന്നേറ്റത്തിൽ ഒരു പ്രധാന പങ്ക് ജെഫ്രിക്ക് അ‌വകാശപ്പെട്ടതാണ്. 2018-ൽ ഹിന്റണും മറ്റ് രണ്ട് ഗവേഷകരും 'കമ്പ്യൂട്ടിംഗിന്റെ നോബൽ സമ്മാനം' ഉൾപ്പെടെ നേടി.

എഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ ഗൂഗിൾ വിട്ടു

എഐയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്റന്റെ രാജിയോടെ എഐയുടെ അ‌പകടം സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. എഐ മനുഷ്യന് കൂടുതൽ ഉപകാരപ്രദവും സഹായവുമാണ് എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. എന്നാൽ അ‌തിന്റെ അ‌പകടസാധ്യതകളിലേക്ക് വിരൽചൂണ്ടി മനുഷ്യന്റെ നാശത്തിന് എഐ വഴിവയ്ക്കുമെന്ന് വാദിക്കുന്നവരും ഏറെയുണ്ട്.

ഇതിൽ എഐ അ‌പകടകാരിയാണ് എന്ന് വാദിക്കുന്നവരുടെ പക്ഷത്തേക്കാണ് എഐയുടെ ഗോഡ്ഫാദർ തന്നെ എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ഗൂഗിളിൽ ജോലിചെയ്യുമ്പോൾ എഐയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാൻ ജെഫ്രി ഹിന്റണ് കഴിഞ്ഞില്ല, അതിനാലാണ് കഴിഞ്ഞ മാസം അ‌ദ്ദേഹം ജോലി ഉപേക്ഷിച്ചത്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും എഐ മത്സരത്തെക്കുറിച്ച് ജെഫ്രി ഹിന്റൺ പ്രതികരിച്ചു.

കഴിഞ്ഞ വർഷം വരെ എഐ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഒരു 'നല്ല കാര്യസ്ഥൻ' എന്ന നിലയ്ക്കാണ് ഗൂഗിൾ പ്രവർത്തിച്ചിരുന്നതെന്നും ഹാനികരമായേക്കാവുന്ന ഒന്നും പുറത്തുവിടാൻ ഗൂഗിൾ തയാറായിരുന്നില്ല എന്നും ജെഫ്രി ഹിന്റൺ അ‌ഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നാൽ ഗൂഗിളിന് വെല്ലുവിളി ഉയർത്തിയുള്ള ചാറ്റ്ജിപിടിയുടെ കടന്നുവരവ് എല്ലാം തകിടം മറിച്ചു.

എഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ ഗൂഗിൾ വിട്ടു

ഓപ്പൺഎഐയെ കൂട്ടുപിടിച്ച് ​മൈക്രോസോഫ്ട് എഐ മത്സരം ശക്തമാക്കിയതോടുകൂടി മറ്റ് വഴിയില്ലാതെ, അ‌തുവരെ പുലർത്തിയ എല്ലാ ധാർമ്മികതയും മാറ്റിവച്ച് ശക്തമായി എഐ അ‌വതരിപ്പിക്കാൻ ഗൂഗിൾ നിർബന്ധിതരായി എന്നാണ് അ‌ദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളിനെ വിമർശിക്കാനല്ല, ഗൂഗിളിൽ സ്വാധീനം ചെലുത്താതെ എഐയുടെ അപകടങ്ങളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനാണ് താൻ ഗൂഗിൾ വിട്ടതെന്ന് ഒരു ട്വീറ്റിലൂടെയും ജെഫ്രി വ്യക്തമാക്കിയിരുന്നു.

