ഒരേ സമയം സുന്ദർ പിച്ചൈ 20 സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചിരുന്നു, എന്തിനെന്നോ...!
ഏതൊരു ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ഇന്ത്യൻ പൗരന്മാരിൽ ഒരാളാണ് നിലവിലെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (Sundar Pichai). തമിഴ്നാട്ടിൽ ഒരു സാധാരണ സർക്കാർ സ്കൂളിൽ പഠനം ആരംഭിച്ച സുന്ദർ പിച്ചൈ ഇന്ന് ലോകത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ഗൂഗിളിന്റെ തലവനാണ്.
ഗൂഗിളിന്റെ വളർച്ചയിൽ തന്റേതായ സംഭാവനകൾ നൽകിക്കൊണ്ട് ഇന്നും സുന്ദർ പിച്ചൈ അതിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി എഐ രംഗത്തും ഗൂഗിൾ അപ്രമാദിത്യം വളർത്തിയെടുത്തുകൊണ്ടിരിക്കുന്നതും പിച്ചൈയുടെ നേതൃത്വത്തിൻ കീഴിലാണ്. ഇത്രയും വലിയ കമ്പനിയെ ഒരു ഇന്ത്യക്കാരൻ നയിക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്.

ഇത്രയും ഉയരങ്ങളിലെത്തിയിട്ടും വന്ന വഴി മറക്കാത്ത, സ്വന്തം നാടിനോട് സ്നേഹം പുലർത്തുന്ന സുന്ദർ പിച്ചൈ സാധാരണക്കാരായ ഇന്ത്യയിലെ ഓരോ യുവതീയുവാക്കൾക്കും പ്രചോദനമാണ്. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് ലോകം ശ്രദ്ധിക്കുന്ന വ്യക്തിത്വമായി മാറാൻ നമുക്ക് കഴിയുമെന്ന് സുന്ദർ പിച്ചൈ തന്നെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുന്നു.
ഗൂഗിൾ സിഇഒ എന്ന നിലയിൽ സുന്ദർ പിച്ചൈയുടെ ഓരോ പ്രതികരണത്തിനും അത്രമേൽ പ്രാധാന്യം ലഭിക്കാറുണ്ട്. ഇപ്പോൾ അടുത്തിടെ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലായിക്കൊണ്ടിരിക്കുന്നു. താൻ ഗൂഗിളിൽ ജോലി ചെയ്യവേ ഒരേ സമയം 20 സ്മാർട്ട്ഫോണുകൾ വരെ കൈകാര്യം ചെയ്യേണ്ടിവന്നിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒട്ടുമിക്ക ആളുകളും ഒരു ഫോൺ കൈകാര്യം ചെയ്യാൻ തന്നെ ഏറെ പാടുപെടുമ്പോഴാണ്, സുന്ദർ പിച്ചൈ ഒരേസമയം 20 ഫോണുകൾ ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്, ഇത് പലരെയും അതിശയിപ്പിച്ചു. തന്റെ ജോലിയുടെ ഭാഗമായാണ് ഇത്രയും ഫോണുകൾ ഒരേസമയം ഉപയോഗിക്കേണ്ടിവന്നിരുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.
ഗൂഗിൾ സേവനങ്ങൾ ഈ സ്മാർട്ട്ഫോണുകളിലെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട് എന്ന് തനിക്ക് ഉറപ്പാക്കേണ്ടിയിരുന്നു. അതിനാലാണ് ഇത്രയും ഫോണുകൾ ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. കാലത്തിനൊത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ഗൂഗിളിനെ സഹായിക്കുന്നത് സുന്ദർ പിച്ചൈയെ പോലുള്ള ആളുകളുടെ ഇത്തരം ആത്മാർഥമായ സമർപ്പണം ആണ് എന്നാണ് ഇതിനോട് ആളുകൾ പ്രതികരിക്കുന്നത്.
കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പ്രതികരിച്ചു. കുട്ടികളുടെ സ്ക്രീൻ ടൈം സംബന്ധിച്ച് കർശനമായ നിയമങ്ങളേക്കാൾ നല്ലത് മാതാപിതാക്കൾ വ്യക്തിഗത പരിധികൾ നിശ്ചയിക്കുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ, സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷമെന്ന് പ്രതികരണം സൂചിപ്പിച്ചു.

സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാൽ, താൻ പലപ്പോഴും പാസ്‌വേഡുകൾ മാറ്റാറില്ലെന്നും എന്നാൽ അധിക സുരക്ഷയ്ക്കായി ടു-ഫാക്ടർ ഓതന്റിക്കേഷനെ ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചുള്ള (AI) തന്റെ കാഴ്ചപ്പാടുകളും വെളിപ്പെടുത്തി. തീയും വൈദ്യുതിയുമൊക്കെപ്പോലെ മനുഷ്യരാശി സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യ AI ആയിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസവും രാവിലെ എണീറ്റാൽ താൻ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് ഒരു വെബ്സൈറ്റ് സന്ദർശിക്കുകയാണ് എന്ന് അദ്ദേഹം അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ടെക്‌മീം എന്നായിരുന്നു ആ വെബ്സൈറ്റിന്റെ പേര്. വൺകിട ടെക് കമ്പനികളുടെ വൻകിട മേധാവികൾ അവരുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് സൃഷ്ടിക്കാൻ പിച്ചൈയുടെ അഭിമുഖം സഹായിക്കുന്നു.

ഏതൊരു ഇന്ത്യക്കാരനും അഭിമാനവും പ്രചോദനവും നൽകുന്ന, പിച്ചൈയുടെ ജീവിത നേട്ടങ്ങൾക്കുള്ള അംഗീകാരമായി രാജ്യം 2022 ൽ പത്മഭൂഷൺ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. കഠിനാധ്വാനത്തിലൂടെ ഗൂഗിൾ തലപ്പത്തെത്തിയ പിച്ചൈയുടെ ഔദ്യോഗികമായി മാത്രമല്ല, സാമ്പത്തികമായും ഏറെ മുന്നേറി. ചെന്നൈയിലെ രണ്ടുമുറി വീട്ടിൽനിന്ന് ജീവിതം ആരംഭിച്ച പിച്ചൈ ഇന്ന് താമസിക്കുന്നത് 10,215 കോടി രൂപ മതിപ്പുള്ള വീട്ടിലാണ്.
കാലിഫോർണിയയിലെ സാന്താ ക്ലാര കൗണ്ടിയിലെ ലോസ് ആൾട്ടോസിലെ ഒരു കുന്നിൻ മുകളിൽ 31.17 ഏക്കറിലാണ് പിച്ചൈയുടെ ഈ മണിമാളിക സ്ഥിതിചെയ്യുന്നത്. ആഢംബരത്തിന്റെ പര്യായപദമെന്ന് പിച്ചൈയുടെ ഈ വീടിനെ വിശേഷിപ്പിക്കാം. ഐഐടി ബിരുദധാരിയായ അഞ്ജലിയെ ആണ് സുന്ദർ പിച്ചൈ വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.


Click it and Unblock the Notifications








