മോദി കണ്ടു, പിന്നാലെ ഗൂഗിളിന്റെ ഫിൻടെക് സെന്റർ ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് പിച്ചൈയുടെ പ്രഖ്യാപനം!
ഗൂഗിൾ തങ്ങളുടെ ഫിൻടെക് സെന്റർ ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം. യുഎസ് സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ''ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഞങ്ങളുടെ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയാണ്" എന്ന പിച്ചൈയുടെ പ്രഖ്യാപനമെത്തിയത്.
ചരിത്രപരമായ യുഎസ് സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ ഗൂഗിൾ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്ന വിവരം തങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചെന്നും പിച്ചൈ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും പിച്ചൈ പ്രശംസിച്ചു. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു രൂപരേഖയാണ് ഡിജിറ്റൽ ക്യാമ്പയിനെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഏറെ മികച്ചതാണ്, മറ്റ് രാജ്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ബ്ലൂപ്രിന്റ് ആയാണ് താനിപ്പോൾ അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫിൻടെക്കിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ഉൾപ്പെടെ തങ്ങൾ നിക്ഷേപം തുടരുകയാണെന്നും, അതിന്റെ ഭാഗമായി ഞങ്ങൾക്ക് 100-ലാങ്വേജ് സംരംഭങ്ങളുടെണ്ടന്നും പിച്ചൈ പറഞ്ഞു. കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് എഐ ബോട്ടുകൾ ഉടൻ അവതരിപ്പിക്കുമെന്നും പിച്ചൈ വെളിപ്പെടുത്തി. അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ ഗൂഗിൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആഗോള തലത്തിൽ ഇന്ത്യയുടെ ഫിൻടെക് നേതൃത്വം ഉറപ്പിക്കാൻ തങ്ങളുടെ പദ്ധതി സഹായിക്കുമെന്ന് പിച്ചൈ ചൂണ്ടിക്കാട്ടി. അതിന് യുപിഐക്കും ആധാറിനുമാണ് നന്ദി പറയുന്നത്, തങ്ങൾ ആ അടിത്തറയിൽ ഫിൻടെക് ആഗോളതലത്തിലേക്ക് കൊണ്ടുപോകാൻ പോകുന്നെന്നും പിച്ചൈ അറിയിച്ചു. ഡിസംബറിൽ താൻ പ്രധാനമന്ത്രിയെ കണ്ടിരുന്നതായും അതിന്റെ അടുത്ത ഘട്ട നടപടികളായാണ് ഇപ്പോഴത്തെ പ്രഖ്യാപനങ്ങളെന്നും പിച്ചൈ പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിൻടെക്, സൈബർ സുരക്ഷാ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഡൊമെയ്‌നുകളിലും മൊബൈൽ ഉപകരണ നിർമ്മാണത്തിലും സഹകരണത്തിന്റെ കൂടുതൽ വഴികൾ പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി പിച്ചൈയെ ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം ട്വീറ്റിലൂടെയും അറിയിച്ചു. ഗവേഷണവും വികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിളും ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളും സഹകരിക്കുന്നതും ചർച്ച ചെയ്തെന്ന് മന്ത്രാലയം പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലെ ഇന്ത്യാ സന്ദർശന വേളയിൽ, പിച്ചൈ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെ, ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ (ഐഡിഎഫ്) ഒരു ഭാഗം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫണ്ടിന്റെ നാലിലൊന്ന് തുകയായ 300 മില്യൺ ഡോളർ സ്ത്രീകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമെന്നും അന്ന് പിച്ചൈ പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 21 മുതൽ 24 വരെയാണ് മോദിയുടെ യുഎസ് സന്ദർശനം ക്രമീകരിച്ചിരുന്നത്. ഇതുപ്രകാരം യുഎസിലെത്തിയ മോദി വിവിധ ടെക് കമ്പനി മേധാവികളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ട്വിറ്റർ, ടെസ്ല സിഇഒ ഇലോൺ മസ്ക് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിൽ നിക്ഷേപത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചേർന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ യുഎസ്, ഇന്ത്യൻ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തി. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖിൽ കാമത്ത്, സാം ആൾട്ട്മാൻ തുടങ്ങി നിരവധി പ്രമുഖ സിഇഒമാർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇന്ത്യയിലേക്ക് വൻകിട ടെക്നോളജി കമ്പനികളുടെ സംരംഭങ്ങൾ എത്തിക്കാൻ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്ന ഫിൻടെക് സെന്റർ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കും. എഐ, ബ്ലോക്ക്ചെയിൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ എന്നിവ ഫിൻടെക്കിന്റെ "എബിസിഡി" ആയി കണക്കാക്കപ്പെടുന്നു.


Click it and Unblock the Notifications