മെഗാസ്റ്റാറുകൾ രക്ഷിക്കും! ട്രാക്കിങ് മുന്നറിയിപ്പ് നൽകാൻ കൈകോർത്ത് ആപ്പിളും ഗൂഗിളും
ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകൾ അറിയാതെ അവരെ പിന്തുടരുന്നതും നിരീക്ഷിക്കുന്നതും തടയാൻ ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും കൈകോർക്കുന്നു. ബ്ലൂടൂത്ത് ലൊക്കേഷൻ-ട്രാക്കിങ് ഉപകരണങ്ങളുടെ ദുരുപയോഗം തടയാൻ സഹായിക്കുന്ന ഇൻഡസ്ട്രി സ്പെസിഫിക്കേഷൻ എന്ന പുതിയ മാനദണ്ഡം അവതരിപ്പിക്കാനും അതിനായി ചേർന്ന് പ്രവർത്തിക്കാനും ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്.
ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആൻഡ്രോയിഡുമാണ് മൊബൈൽ ഫോണുകൾ ഭരിക്കുന്നത്. ആളുകളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇപ്പോൾ ഈ രണ്ട് വൻ ശക്തികളും ഒന്നിച്ചു മുന്നോട്ട് വന്നിരിക്കുന്നു എന്നത് ഈ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. മറ്റ് പല കാര്യങ്ങൾക്കുമായും നിർമിച്ച ഡിവൈസുകൾ ദുരുപയോഗം ചെയ്ത് ആളുകളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട്.

ഇത്തരം പ്രവൃത്തികൾക്ക് തടയിടാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ആപ്പിളും ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളും അറിയിച്ചു. ബ്ലൂടൂത്ത് ലൊക്കേഷൻ ട്രാക്കിംഗ് ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്‌ക്ക് രണ്ടിനും അനുയോജ്യമാകുന്ന തരത്തിൽ പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കും. അത്തരത്തിലൊരു സ്റ്റാൻഡേർഡ് സാങ്കേതികവിദ്യയ്ക്കായി ഒരു "ഡ്രാഫ്റ്റ് സ്പെസിഫിക്കേഷൻ" രണ്ട് ടെക് ഭീമന്മാരും സൃഷ്ടിക്കും.
ഉപയോക്താക്കളുടെ സമ്മതമോ അറിവോ ഇല്ലാതെ സ്ഥാപിച്ചിരിക്കുന്ന ബ്ലൂടൂത്ത് ഐറ്റം ട്രാക്കറുകളെ കുറിച്ചും ഏതെങ്കിലും ട്രാക്കിങ് ഡിവൈസുകൾ അവരെ പിന്തുടരുന്നുണ്ടെങ്കിൽ അതേപ്പറ്റിയും അവർക്ക് മുന്നറിയിപ്പ് നൽകുന്നതാകും പുതിയ സംവിധാനം. സാംസങ് ഇലക്ട്രോണിക്‌സ്, കൺസ്യൂമർ ഇലക്ട്രോണിക്‌സ് കമ്പനിയായ ടൈൽ തുടങ്ങിയ കമ്പനികളും പുതിയ ട്രാക്കിങ് മുന്നറിയിപ്പ് സംവിധാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഇരുകമ്പനികളും പറയുന്നു.