ഇത്രയും നാൾ ഗൂഗിൾ വളരെ ഉത്തരവാദിത്തത്തോടെയാണ് എഐ സാങ്കേതികവിദ്യയെ ​കൈകാര്യം ചെയ്തിരുന്നത് എന്ന് ജെഫ്രി എടുത്തുപറഞ്ഞു. എന്നാൽ മൈക്രോസോഫ്റ്റിന്റെ പുതിയ എഐ പിന്തുണയുള്ള ബിങ് സെർച്ച് എഞ്ചിൻ കൂടി എത്തിയശേഷം, കാര്യങ്ങൾ മാറി. ഗൂഗിൾ ഇപ്പോൾ 'ഇവരോട് മത്സരിക്കാനുള്ള സാങ്കേതികവിദ്യ വിന്യസിക്കാനുള്ള ഓട്ടത്തിലാണ്' എന്ന് ജെഫ്രി ഹിന്റൺ സ്ഥിരീകരിച്ചു.

"അഞ്ച് വർഷം മുമ്പ് എഐ എങ്ങനെയാണെന്നും ഇപ്പോൾ എങ്ങനെയാണെന്നും നോക്കൂ, വ്യത്യാസം ഭയാനകമാണ് " എന്നും അ‌ദ്ദേഹം പറഞ്ഞു. ഒരു സാധാരണക്കാരന് 'എന്താണ് സത്യമെന്ന്' തിരിച്ചറിയാൻ കഴിയാത്ത വിധം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ, എഐ തൊഴിൽ മേഖലയെയും ബാധിക്കുമെന്നും ഡോ ഹിന്റൺ ആശങ്കപ്പെടുന്നു.

കൂടാതെ, എഐയുടെ നവീകരിച്ച പതിപ്പുകൾ 'അവർ വിശകലനം ചെയ്യുന്ന വലിയ അളവിലുള്ള ഡാറ്റയിൽ നിന്ന് അപ്രതീക്ഷിതമായ പെരുമാറ്റം' പഠിക്കുന്ന പ്രവണതയുള്ളതിനാൽ 'മനുഷ്യരാശിക്ക് തന്നെ ഭീഷണി' ആയിരിക്കാമെന്ന് അദ്ദേഹം പറയുന്നു. കമ്പനികളും വ്യക്തികളും AI-യെ അവരുടെ സ്വന്തം കോഡ് സൃഷ്ടിക്കാൻ അനുവദിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അത് സ്വന്തമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനാൽ ഭാവിയിൽ ഇത് അ‌പകടമാകും.

ഭാവിയിൽ എഐ കൊലയാളിയായി മാറുമെന്ന ഒരു വിഭാഗത്തിന്റെ വാദങ്ങളിലേക്കാണ് ജെഫ്രിയും എത്തിനിൽക്കുന്നത്. മുൻപ് എഐയുടെ അ‌പകടം ചൂണ്ടിക്കാട്ടി ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്നാൽ അ‌ന്ന് ഗൂഗിളിന്റെ ഭാഗമായതിനാൽ അ‌തിനോട് സഹകരിക്കാൻ അ‌ദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാലിന്ന് അ‌ദ്ദേഹവും അ‌തേ വാദങ്ങൾ തന്നെ ഉയർത്തുന്നത് എഐയുടെ ചരിത്രത്തിനെ നിർണായക അ‌ധ്യായമായി മാറിയിരിക്കുകയാണ്.

എഐയെ ​ലോകത്ത് തരംഗമാക്കിമാറ്റിയതും എഐ പരീക്ഷണങ്ങൾ മത്സരത്തിലേക്ക് നീങ്ങിയതും ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ കടന്നുവരവോടെയാണ്. എന്നാൽ ഈ ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന ഗവേഷകരിൽ ​ഒരാൾ മുൻപ് എഐ ഗവേഷണങ്ങളിൽ ജെഫ്രി ഹിന്റണ് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികളിൽ ഒരാളാണ് എന്നതും ഈ ഘട്ടത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Geoffrey Hinton, the renowned AI scientist who spent a large part of his life on AI research and was later called the 'Godfather of AI', has left his job at Google. He created the intellectual foundation for AI systems and was instrumental in the advancement of AI-based tasks such as speech recognition and computer vision.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X