പിച്ചൈ പച്ചത്തമിഴൻ ഡാ! ചെന്നൈയുടെ വിജയത്തിൽ ആവേശംകൊണ്ട് ഗൂഗിൾ സിഇഒയും
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിലെ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത ചെന്നൈ സൂപ്പർകിങ്സ് അഞ്ചാം തവണയും ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരുപാട് നേട്ടങ്ങളിലേക്ക് നയിച്ച എംഎസ് ധോണിയെന്ന ഇതിഹാസം ക്യാപ്റ്റനായുള്ള ചെന്നൈ നിരവധി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഐപിഎൽ ടീമാണ്.
തമിഴ്നാടിന് പുറത്തുള്ളവരെയും ചെന്നൈ ആരാധകരാക്കിമാറ്റിയത് ധോണി എന്ന ഇതിഹാസത്തിന്റെ സാന്നിധ്യമാണ്. തമിഴ്നാട്ടുകാർക്ക് സ്വാഭാവികമായും അവരുടെ ടീം ആണ് ഏറ്റവും വലുത്. എങ്കിലും ധോണി എന്ന 'തല'യ്ക്ക് അവർ ടീമിനോളം സ്നേഹവും പ്രാധാന്യവും നൽകുന്നു. ധോണിക്കും ചെന്നൈ ടീം പ്രിയപ്പെട്ടതുതന്നെ. വൈകാരികമായ ഒരു അടുപ്പം തന്നെ ചെന്നൈയും ധോണിയും തമ്മിലുണ്ട്.

ഇന്ത്യ മുഴുവൻ തങ്ങളുടെ ടീമിനെ ഉറ്റുനോക്കാൻ ഒരു കാരണം ധോണിയെന്ന ക്യാപ്റ്റന്റെ സാന്നിധ്യമാണ് എന്ന് തമിഴ്നാട്ടുകാർക്കും അറിയാം. ധോണിക്ക് കീഴിൽ ചെന്നൈ അഞ്ചാമതും കപ്പ് നേടിയതിൽ മതിമറന്ന് ആഹ്ലാദിക്കുകയാണ് ചെന്നൈ ഫാൻസ്. ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് ആരാധകർ ചെന്നൈയ്ക്കായി 'വിസിലടിച്ചു'. അതിലൊരു 'പെരിയ വിസിൽ' ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടേത് ആയിരുന്നു.
സിഎസ്കെയുടെ കടുത്ത ആരാധകരിൽ ഒരാളാണ് പിച്ചൈ. ചെന്നൈയിൽ വളർന്ന പിച്ചൈയ്ക്ക് സിഎസ്കെ പ്രിയപ്പെട്ട ടീം ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഗൂഗിൾ സിഇഒ എന്ന ലോകം ഉറ്റുനോക്കുന്ന പദവിയിൽ ഇരിക്കുമ്പോഴും പിച്ചൈയുടെ ഉള്ളിലെ വ്യക്തി ഒരു പച്ചത്തമിഴൻ ആണ്. തമിഴ്നാടിനോടും ഇന്ത്യയോടുമുള്ള സ്നേഹം അദ്ദേഹം പലതവണ പങ്ക് വച്ചിട്ടുമുണ്ട്.

ഇപ്പോൾ ചെന്നൈയുടെ വിജയം മറ്റ് ചെന്നൈ ആരാധകരെപ്പോലെ പിച്ചൈയെയും ആഹ്ലാദവാനാക്കിയിരിക്കുകയാണ്. ചെന്നൈയെ അഭിനന്ദിച്ചുകൊണ്ട് മത്സരം മികച്ചതായിരുന്നു എന്ന് പിച്ചൈ ട്വീറ്റ് ചെയ്തു. അടുത്തതവണ കൂടുതൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ ജിടിയ്ക്ക് ( ഗുജറാത്ത് ടൈറ്റൻസ് ) കഴിയട്ടെയെന്നും പിച്ചൈ ട്വീറ്റിലൂടെ ആശംസിച്ചു.
മഴ പലപ്പോഴും വില്ലനായി കളിച്ച മത്സരത്തിൽ അവസാന രണ്ട് പന്തിൽ ജയിക്കാനായി 10 റൺസ് ആണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. സമ്മർദ്ദത്തിന്റെ കനം തിങ്ങിനിറഞ്ഞ ക്രീസിൽ ശിവം ദുബെയും രവീന്ദ്ര ജഡേജയും ആണ് ചെന്നൈയ്ക്കായി ഉണ്ടായിരുന്നത്. അഞ്ചാം പന്തിൽ മോഹിത് ശർമയെ ലോങ് ഓണിൽ സിക്സർ പറത്തി ജഡേജ ചെന്നൈ ആരാധകരെ ആവേശത്തിലാക്കി.
അതോടെ എല്ലാ കണ്ണുകളും അവസാന പന്തിലേക്കായി. ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത് ഒരു പന്തിൽ നാല് റൺസ് വേണമെന്നിരിക്കെ, മോഹിത് ശർമയെറിഞ്ഞ പന്ത് അതിർത്തികടത്തി ജഡേജ സിഎസ്കെയ്ക്ക് അഞ്ചാം കിരീടത്തിലേക്ക് വഴിയൊരുക്കി ഹീറോയായി. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരം പിച്ചൈയെയും ആവേശം കൊള്ളിച്ചു. പ്രിയപ്പെട്ട ടീം വിജയിക്കുകകൂടി ചെയ്തതോടെ പിച്ചൈയും ഹാപ്പി!

ചെന്നൈയോട് സുന്ദർ പിച്ചൈയ്ക്കുള്ള സ്നേഹം പലതവണ വ്യക്തമായിട്ടുള്ള കാര്യമാണ്. എന്നാൽ പിച്ചൈയിൽ ഒരു ക്രിക്കറ്റ് പ്രേമി ഉണ്ടെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. ഒരു ഘട്ടത്തിൽ, ക്രിക്കറ്റ് ഒരു കരിയർ ഓപ്ഷനായി താൻ പരിഗണിച്ചിരുന്നുവെന്ന് സുന്ദർ പിച്ചൈ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ അമേരിക്കയിൽ ആയതിനാൽ കൂടുതലായും ഫുട്ബോളാണ് കാണുന്നതെന്നും പിച്ചൈ വെളിപ്പെടുത്തിയിരുന്നു.
1972 ജൂലൈ 12-നു തമിഴ്നാട്ടിലെ മധുരയിൽ രഗുനാഥ പിച്ചൈയുടെയും ലക്ഷ്മിയുടെയും മകനായാണ് സുന്ദർ പിച്ചൈ ജനിച്ചത്. കുട്ടിക്കാലവും വിദ്യാഭ്യാസവുമൊക്കെയായി സുന്ദർ പിച്ചൈ വളർന്നത് ചെന്നൈയിലായിരുന്നു. ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്‌കൂളിലും വനവാണി സ്‌കൂളിലുമായിട്ടായിരുന്നു പഠനം. തുടർന്ന് ഖരഗ്പൂർ ഐഐടിയിൽ ചേരുകയായിരുന്നു. പിന്നീട് ഗൂഗിളിന്റെ ഏറ്റവും ഉന്നതപദവിയിലെത്തിയ പിച്ചൈ ഇപ്പോൾ അമേരിക്കൻ പൗരനാണ്.


Click it and Unblock the Notifications








