ടെക് ലോകത്തെ മഹാമാമാങ്കം..; ഗൂഗിൾ ഐ/ഒ ഇവന്റിന് ഇനി ദിവസങ്ങൾ മാത്രം | Google I/O 2023
ടെക് ലോകത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നാണ് ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് (Google I/O 2023). മെയ് 10 -നാണ് ഈ വർഷത്തെ ഗൂഗിൾ ഐ/ഒ ഇവന്റ് നടക്കുന്നത്. ഗൂഗിളിന്റെ പുതിയ സർവീസുകൾ, ഡിവൈസുകൾ, ആൻഡ്രോയിഡ് വേർഷനുകൾ എന്നിവയൊക്കെ പ്രഖ്യാപിക്കുന്നതും ഈ ഇവന്റിൽ വച്ചാണ്.
ഈ വർഷവും സമാനമായ രീതിയിൽ തന്നെയാകും ഗൂഗിൾ ഐ/ഒ ഇവന്റ് മുന്നോട്ട് പോകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡിനെക്കുറിച്ചും അനുബന്ധ മേഖലകളെക്കുറിച്ചും ഇവന്റിൽ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും. പുതിയ സ്മാർട്ട്ഫോണുകളും ടാബ്‌ലെറ്റുകളും ഒക്കെ ഗൂഗിൾ ഐ/ഒ ഇവന്റിൽ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഗൂഗിളിന്റെ ശീലം അനുസരിച്ച് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ എല്ലാം ശരിയാകാൻ തന്നെയാണ് സാധ്യത. ഗൂഗിൾ ഐ/ഒ ഇവന്റ് 2023 -ൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്നറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് 14 : പുതിയ ആൻഡ്രോയിഡ് വേർഷനെക്കുറിച്ചും ഒഎസിൽ കൊണ്ട് വന്ന മെച്ചപ്പെടുത്തലുകളും ഗൂഗിൾ ഐഒ ഇവന്റിൽ കമ്പനി പരിചയപ്പെടുത്തും. മുൻ വേർഷനുകളിൽ നിന്നും ആൻഡ്രോയിഡ് 14 -ന് പ്രത്യക്ഷത്തിൽ പറയാൻ വലിയ മാറ്റങ്ങൾ ഒന്നുമില്ല. അതിനാൽ തന്നെ ഇന്റേണലായി വരുത്തിയ പരിഷ്കാരങ്ങളെക്കുറിച്ചാവും കമ്പനിക്ക് വിശദീകരിക്കാൻ ഉണ്ടാകുക. കഴിഞ്ഞ ഫെബ്രുവരിയിൽ ബീറ്റ പ്രോഗ്രാം എന്ന നിലയിൽ വന്ന ആൻഡ്രോയിഡ് 14 ഇപ്പോൾ ചില പിക്സൽ ഫോണുകളിൽ ലഭ്യമാകും.
ഗൂഗിൾ പിക്സൽ 7എ : ഒരുപാട് കാത്തിരിപ്പുകൾക്കൊടുവിൽ ദിവസങ്ങൾക്ക് മുമ്പാണ് പിക്സൽ 7എ ലോഞ്ചിന് എത്തുന്നതായി ഗൂഗിൾ ടീസ് ചെയ്തത്. 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലെ, ടെൻസർ ജി2 ചിപ്പ്സെറ്റ്, 64 എംപി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ടിലൂടെയാകും ഫോണുകൾ വിറ്റഴിക്കുന്നത്. ഐ/ഒ ഇവന്റിൽ പിക്സൽ 7എ സ്മാർട്ട്ഫോണിന്റെ വിലയും വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

ഗൂഗിൾ പിക്സൽ ഫോൾഡ് : ഗൂഗിൾ പിക്സൽ ഫോൾഡിനെക്കുറിച്ചുള്ള റൂമറുകൾക്കിടയിലാണ് ഡിവൈസിന്റെ ടീസർ കമ്പനി പുറത്ത് വിട്ടത്. കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഫോണിന്റെ 360 ഡിഗ്രി വ്യൂ നൽകുന്നതായിരുന്നു ടീസർ. ടീസർ പുറത്ത് വന്നതോടെ ഗൂഗിൾ ഐ/ഒ ഇവന്റിൽ ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന പ്രതീക്ഷകളും ശക്തമായിട്ടുണ്ട്. കാഴ്ചയിൽ പിക്സൽ 7 -നും ഗാലക്സി z ഫോൾഡ് 4 -നും കുഞ്ഞ് ജനിച്ചത് പോലെയാണ് ഗൂഗിൾ പിക്സൽ ഫോൾഡിന്റെ ഡിസൈൻ.
ഗൂഗിൾ പിക്സൽ ടാബ്‌ലെറ്റ് : കഴിഞ്ഞ വർഷത്തെ ഐ/ഒ യിൽ പ്രിവ്യൂ ചെയ്‌തത് മുതൽ പിക്‌സൽ ടാബ്‌ലെറ്റിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ ഐ/ഒ ഇവന്റിൽ ടാബ്‌ലെറ്റ് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാബ്‌ലെറ്റിന്റെ ഏതാനും ഫീച്ചറുകളും സ്പെക്സും ഗൂഗിൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ടാബ്‌ലെറ്റിന്റെ പ്രധാന ഫീച്ചറുകളും വിലയും മാത്രമാണ് ഇനി അറിയാൻ ഉള്ളത്.
ബാർഡും എഐ പ്രതീക്ഷകളും : ബ്രാൻഡിൽ നിന്നുള്ള ഉത്പന്നങ്ങളുടെ പെർഫോമൻസ് മെച്ചപ്പെടുത്താനും യൂസേഴ്സിനെ സഹായിക്കാനും എഐ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഗൂഗിൾ എല്ലാ ഇവന്റിലും വിശദീകരിക്കാറുണ്ട്. ഈ വർഷം ജനറേറ്റീവ് എഐ സാങ്കേതികവിദ്യയ്ക്കും ബാർഡിനുമായിരിക്കും ഗൂഗിൾ കൂടുതൽ പരിഗണന നൽകുക. എല്ലാ ജോലികളും നിർവഹിക്കാൻ കഴിയുന്ന എഐ ചാറ്റ്ബോട്ടുകൾ, ആപ്പുകളിലേക്കും സേവനങ്ങളിലേക്കും എഐ കൊണ്ട് വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഈ വർഷത്തെ ഗൂഗിൾ ഐ/ഒ ഇവന്റിൽ ചർച്ചയാകും.


Click it and Unblock the Notifications








