ഒറിജിനൽ തോറ്റുപോകും! HD ക്വാളിറ്റിയിൽ വൈറൽ AI വീഡിയോകൾ സൃഷ്ടിക്കാവുന്ന ഗൂഗിൾ Veo 3 ഇന്ത്യയിൽ
ഇപ്പോൾ എവിടെയും എഐ തരംഗം പടർന്ന് പന്തലിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. എന്താണ് വേണ്ടത് എന്ന് വാക്കുകളിലൂടെ ഒന്ന് വിവരിച്ച് നൽകിയാൽ ഒറിജിനൽ തോറ്റുപോകുന്ന കിടിലൻ എഐ വീഡിയോകൾ ആർക്കും സൃഷ്ടിക്കാൻ കഴിയുന്ന ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇപ്പോൾ എഐ ഉപയോഗിച്ച് നിർമിക്കുന്ന പല വീഡിയോകളും വൈറലാണ്. എഐ വീഡിയോകൾ വൈറലാകാൻ തുടങ്ങിയതോടെ കൂടുതൽ ആളുകൾ ആ വഴിയിലേക്ക് തിരിയുകയും എഐ വീഡിയോകൾ പുറത്തിറക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. കൂടുതൽ പേരും തമാശയ്ക്കായിട്ടാണ് വീഡിയോകൾ ഇറക്കുന്നത് എങ്കിലും തെറ്റായ ആവശ്യങ്ങൾക്കായി തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ ഇറക്കുന്നവരും ഉണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ കണ്ടാൽ ഒറിജിനൽ ഏതാ, എഐ ഉപയോഗിച്ച് ഉണ്ടാക്കിയത് ഏതാ എന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് കഴിയാത്ത ഒരു അവസ്ഥകൂടിയുണ്ട്. ഇതിനിടയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആവേശം പകരുന്ന ഒരു നീക്കം ഗൂഗിൾ നടത്തിയിരിക്കുന്നു. തങ്ങളുടെ AI വീഡിയോ ജനറേഷൻ ടൂളായ Veo 3 ഇന്ത്യയിലും ലഭ്യമാക്കുന്നതായി ഗൂഗിൾ അറിയിച്ചിരിക്കുന്നു.

