രഹസ്യമായി പിന്തുടർന്നാൽ ഈസിയായി കണ്ടെത്താം; ആൻഡ്രോയിഡിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
നല്ല ഉദ്ദേശത്തോടെ സൃഷ്ടിക്കപ്പെടുന്ന പലതും ദുരുപയോഗം ചെയ്യപ്പെടുക എന്നത് പലപ്പോഴും സമൂഹത്തിൽ സംഭവിക്കുന്ന കാര്യമാണ്. സ്വന്തം നേട്ടത്തിനായി ചുറ്റുമുള്ളതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചില മനുഷ്യരുടെ കുബുദ്ധിയാണ് ചുറ്റുമുള്ള മനുഷ്യർക്ക് പാരയായി മാറുന്നത്. മനുഷ്യജീവിതം കൂടുതൽ ആയാസരഹിതമാക്കാൻ വികസിപ്പിക്കപ്പെട്ട പല ടെക്നോളജികളും ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
അത്തരത്തിൽ ഒന്നാണ് ആപ്പിളിന്റെ എയർടാഗുകൾ. ബാഗുകളും മറ്റു പ്രധാനപ്പെട്ട വസ്തുക്കളുമൊക്കെ നഷ്ടപ്പെടാതെ സൂക്ഷിക്കാം എന്നതാണ് ആപ്പിളിന്റെ എയർടാഗുകൊണ്ടുള്ള നേട്ടം. എയർടാഗ് ഘടിപ്പിക്കുകവഴി അത് എവിടെയാണ് ഉള്ളതെന്ന വിവരം ഉടമകൾക്ക് അറിയാൻ സാധിക്കുന്നു. എന്നാൽ നല്ല ഉദ്ദേശത്തോടെ അവതരിപ്പിക്കപ്പെട്ട ഈ ഡിവൈസും കുറച്ചുനാളായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.

