ഗൂഗിളിന് ബിഗ് സല്യൂട്ട്! മലയാളി മറന്ന 'ചരിത്ര വനിതയെ' ആദരിച്ചതിന്, 'വിശ്വം' നിറഞ്ഞ് പികെ റോസി

ഇന്ന് ഒരു ചരിത്ര വനിതയുടെ 120-ാം ജന്മദിനമാണ്. ഈ ദിനത്തിൽ ഇന്ന് മലയാളി ആദ്യം നന്ദി പറയേണ്ടത് ഗൂഗിളിനോടാണ്. എന്തിനാണെന്നോ? മലയാളി മറന്ന ഒരു ചരിത്രവനിതയുടെ ജീവിതത്തെ ഡൂഡിലിലൂഡെ ഇന്റർനെറ്റ് ലോകത്തിനാകെ പരിചയപ്പെടുത്തിയതിന്. ഇന്ന് സെർച്ചിങ്ങിനായി ഗൂഗിൾ എടുത്താൽ നിങ്ങൾക്ക് അവിടെയൊരു സ്ത്രീയുടെ ചിത്രം കാണാം. ആരാണ് അത് എന്ന് ഭൂരിഭാഗം മലയാളികൾക്കും അറിവുണ്ടാകില്ല. കാരണം മലയാളി എന്നോ മറന്ന ഒരു പേരും ഓർമയിൽപോലും ഇല്ലാത്തൊരു മുഖവും ആണ് അവിടെ കാണുക. പികെ റോസി. മലയാള സിനിമയുടെ ആദ്യ നായിക.
റോസിയെ ചരിത്രം അടയാളപ്പെടുത്തുന്നത് എങ്ങനെ?
വെറുമൊരു സിനിമാ നടിയായോ, മലയാള സിനിമയിലെ ആദ്യ നായികയായോ മാത്രമല്ല പികെ റോസിയെ ചരിത്രം അടയാളപ്പെടുത്തുന്നത്. മറിച്ച് ജാതീയതയുടെ ക്രൂരമായ അവഗണനയും ആക്ഷേപവും ഏൽക്കേണ്ടിവന്ന ഒരു ചരിത്ര വനിതായായി കൂടിയാണ്. പുത്തൻ നായികമാരുടെയും നായകന്മാരുടെയും പിറന്നാളുകൾ കൊണ്ടാടുന്ന മലയാളി പതിവ്പോലെ തന്നെ ഈ ചരിത്രവനിതയെ അവഗണനയിലൂടെ അപമാനിച്ചപ്പോൾ, ഓർക്കാനും ലക്ഷക്കണക്കിന് വരുന്ന ഇന്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടും വിധം ഇടം നൽകി ആദരിക്കാനും തയാറായി എന്നതിൽ ഗൂഗിളിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇന്ന് നിങ്ങൾ മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള മാധ്യമങ്ങൾ ഒന്ന് പരിശോധിച്ച് നോക്കൂ.
പികെ റോസി ആരായിരുന്നു എന്നും എന്താണ് ചരിത്രത്തിൽ അവരുടെ സ്ഥാനം എന്നും അവിടെ കാണാൻ സാധിക്കും. എന്തിനേറെ പല മലയാള മാധ്യമങ്ങൾ പോലും പികെ റോസി എന്ന പേര് ഇന്ന് ഓർത്തെടുക്കാൻ ഇടയാക്കിയത് പികെ റോസിക്ക് ജന്മവാർഷിക ദിനത്തിൽ ആദരമർപ്പിച്ചുകൊണ്ടുള്ള ഗൂഗിൾ ഡൂഡിൽ ആണ്. വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനാണ് ഡൂഡില്‍ എന്ന് പറയുന്നത്.

വിഗതകുമാരനിലെ നായിക
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായിക എന്ന നിലയിലാണ് പികെ റോസി കേരളത്തിന്റെ ചരിത്ര താളുകളിൽ ആദ്യം ഇടംപിടിച്ചത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്തായിരുന്നു റോസിയുടെ ജനനം. രാജമ്മ എന്നായിരുന്നു ആദ്യപേര്. സ്ത്രീകൾ പലവിധത്തിലുള്ള അടിച്ചമർത്തലുകൾ നേരിട്ട ഒരു കാലഘട്ടത്തിൽ അതിനെയൊക്കെ മറികടന്ന് സിനിമ എന്ന കലാരൂപത്തിലേക്ക് എത്താൻ റോസിയ്ക്ക് സാധിച്ചു. 1930 നവംബർ ഏഴിനാണ് ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍ എന്ന കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രം തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററില്‍ റിലീസ് ചെയ്തത്. സിനിമയിൽ സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി അവതരിപ്പിച്ചത്.
അഭിനന്ദനമല്ല, കിട്ടിയത് കൊടിയ അവഹേളനം
വിഗതകുമാരന്‍റെ രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയൽ ആയിരുന്നു. സിനിമയിൽ അഭിനയിച്ചതിന് അഭിനന്ദനത്തിന് പകരം അവഹേളനമാണ് റോസിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അക്കാലത്ത് നിലനിന്നിരുന്ന ജാതീയചിന്തകൾ റോസിക്ക് സമ്മാനിച്ചത് കയ്പേറിയ ജാതി പീഡനങ്ങളായിരുന്നു. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ നായിക സ്ക്രീനില്‍ വന്നപ്പോഴൊക്കെ കാണികൾ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്തു. തീയറ്ററിന് തീയിട്ട സംഭവവും തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുന്ന അവസ്ഥയും ഉണ്ടായി. പിന്നീട് സവര്‍ണര്‍ അവരെ ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തി.
ഇന്നും അവഗണന തന്നെ!
1988 ല്‍ റോസി മരിച്ചതായാണ് വിവരം. ജാതീയമായ വേട്ടയാടലുകൾക്ക് വിധേയയായ റോസിയെത്തേടി അർഹിക്കുന്ന യാതൊരു അംഗീകാരവും എത്തിയില്ല. ഇന്ന് പലരെയും കൊണ്ടാടുന്ന മലയാളി റോസിയുടെ പേര് പോലും ഓർക്കുന്നില്ല. ഏറെ വെല്ലുവിളി നിറഞ്ഞ കാലത്താണ് റോസി സിനിമയിലെത്തിയത്. എന്നാൽ അഭിനയത്തിന് റോസിക്ക് ജീവിതത്തിൽ ഒരിക്കലും അംഗീകാരം ലഭിച്ചിട്ടില്ല. ഇന്ന് റോസിയുടെ കഥ നിരവധിപേർക്ക് പ്രചോദനമാണെന്നും ഗൂഗിൾ ഡൂഡിലിനൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