ടെക്സ്റ്റ് അല്ലെങ്കിൽ ഇമേജ് പ്രോംപ്റ്റുകളിൽ നിന്ന് ഹൈ- ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ കഴിയും എന്നതാണ് Veo 3 എന്ന ഗൂഗിളിന്റെ ഈ AI വീഡിയോ മോഡലിന്റെ പ്രത്യേകത. ജെമിനി ആപ്പിലെ ഗൂഗിൾ AI പ്രോ സബ്‌സ്‌ക്രിപ്‌ഷൻ വഴി Veo 3 ഇപ്പോൾ ഇന്ത്യക്കാർക്ക് സ്വന്തമാക്കാനാകും.
"ഞങ്ങളുടെ ഏറ്റവും പുതിയ AI വീഡിയോ ജനറേഷൻ മോഡലായ Veo 3, ഇപ്പോൾ ജെമിനി ആപ്പിലെ Google AI Pro സബ്‌സ്‌ക്രിപ്‌ഷൻ വഴി ഇന്ത്യയിൽ പുറത്തിറങ്ങുന്നുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," - എന്ന് Veo 3യുടെ ഇന്ത്യൻ ലഭ്യത അറിയിച്ചുകൊണ്ട് ഗൂഗിൾ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജെമിനി പ്രോയുടെ ഗുണങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ ട്രയലും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗൂഗിൾ I/O ഇവന്റ് 2025-ൽ ആണ് ഈ AI മോഡൽ ആദ്യമായി അവതരിപ്പിച്ചത്. ലോഞ്ചിന് പിന്നാലെ Veo 3 ഉപയോഗിച്ചുള്ള AI-ജനറേറ്റഡ് വീഡിയോകൾകൊണ്ട് ഉപയോക്താക്കൾ സാമൂഹികമാധ്യമങ്ങൾ നിറയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അങ്ങനെ വീഡിയോകൾക്കൊപ്പം ഗൂഗിളിന്റെ Veo 3 ടൂളും വൈറിലായി.
മാസം 249.99 ഡോളർ വിലയുള്ള AI അൾട്രാ പ്ലാനിലാണ് ഗൂഗിൾ ആദ്യം ഈ ടൂൾ ലഭ്യമാക്കിയത്. പിന്നീട് ജൂണിൽ Veo 3 ഫാസ്റ്റ് എന്ന സ്കെയിൽ-ഡൗൺ പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയിൽ പ്രതിമാസം 1,999 രൂപയ്ക്ക് ലഭ്യമായ AI പ്രോ ടയറിൽ ആണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ പതിപ്പ് വേഗതയേറിയ ജനറേഷൻ വേഗതയ്ക്കായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു, ബാക്കെൻഡ് അപ്‌ഗ്രേഡുകൾ കാരണം ഇരട്ടി വേഗത്തിൽ റിസൾട്ട് ലഭിക്കുന്നു.
ആൻഡ്രോയിഡിലോ iOS-ലോ ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യുകയും AI Pro പ്ലാൻ സബ്‌സ്‌ക്രൈബുചെയ്യുകയും ചെയ്യുകവഴി Veo 3 ടൂളിലേക്ക് എത്താം. ഉപയോക്താക്കൾക്ക് പ്രതിദിനം മൂന്ന് Veo 3 ഫാസ്റ്റ് വീഡിയോകൾ വരെ സൃഷ്ടിക്കാൻ കഴിയും. ഈ പരിധി പിന്നിട്ടാൽ, ആപ്പ് ഉപയോക്താക്കളെ അൽപ്പം ഫീച്ചറുകൾ കുറവുള്ള Veo 2-ലേക്ക് ഓട്ടോമാറ്റിക്കായി മാറ്റും.

ഉപയോക്താക്കൾക്ക് ടെക്സ്റ്റ് അല്ലെങ്കിൽ ഇമേജ് അധിഷ്ഠിത പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി 720p റെസല്യൂഷനിൽ 8 സെക്കൻഡ് വീഡിയോ ക്ലിപ്പുകൾ Veo 3 ടൂൾ വഴി സൃഷ്ടിക്കാം. ദൃശ്യങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്റ്റുകൾ, സിന്തസൈസ്ഡ് സ്പീച്ച് എന്നിവയും ഉണ്ട് എന്നത് ഈ പ്ലാറ്റ്ഫോമിനെ കൂടുതൽ കരുത്തുറ്റതും മികച്ചതുമാക്കി മാറ്റുന്നു. ഇത് യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന വീഡിയോ സൃഷ്ടിക്കാൻ സഹായിക്കുന്നു.
എഐ ഉപയോഗിച്ച് വീഡിയോ നിർമിക്കാനുള്ള ഈ ടൂൾ ദുരുപയോഗം ചെയ്യാതിരിക്കാനും ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാനും ചില നടപടികൾ ഗൂഗിൾ സ്വീകരിച്ചിട്ടുണ്ട്. Veo 3 ഉപയോഗിച്ച് സൃഷ്ടിച്ച എല്ലാ വീഡിയോകളിലും അവ AI വഴി ഉണ്ടാക്കിയ വീഡിയോയാണ് എന്ന് മനസിലാക്കാൻ സഹായിക്കുന്ന നേരിട്ടു നോക്കിയാൽ കാണുന്നതും കാണാത്തതുമായ വാട്ടർ മാർക്കുകൾ ഉണ്ടാകും. എഐ വഴി സൃഷ്ടിച്ച കണ്ടന്റുകൾ കണ്ടെത്താൻ ഗൂഗിൾ സൃഷ്ടിച്ച SynthID അദൃശ്യ വാട്ടർമാർക്കുകളിൽ ഉപയോഗിക്കുന്നു.


Click it and Unblock the Notifications