മറ്റുള്ളവരെ ട്രാക്ക് ചെയ്യാൻ ചിലർ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ആപ്പിൾ എയർടാഗുകൾക്ക് വില്ലൻ പരിവേഷം കൈവന്നു. നിരവധി പേരുടെ മനസമാധാനം കളയുന്ന ഒന്നായി അത് മാറി. പ്രിയപ്പെട്ട വസ്തുക്കൾ കാണാതാകുമ്പോൾ ആളുകൾക്കുണ്ടാകുന്ന വിഷമം ഒഴിവാക്കാൻ സഹായിക്കും എന്ന കണക്കുകൂട്ടലോടെയാണ് ആപ്പിൾ എയർടാഗ് അവതരിപ്പിച്ചത്. എന്നാൽ ദുരുപയോഗം ചെയ്യപ്പെടാൻ തുടങ്ങിയതോടെ നേർ വിപരീതമാണ് സംഭവിച്ചത്.
വസ്തുക്കൾ ട്രാക്ക് ചെയ്യാൻ പുറത്തിറക്കിയ എയർടാഗ്, ആളുകളെ ട്രാക്ക് ചെയ്യാൻ ദുരുപയോഗം ചെയ്തു തുടങ്ങിയത് നിരവധി പേരുടെ സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയർത്തി. ആളുകൾ തങ്ങളുടെ മുൻ പങ്കാളികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പിന്തുടരാൻ ആപ്പിൾ എയർ ടാഗുകൾ ഉപയോഗിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം മിക്ക കേസുകളിലും എയർടാഗ്/ മറ്റ് ട്രാക്കിംഗ് ഉപകരണൾ ഇരയുടെ ബാഗിലോ കാറിലോ അവരുടെ അറിവില്ലാതെ രഹസ്യമായി സ്ഥാപിച്ചാണ് ട്രാക്കിങ് നടത്തിയിരുന്നത്. ഇത്തരം സംഭവങ്ങൾ തലവേദനയായതോടെ ട്രാക്കിങ് ഡിവൈസുകൾ കണ്ടെത്താനും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും ആപ്പിളും ഗൂഗിളും കൈകോർക്കുന്ന ഘട്ടം വരെ എത്തി. ഒടുവിൽ ആ നീക്കം ഫലം കണ്ടിരിക്കുകയാണ്.
തങ്ങളുടെ I/O 2023 ഇവന്റിൽ പ്രഖ്യാപിച്ച ട്രാക്കിങ് മുന്നറിയിപ്പ് ഫീച്ചർ ഇപ്പോൾ ഗൂഗിൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുറത്തിറക്കി. പുതിയ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ, ഒരു അജ്ഞാത ബ്ലൂടൂത്ത് ട്രാക്കർ നമുക്ക് സമീപമെത്തിയാൽ ആൻഡ്രോയിഡ് ഫോൺ അത് കണ്ടെത്തുകയും അതേപ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ആൻഡ്രോയിഡ് ഫോൺ നൽകുന്ന ട്രാക്കിങ് മുന്നറിയിപ്പിൽ ടാപ്പ് ചെയ്താൽ, ട്രാക്കറിനെക്കുറിച്ച് കൂടുതലറിയാനും ട്രാക്കർ തങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ മാപ്പ് കാണാനും ഉപയോക്താക്കൾക്ക് സാധിക്കും. ട്രാക്കറിന്റെ ഉടമ അറിയാതെ ട്രാക്കിങ് ഡിവൈസ് കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ട്രാക്കർ ശബ്ദമുണ്ടാക്കുമെന്നും ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ വിശദീകരിച്ചു.
അലേർട്ട് ലഭിച്ചുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് അജ്ഞാത ബ്ലൂടൂത്ത് ട്രാക്കറിനെക്കുറിച്ച് കൂടുതലറിയാനും നടപടിയെടുക്കാനുമുള്ള ടിപ്സുകളും പുതിയ ഫീച്ചർ നൽകും. ഉദാഹരണത്തിന്, ഉപയോക്താക്കളുടെ ഫോണിന്റെ പിൻഭാഗത്ത് ഉപകരണം കൊണ്ടുവരുമ്പോൾ, ചില ബ്ലൂടൂത്ത് ട്രാക്കറുകൾ അവരുടെ സീരിയൽ നമ്പർ കാണിക്കും. കൂടാതെ, ഫോൺ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ പോലെ ഉപകരണത്തിന്റെ ഉടമയെക്കുറിച്ചുള്ള ചില വിവരങ്ങളും പങ്കിടും.
ട്രാക്കർ ഡിവൈസ് ആരുടേതാണെന്നും അത് ട്രാക്ക് ചെയ്യാൻ മനപ്പൂർവ്വം ഉപയോഗിക്കുന്നതാണോ അതോ അബദ്ധത്തിൽ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന് കണ്ടെത്താൻ ഇത് ഉപയോക്താക്കളെ സഹായിച്ചേക്കാം. ഏതെങ്കിലും ട്രാക്കറുകൾ സമീപത്ത് ഉണ്ടോയെന്ന് പരിശോധിക്കാൻ ഗൂഗിൾ ഒരു മാനുവൽ സ്കാൻ ഫീച്ചർ നിർമ്മിച്ചിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ ലളിതമാണ്.

ട്രാക്കർ സ്കാൻ ചെയ്യാനുള്ള വഴി: സെറ്റിങ്സ് → സേഫ്റ്റി & എമർജൻസി → അൺനോൺ ട്രാക്കർ അലേർട്ട് → സ്കാൻ നൗ എന്നതിൽ ടാപ്പ് ചെയ്യുക. അതോടെ സ്കാനിങ് ആരംഭിക്കും. മാനുവൽ സ്കാൻ പൂർത്തിയാകാൻ 10 സെക്കൻഡ് മാത്രമാണെടുക്കുക. സ്കാനിങ് കഴിയുമ്പോൾ സമീപത്തുള്ള ട്രാക്കിങ് ഡിവൈസുകളുടെ ലിസ്റ്റ് കാണാൻ സാധിക്കും.
ഈ ലിസ്റ്റിലുള്ള ട്രാക്കറിൽ ടാപ്പ് ചെയ്താൽ അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള ടിപ്സുകളും ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ആൻഡ്രോയിഡ് 6.0-ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലാണ് ഈ ഫീച്ചർ ലഭ്യമാകുക. പുതിയ ഫീച്ചർ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കുകയും ട്രാക്കറുകളിൽനിന്ന് സംരക്ഷണവും സമാധാനവും നൽകുകയും ചെയ്യുന്നു.


Click it and Unblock the Notifications