അനാവശ്യ ട്രാക്കിങ് തടയാൻ ആപ്പിളിനും ഗൂഗിളിനും അവരുടേതായ സാങ്കേതികവിദ്യകളുണ്ട്. എന്നാൽ പരസ്പരം സഹകരിക്കാത്തതിനാൽ ഈ സംവിധാനങ്ങൾ പലപ്പോഴും പരാജയപ്പെടുകയും പരിമിതമായ പ്രകടനം മാത്രം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഈ പോരായ്മ മറികടന്ന് പരസ്പര സഹകരണത്തിലൂടെ അനാവശ്യ ട്രാക്കിങ്ങും ഡിവൈസുകളുടെ ദുരുപയോഗവും തടയാനാണ് ഇരു കമ്പനികളും കൈകോർത്തിരിക്കുന്നത്.
ബാഗുകളും മറ്റും പ്രധാനപ്പെട്ട വസ്തുക്കളും നഷ്ടപ്പെടാതെ എവിടെയുണ്ടെന്ന് കണ്ടെത്താനാണ് എയർടാഗ് പോലുള്ള സംവിധാനം ആപ്പിൾ അവതരിപ്പിച്ചചത്. പ്രിയപ്പെട്ട വസ്തുക്കൾ കാണാതാകുമ്പോൾ ആളുകൾക്കുണ്ടാകുന്ന വിഷമം ഒഴിവാക്കാനും അവ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കുകയും വഴി മനസമാധാനത്തോടെയിരിക്കാൻ ആളുകൾക്ക് സാധിക്കുമെന്ന് ആപ്പിൾ കണക്കുകൂട്ടി. എന്നാൽ ഇപ്പോൾ ആളുകളുടെ മനസമാധാനം കളയുന്ന പ്രധാന ട്രാക്കിങ് ഡിവൈസ് എയർടാഗുകളാണ്.
ആളുകൾ തങ്ങളുടെ മുൻ പങ്കാളികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പിന്തുടരാൻ ആപ്പിൾ എയർ ടാഗുകൾ ഉപയോഗിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും, എയർടാഗോ മറ്റ് ട്രാക്കിംഗ് ഉപകരണങ്ങളോ ഇരയുടെ ബാഗിലോ കാറിലോ അവരുടെ അറിവില്ലാതെ രഹസ്യമായി സ്ഥാപിച്ചാണ് ട്രാക്കിങ് നടത്തിയിരുന്നത്.

ഇനി ഇത്തരത്തിൽ ട്രാക്കിങ്ങിന് ശ്രമിച്ചാൽ അതേപ്പറ്റി ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾ മുന്നറിയിപ്പ് നൽകുന്ന വിധത്തിലുള്ള സംവിധാനം ആണ് ആപ്പിളും ഗൂഗിളും ചേർന്ന് അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഒട്ടേറെപ്പേർക്ക് ശരിക്കും മനസമാധാനത്തോടെ കഴിയാൻ ഈ നീക്കം അവസരം ഒരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അടുത്ത വർഷത്തോടെയേ ഈ സംവിധാനം നിലവിൽ വരൂ എന്നാണ് വിവരം.
എയർടാഗുകൾ പ്രശ്നക്കാരായി മാറിയതോടെ, ആളുകളുടെ സ്വകാര്യത സംരക്ഷിക്കാനായി 2021-ൽ ആപ്പിൾ ഒരു ആൻഡ്രോയിഡ് ഡിറ്റക്ടർ ആപ്പ് പുറത്തിറക്കി, ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ ഒപ്പമുള്ള എയർ ടാഗുകളോ മറ്റ് സമാന ഇനം ട്രാക്കറുകളോ സ്കാൻ ചെയ്യാൻ സഹായിക്കുന്നതായിരുന്നു ഈ സംവിധാനം. ലൊക്കേഷൻ ട്രാക്ക് ചെയ്യുന്ന ആപ്പുകൾ നിരോധിക്കുമെന്ന് 2020ൽ തന്നെ ആപ്പിളും ഗൂഗിളും വ്യക്തമാക്കിയിരുന്നു.
പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് അതിന്റെ അടിസ്ഥാനത്തിൽ ട്രാക്കിങ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം തയാറാക്കാനാണ് ആപ്പിളും ഗൂഗിളും തീരുമാനിച്ചിരിക്കുന്നത്. 2023 അവസാനത്തോടെ ഇത് തയാറാകും. സാംസങ്, ടൈൽ, ചിപ്പോളോ, യൂഫി, പെബിൾബീ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ഈ സാങ്കേതികവിദ്യയെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതിനാൽ ഭാവിയിൽ ആളുകളെ നിരീക്ഷിക്കാൻ ട്രാക്കിങ് ഡിവൈസുകൾ ഉപയോഗിക്കുന്നത് കുറയും എന്ന് കരുതപ്പെടുന്നു.


Click it and Unblock the Notifications







