അയ്യോ അച്ഛാ പോകല്ലേ...! ഗൂഗിൾ അസിസ്റ്റിന് പകരം ജെമിനിയെ കൊണ്ടുവരുമെന്ന് റിപ്പോർട്ട്
എഐ എന്ന് കേട്ടാൽ മനസിലാവാത്ത ആരും ഇന്നത്തെ കാലഘട്ടത്തിൽ ഇല്ല. എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരികയാണ്. എഐ സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിച്ച, ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയോട് മത്സരിക്കാനാണ് ഗൂഗിൾ ജെമിനിയെ അവതരിപ്പിച്ചത്. ഗൂഗിൾ ബാർഡ് എന്ന ചാറ്റ് ബോട്ട് കമ്പനി അവതരിപ്പിച്ചെങ്കിലും ചാറ്റ് ജിപിടിയുടെ സ്വീകാര്യത ബാർഡിന് ലഭിച്ചിരുന്നില്ല. ആ ഘട്ടത്തിലാണ് പരിഷ്‌കരിച്ച ചാറ്റ് ബോട്ടായ ജെമിനിയെ ഗൂഗിൾ അവതരിപ്പിച്ചത്. ഇനി ഗൂഗിൾ അസിസ്റ്റനിനു പകരം ജെമിനിയെ കൊണ്ടുവരും. ആദ്യ കാലങ്ങളിൽ മിക്ക ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഗൂഗിൾ അസിസ്റ്റാണ് ലഭ്യമായിരുന്നത്.
അടുത്തിടെയാണ് ആൻഡ്രോയിഡ് 12നും മുകളിലേക്കും മാത്രമുള്ള വേർഷനുകളിലേക്ക് ജെമിനിയുടെ സേവനം കമ്പനി പരിമിതപ്പെടുത്തിയത്. ഇതിനാണ് ഇപ്പോൾ മാറ്റം വന്നത്. ഇനി എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും ജെമിനിയായിരിക്കും ഉണ്ടാവുക. ഗൂഗിൾ പ്ലേ സ്റ്റോറിലെ ജെമിനിയുടെ ലിസ്റ്റിങ് ഈ മാറ്റം വ്യക്തമാക്കുന്നുണ്ട്.

പഴയ ഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കും ഇപ്പോൾ ജെമിനി ലഭ്യമാകുമെന്ന് സാരം. എന്നാൽ ജെമിനി ആപ്പിന്റെ ഔദ്യോഗിക പേജിൽ ഇപ്പോഴും ആപ്പ് ഉപയോഗിക്കാൻ ആൻഡ്രോയിഡ് 12-ഓ അതിൽ പുതിയ വേർഷനോ വേണമെന്നാണ് പറയുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ, ഗൂഗിൾ അസിസ്റ്റന്റിന് പകരം ഗൂഗിൾ ജെമിനിയാകും ഫോണിൽ ഉണ്ടാകുക.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജെമിനിയിലേക്ക് പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതിൽ ഗൂഗിൾ നിരന്തരം പരിശ്രമിക്കുന്നുണ്ട്. ജെമിനി ആപ്പും അതിന്റെ ഏറ്റവും കഴിവുള്ള എഐ മോഡലുകളിലേക്കുള്ള ആക്‌സസ് നൽകുന്ന ജെമിനി അഡ്വാൻസ്ഡും ഇപ്പോൾ ഒമ്പത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുമെന്നാണ് ടെക് ഭീമൻ ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണ് ഈ ഒൻപത് ഭാഷകൾ. ഇവ കൂടാതെ, ഒൻപത് പ്രാദേശിക ഭാഷകൾ കൂടി ജെമിനി അഡ്വാൻസ്ഡിലേക്ക് സംയോജിപ്പിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ ഡാറ്റാ വിശകലന ശേഷികൾ, ഫയൽ അപ്ലോഡുകൾ, ഇംഗ്ലീഷിൽ ഗൂഗിൾ മെസേജിൽ ജെമിനിയുമായി ചാറ്റ് ചെയ്യാനുള്ള കഴിവ് എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകൾ.
ഉപയോക്താക്കൾക്ക് ഒന്നിലധികം വലിയ ഡേറ്റകൾ (1,500 പേജുകൾ വരെ) അപ്ലോഡ് ചെയ്യാനോ 100 ഇമെയിലുകൾ ഒരേസമയം സംഗ്രഹിക്കാനോ കഴിയും. ജെമിനിയുടെ ട്രാൻസിലേഷൻ കപ്പാസിറ്റിയും വർധിപ്പിച്ചിട്ടുണ്ട്. ഇനിമുതൽ 35 ഭാഷകളിൽ ജെമിനി ലഭ്യമാകും. ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്റിന് പകരം ജെമിനിയെ ഉൾപ്പെടുത്താനാണ് ഗൂഗിൾ ആലോചിക്കുന്നത്.
ജെമിനിയുമായി ജി മെയിൽ ബന്ധിപ്പിക്കുന്നതിലൂടെ ഇൻബോക്‌സിലെ മെസ്സേജുകൾ ക്രോഡീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഒരു ഇ മെയിൽ ഐഡി അയച്ച മെസ്സേജിനെക്കുറിച്ചോ, ടോപ്പിക്കിനെക്കുറിച്ചോ ജെമിനിയോട് ചോദിച്ചാൽ, ഈ മെസ്സേജുകൾ ഓപ്പൺ ചെയ്യാതെ തന്നെ നിങ്ങൾക്ക് ഇവ വായിക്കാം. ഗൂഗിൾ മീറ്റ് റെക്കോർഡിങ്ങുകൾ തിരയാനും ജെമിനി ഇനിമുതൽ നിങ്ങളെ സഹായിക്കും. ഇ മെയിൽ വഴി ലഭിച്ചിട്ടുള്ള വിവരങ്ങളിലൂടെ, നിങ്ങളുടെ ഓൺലൈൻ ഡെലിവലറി ഡേറ്റ്, ഇവന്റുകൾ എന്നിവ എപ്പോഴാണെന്ന് അറിയിക്കാനും ജെമിനിക്ക് കഴിയും.

ചാറ്റ് ജിപിടിയെ കടത്തിവെട്ടാനുള്ള അപ്‌ഡേഷനുകളാണ് ഗൂഗിൾ നടത്തിവരുന്നത്. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ ടാബ്ലെറ്റുകൾ, കാറുകൾ, ഹെഡ്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഉപകരണങ്ങളും ജെമിനിയിലേക്ക് മാറും. അതുവരെ, ഈ ഉപകരണങ്ങൾ ഗൂഗിൾ അസിസ്റ്റന്റുമായി പ്രവർത്തിക്കുന്നത് തുടരും. എന്നിരുന്നാലും, ഈ ഉപകരണങ്ങളിൽ ജെമിനി എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല.


Click it and Unblock the Notifications








