ഗൂഗിളിന്റെ ഭൂകമ്പ മുന്നറിയിപ്പ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു! ലഭിക്കുക ഈ ആൻഡ്രോയിഡ് ഫോണുകളിൽ
പ്രകൃതി ദുരന്തങ്ങൾ മനുഷ്യന് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്ക് കണക്കില്ല. സുനാമി പോലെ ഇന്ത്യക്കാർ ഭയക്കുന്ന മറ്റൊരു പ്രകൃതി ദുരന്തമാണ് ഭൂകമ്പം. പല തവണയായി ഉണ്ടായ ചെറുതും വലുതുമായ ഭൂകമ്പങ്ങൾ ഇന്ത്യക്ക് കനത്ത നാശം ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ ഭൂകമ്പത്തെ നേരിടാൻ സാധ്യമായ എല്ലാ വഴികളും ഇന്ത്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഭൂകമ്പത്തെപ്പറ്റിയുള്ള മുൻകൂർ മുന്നറിയിപ്പുകൾ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കും. ഇത്തരം ഒരു മുന്നറിയിപ്പ് സംവിധാനം ഇപ്പോൾ ഇന്ത്യക്കാർക്ക് ലഭ്യമായിരിക്കുകയാണ്. എങ്ങനെയെന്നാൽ, ഗൂഗിളിന്റെ ഏറ്റവും ഉപയോഗപ്രദമായ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു ബ്ലോഗ്പോസ്റ്റിൽ ഗൂഗിൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2020ൽ ഗൂഗിൾ അവതരിപ്പിച്ച ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആണ് ഇപ്പോൾ ഇന്ത്യയിലെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻഡിഎംഎ), ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) എന്നിവയുമായി സഹകരിച്ചാണ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ ആരംഭിച്ചിരിക്കുന്നതെന്ന് ബ്ലോഗ്പോസ്റ്റിൽ ഗൂഗിൾ വിവരിക്കുന്നു.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ ബിൽറ്റ്-ഇൻ സെൻസറുകൾ ( അവ ആക്‌സിലറോമീറ്ററുകൾ എന്നറിയപ്പെടുന്നു ) ഉപയോഗിച്ചാണ് ആൻഡ്രോയിഡ് ഭൂകമ്പ അലേർട്ട് സിസ്റ്റം പ്രവർത്തിക്കുന്നത്. ഈ ആക്സിലറോമീറ്ററുകൾക്ക് മിനിയേച്ചർ സീസ്മോമീറ്ററുകളായി പ്രവർത്തിക്കാൻ കഴിയുമെന്ന് ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ പരാമർശിക്കുന്നു. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.
പ്ലഗ്-ഇൻ ചെയ്‌തതും ചാർജ് ചെയ്യുന്നതുമായ ആൻഡ്രോയിഡ് ഫോൺ ഭൂകമ്പത്തിന്റെ പ്രാരംഭ ഭൂചലനങ്ങൾ കണ്ടെത്തുമ്പോൾ, അത് ആ ഡാറ്റ ഒരു സെൻട്രൽ സെർവറിലേക്ക് അയയ്‌ക്കുന്നുവെന്ന് ഗൂഗിൾ ബ്ലോഗിൽ വിശദീകരിക്കുന്നു. ഒരേ പ്രദേശത്തുള്ള ഒന്നിലധികം ഫോണുകൾ സമാനമായ പ്രകമ്പനം കണ്ടെത്തുകയാണെങ്കിൽ, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും വ്യാപ്തിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സെർവറിന് കണക്കാക്കാനാകും.
തുടർന്ന്, സമീപത്തുള്ള ആൻഡ്രോയിഡ് ഡിവൈസുകളിലേക്ക് ഇത് അതിവേഗം മുന്നറിയിപ്പുകൾ അയയ്ക്കുന്നു. ഈ അലേർട്ടുകൾ ഇൻറർനെറ്റിലൂടെ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നു, കൂടുതൽ തീവ്രമായ കുലുക്കത്തിന് മുമ്പ് പലപ്പോഴും ഈ മുന്നറിയിപ്പ് ഉപയോക്താക്കളിലേക്ക് എത്തുന്നു. ഉപയോക്തൃ സൗഹൃദമായിട്ടാണ് ഈ അലേർട്ട് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് പിന്തുണയ്‌ക്കുന്ന വിവിധ ഇന്ത്യൻ ഭാഷകളിൽ മുന്നറിയിപ്പ് ലഭ്യമാകും.
വിവിധ ഭാഷകളിൽ ലഭ്യമാകും എന്നതിനാൽ തന്നെ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകൾക്കും ഈ ഫീച്ചർ വഴിയുള്ള മുന്നറിയിപ്പ് മനസിലാക്കാൻ സാധിക്കും. ഏതൊക്കെ ആൻഡ്രോയിഡ് ഫോണുകളിൽ ഈ സംവിധാനം ലഭ്യമാകും എന്നും ഗൂഗിൾ വിശദീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 5 അല്ലെങ്കിൽ അതിന് മുകളിലേക്കുള്ള പുതിയ ആൻഡ്രോയിഡ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാകും.

വരും ആഴ്ചകളിൽ ആകും ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിൽ ഈ ഫീച്ചർ പ്രവർത്തന ക്ഷമമാകുക. ഈ ഫീച്ചർ വഴി മുന്നറിയിപ്പ് ലഭിക്കണമെങ്കിൽ ഉപയോക്താവിന്റെ സ്മാർട്ട്ഫോണിൽ ഡാറ്റ കണക്ഷൻ ഉണ്ടായിരിക്കണം. അത് വൈഫൈ ഡാറ്റയോ സെല്ലുലാർ ഡാറ്റയോ ആകാം. ഡാറ്റ ഉണ്ടായിരിക്കണം എന്നുമാത്രമല്ല, ഭൂകമ്പ മുന്നറിയിപ്പ് നോട്ടിഫിക്കേഷനും ലെക്കേഷൻ സെറ്റിങ്സും എനേബിൾ ആയിരിക്കണം.
ഭൂകമ്പ മുന്നറിയിപ്പ് വേണ്ട എന്നുള്ളവർക്ക് നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. തൊട്ടടുത്ത ഭൂകമ്പ സാധ്യതാ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് മുൻകരുതൽ എടുക്കാനുള്ള സൗകര്യവും ഈ ഫീച്ചറിൽ ഉണ്ടെന്നാണ് ഗൂഗിൾ വിവരിക്കുന്നത്. ഭൂകമ്പ മുന്നറിയിപ്പുകളും സുരക്ഷാ വിവരങ്ങളും സമയബന്ധിതമായി നൽകുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ വിജയിപ്പിക്കാൻ NDMA-യുമായുള്ള ഗൂഗിളിന്റെ സഹകരണം ലക്ഷ്യമിടുന്നു.
ഭൂകമ്പത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഗൂഗിൾ നൽകുന്ന പിന്തുണ ഗൂഗിളിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നു. ഇതിനു മുമ്പ് ഗൂഗിൾ സെർച്ചിലൂടെയും മാപ്‌സിലൂടെയും വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സുരക്ഷാ വിവരങ്ങൾ ജനങ്ങൾക്ക് നൽകാനും എൻഡിഎംഎയുമായി ഗൂഗിൾ സഹകരിച്ചിരുന്നു. പുതിയ ഫീച്ചറിലൂടെ ഭൂകമ്പ മുന്നറിയിപ്പുകൾ നേരത്തെ അറിയുകവഴി ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുൻകരുതലുകളെടുക്കാനും പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കാനും കഴിയും.


Click it and Unblock the Notifications








