രണ്ട് ഐഐടി എൻജിനീയർമാരെ സ്വന്തമാക്കാൻ ഗൂഗിളും ആപ്പിളും ഏറ്റുമുട്ടി, ഒടുവിൽ ജയിച്ചത് 'ഇന്ത്യ'!
ടെക്നോളജി മേഖലയിലെ വമ്പന്മാരാണ് ആപ്പിളും ഗൂഗിളും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഇന്റർനെറ്റ് ചെന്നെത്തിയിട്ടുള്ള നാടുകളിലെല്ലാം ഈ രണ്ട് കമ്പനികളുടെ പേരും പ്രശസ്തിയും ചെന്നെത്തിയിട്ടുണ്ട്. ആപ്പിളിലും ഗൂഗിളിലുമൊക്കെ ജോലി ലഭിക്കാൻ വർഷങ്ങളോളം പരിശ്രമിച്ച മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതാനുഭവങ്ങൾ നാം ഇതിനകം കേട്ടിട്ടുമുണ്ട്.
ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ഏതാണ്ട് എല്ലാവരുടെയും തന്നെ ജീവിതാഭിലാഷം ആപ്പിളിൽ അല്ലെങ്കിൽ ഗൂഗിളിൽ ജോലി നേടുക എന്നതാണ്. ഇന്ത്യക്കാർ മാത്രമല്ല, ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നുള്ള ആളുകളും അത്തരത്തിൽ തന്നെയാകാം ആഗ്രഹിക്കുന്നത്. ഈ രണ്ട് കമ്പനികളും വിചാരിച്ചാൽ ജോലിക്കായി ലക്ഷങ്ങൾ ക്യൂ നിൽക്കും.

എന്നാൽ അത്രയും സ്വാധീനവും കരുത്തുമുള്ള ഈ രണ്ട് കമ്പനികളും ഒരിക്കൽ രണ്ട് ഇന്ത്യൻ എൻജിനീയർമാരെ സ്വന്തമാക്കാൻ പരസ്പരം മത്സരിച്ചിട്ടുണ്ട് എന്ന കൗതുകകരമായ ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് പേർ ജോലിക്കായി ക്യൂ നിൽക്കുമ്പോഴാണ് ലോകത്തെ ഏറ്റവും വലിയ രണ്ട് കമ്പനികൾ ഇന്ത്യൻ എൻജിനീയർമാർക്കായി പരസ്പരം പോരടിച്ചത് എന്നത് ചില്ലറക്കാര്യമല്ല.
ടെക് കമ്പനികൾക്കിടയിൽ എഐ കിടമത്സരം ശക്തമായതിന് പിന്നാലെയാണ് രണ്ട് ഇന്ത്യൻ എൻജിനീയർമാർക്കായി ഗൂഗിളും ആപ്പിളും മത്സരിച്ച സംഭവവും പുറത്തുവന്നിരിക്കുന്നത്. മൈക്രോസോഫ്റ്റും ഗൂഗിളും ഉൾപ്പെടെയുള്ള വൻകിട ടെക് കമ്പനികൾ എഐ സാങ്കേതികവിദ്യയിൽ ഏറെ മുന്നേറുകയും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ എഐ സംവിധാനം അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ എഐ മത്സരത്തിൽ ആപ്പിൾ ഏറെ പിന്നിലാണ്.

ലോകത്തെ വമ്പൻ കമ്പനികളിലൊന്നാണ് എങ്കിലും എഐയുടെ കാര്യത്തിൽ ഗൂഗിളും മൈക്രോസോഫ്ടുമൊക്കെ കൈവരിച്ച പുരോഗതി സ്വന്തമാക്കാൻ ആപ്പിളിന് കഴിഞ്ഞില്ല. ഇതിന്റെ കാരണങ്ങൾ ചർച്ച ചെയ്യപ്പെട്ട ഘട്ടത്തിലാണ് ഇന്ത്യൻ എൻജിനീയർമാർക്കായി ആപ്പിളും ഗൂഗിളും പോരടിച്ചത് വെളിയിൽ വന്നത്. ആപ്പിളിന്റെ എഐ ടീം നിലവിൽ സിരിയും മറ്റ് എഐ പ്രോജക്ടുകളും വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് ഗൂഗിളിന്റെയും മൈക്രോസോഫ്ടിന്റെയുമൊക്കെ എഐ സംവിധാനങ്ങൾക്കുള്ള ആപ്പിൾ ബദൽ വൈകാൻ കാരണമാകുന്നു. ഇതോടൊപ്പം രണ്ട് എഐ എൻജിനീയർമാർ കൈവിട്ട് പോയ ക്ഷീണവും ആപ്പിളിന് തിരിച്ചടിയായി. എഐ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന എൻജിനീയർമാരാണ് ശ്രീനിവാസൻ വെങ്കിടാചാരി, സ്റ്റീവൻ ബേക്കർ, ആനന്ദ് ശുക്ല എന്നിവർ.
ഈ മൂന്ന് എൻജിനീയർമാരും മുമ്പ് ആപ്പിളിനായി പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ആപ്പിളിന്റെ സെർച്ചിങ് സാങ്കേതികവിദ്യ നവീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇവരാണ്. അങ്ങനെയിരിക്കെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഇവരെ സ്വന്തമാക്കാൻ കച്ചകെട്ടി രംഗത്തിറങ്ങുകയായിരുന്നു. അതിനായി ഗൂഗിൾ സിഇഒ എന്ന നിലയിൽ മാത്രമല്ല, ഇന്ത്യൻ ബന്ധമുള്ള പിച്ചൈ ഇവരെ തന്റെ പാളയത്തിലേക്ക് എത്തിക്കാൻ വ്യക്തിപരമായും ഏറെ പരിശ്രമിച്ചു.
ഇതോടെ മറുവശത്ത് ആപ്പിളിനായി സിഇഒ ടിം കുക്കും രംഗത്തിറങ്ങി. ഐഐടി എൻജിനീയർമാരെ സ്വന്തം സ്ഥാപനത്തിൽ നിലനിർത്താൻ സാധ്യമായ എല്ലാവിധത്തിലും ടിം കുക്ക് പരിശ്രമിച്ചു. അങ്ങനെ ഇന്ത്യൻ എൻജിനീയർമാർക്കായി രണ്ട് വമ്പൻ കമ്പനികളുടെ സിഇഒമാരും കമ്പനികളും ഏറ്റുമുട്ടുക എന്ന അപൂർവ മത്സരം അരങ്ങേറി.
ഇന്ത്യയിലെ ഐഐടികൾക്ക് എന്നും അഭിമാനിക്കാൻ ഇടനൽകുന്ന ഒരു അധ്യായമാണ് ഈ സംഭവം. കാരണം ഗൂഗിളും ആപ്പിളും സ്വന്തമാക്കാൻ നോക്കിയ ഈ എൻജിനീയർമാർ ഇന്ത്യയിലെ പ്രമുഖ ഐഐടികളിൽ നിന്നുള്ളവരാണ്. ഐഐടി മദ്രാസിൽനിന്ന് ബി.ടെക് കമ്പ്യൂട്ടർ സയൻസ് (1992-1996) ബിരുദം നേടിയ ആളാണ് ശ്രീനിവാസൻ വെങ്കിട്ടാചാരി. ആനന്ദ് ശുക്ലയാകട്ടെ ഐഐടി കാൺപൂരിൽനിന്നാണ് അതേ ബിരുദം പൂർത്തിയാക്കിയത്.

ഒടുവിൽ മത്സരത്തിൽ 'ഇന്ത്യൻ'ബന്ധങ്ങളുള്ള പിച്ചൈ വിജയിച്ചതോടെ ഇരുവരും ഗൂഗിളിൽ എത്തുകയായിരുന്നു. നിലവിൽ ഈ എൻജിനീയർമാർ ഇപ്പോൾ ഗൂഗിളിന്റെ ലാർജ് ലാങ്വേജ് മോഡലുകളുടെ (LLM) നിർമാണത്തിലും പരിശീലനച്ചെലവ് കുറയ്ക്കുന്നതിലും പ്രവർത്തിക്കുകയാണ്. അതോടൊപ്പം ഈ എൽഎൽഎം ഉപയോഗിച്ച് നിർമിച്ച ഉൽപ്പന്നങ്ങളുടെ കൃത്യത വർധിപ്പിക്കുന്നതിലും ഇവർ പ്രവർത്തിച്ചുവരുന്നു.
ഈ എൻജിനീയർമാരെ നഷ്ടമായതും ആപ്പിളിന്റെ എഐ പരീക്ഷണങ്ങൾക്ക് തിരിച്ചടിയായി എന്ന് ദ ഇൻഫർമേഷൻ റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിന്റെ പ്രധാന വരുമാനം ഐഫോൺ ഉൾപ്പെടെയുള്ള വിവിധ പ്രോഡക്ടുകളും സേവനങ്ങളുമാണ്. എന്നാൽ കമ്പനി ഇതുവരെ എൽഎൽഎം അടിസ്ഥാനമാക്കിയുള്ള തങ്ങളുടെ സാങ്കേതികവിദ്യ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എതിരാളിയായ ഗൂഗിൾ ചില പ്രദേശങ്ങളിൽ സെർച്ചിങ്ങിനായി തങ്ങളുടെ ബാർഡ് എഐ ലഭ്യമാക്കിയിട്ടുണ്ട്.
എഐ മത്സരത്തിലെ മറ്റൊരു പ്രധാനപോരാളിയായ മൈക്രോസോഫ്ടും തങ്ങളുടെ ബിംഗ് സെർച്ച്, മൈക്രോസോഫ്റ്റ് ഓഫീസ് തുടങ്ങിയ സേവനങ്ങളിൽ എഐ, എൽഎൽഎം എന്നിവ സംയോജിപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എഐ തരംഗമാകുന്നതിൽ മുഖ്യ പങ്കുവഹിച്ച ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി കരുത്തും മൈക്രോസോഫ്ടിന് എഐ യുദ്ധത്തിൽ മുൻതൂക്കം നൽകുന്നുണ്ട്. ഇവരോടൊപ്പം പിടിച്ചുനിൽക്കാൻ ശക്തമായ എഐ അവതരിപ്പിക്കാൻ ആപ്പിളിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications