ഹൊ ആകെ കൺഫ്യൂഷനായല്ലോ, ഗൂഗിളിന്റെ വരെ 'റിലേ' പോയി; എഐ ചിത്രം തിരിച്ചറിയാൻ ഒരു വഴിയുമായി പിച്ചൈ ടീം!
എഐ( AI) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ടെക്നോളജി രംഗത്തെ ഏറ്റവും പ്രധാന ശാഖയായി മാറിയിരിക്കുകയാണ്. എഐയുടെ കഴിവുകൾ പ്രയോജനപ്പെടുത്തി തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ചെറുതുമുതൽ വലുതുവരെയുള്ള എല്ലാ ടെക്നോളജികളും മത്സരിക്കുന്നു. ഗൂഗിൾ, ഓപ്പൺഎഐ, മൈക്രോസോഫ്ട് തുടങ്ങിയവരൊക്കെ ഈ മത്സരത്തിന്റെ മുൻനിരയിലുണ്ട്.
ഓപ്പൺഎഐ കമ്പനി ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ടിലൂടെ തുറന്നുവിട്ട എഐ തരംഗം മറ്റ് ടെക്നോളജി കമ്പനികളും ഏറ്റെടുക്കുകയായിരുന്നു. അതുവരെ സാധാരണഗതിയിൽ പോയിരുന്ന ഗൂഗിളിന്റെ അടക്കം എഐ ഗവേഷണങ്ങൾ ചാറ്റ്ജിപിടിയുടെ വരവോടെ ഉടച്ചുവാർക്കപ്പെട്ടു. ചാറ്റ്ജിപിടി ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ ഗൂഗിൾ അതിവേഗം ബാർഡ് എന്ന ബദൽ എഐ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.

ഇന്ന് എന്തിലും ഏതിലും എഐയുടെ സാന്നിധ്യം കാണാം. നിരവധി ഗുണങ്ങൾ ഉണ്ട് എന്നതുപോലെ എഐക്ക് നിരവധി ദോഷങ്ങളും ഉണ്ട്. സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനും എഐക്ക് നിസാരമായി സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. എഐയുടെ ശേഷി തെറ്റായ കൈകളിൽ എത്തുന്ന ഒഴിവാക്കുക എന്നതാണ് ഇന്ന് ടെക്നോളജി രംഗം നേരിടുന്ന പ്രധാന വെല്ലുവിളി.
എഐയുടെ വരവോടെ ഏറെ വളർച്ച ഉണ്ടായ ഒരു മേഖലയാണ് ചിത്രനിർമാണം. കമാൻഡ് നൽകിയാൽ വളരെ എളുപ്പത്തിൽ ഉദ്ദേശിക്കുന്ന ചിത്രം സൃഷ്ടിക്കാൻ എഐക്ക് സാധിക്കുന്നു. എഐ കഴിവുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്ന ധാരാളം സോഫ്ട്വേറുകൾ ഇന്ന് ലഭ്യമാണ്. ഇവയിൽ പലതും ആളുകൾ വളരെ എളുപ്പത്തിൽ ആക്സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
ഫോട്ടോഷോപ്പ് ചിത്രങ്ങൾക്കൊക്കെ ഒരു പരിധിയും പരിമിതികളും ഉണ്ടായിരുന്നു. എന്നാൽ എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് അദ്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് ഇന്ന് നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്തെ ചിലപ്പോഴൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഇന്ന് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് ഒറിജിനൽ ചിത്രമേത്, എഐ നിർമിച്ച ചിത്രമേത് എന്ന് തിരിച്ചറിയാനാണ്.
കണ്ടുപിടിക്കാൻ കഴിയാത്ത വിധമുള്ള ചിത്രങ്ങൾ എഐയുടെ മികവ് എന്നതിനെക്കാൾ, അപകടം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എഐ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന വ്യാജ ചിത്രങ്ങൾ പലപ്പോഴും ടെക്നോളജിക്ക് പോലും കണ്ടെത്താൻ കഴിയുന്നില്ല. ഈ അപകടം തിരിച്ചറിഞ്ഞ ഗൂഗിൾ ഇപ്പോൾ ഒരു പുതിയ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എഐ ചിത്രങ്ങൾ തിരിച്ചറിയാൻ അതിൽ വാട്ടർമാർക്ക് നൽകാനാണ് ഗൂഗിളിന്റെ നീക്കം.
എന്നാലിത് സാധാരണ ചിത്രങ്ങളിൽ കാണും വിധം മനുഷ്യൻ നോക്കിയാൽ കാണാവുന്നതായിരിക്കില്ല. അത്തരം വാട്ടർമാർക്കുകൾ നീക്കാൻ സോഫ്ട്വെയറുകൾ ലഭ്യമാണ്. എന്തൊക്കെ ചെയ്താലും 'ഇത് എഐ ഇമേജ് ആണ്' എന്ന് മനസിലാക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു ഫീച്ചറാണ് ഗൂഗിൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. എഐ കഴിവ് പ്രയോജനപ്പെടുത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഇതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നു.
എഐ ചിത്രങ്ങൾ തിരിച്ചറിയാൻ സിന്ത്ഐഡി (SynthID) എന്ന ഒരു വാട്ടർമാർക്കിംഗ് രീതിയാണ് ഗൂഗിൾ പുതിയതായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്മൈൻഡ് ( DeepMind) ആണ് ഈ ഫീച്ചർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സിന്ത്ഐഡി എന്നത് ഒരു ചിത്രത്തിന്റെ പിക്സലുകളിൽ ഉൾച്ചേർത്ത ഡിജിറ്റൽ വാട്ടർമാർക്ക് ആണ്. ഇത് മനുഷ്യന്റെ കണ്ണിന് കണ്ടെത്താൻ സാധിക്കില്ല.
എന്നാൽ കമ്പ്യൂട്ടറുകൾക്ക് എഐ ചിത്രങ്ങളിലെ ഈ സിന്ത്ഐഡി വാട്ടർമാർക്ക് കണ്ടെത്താൻ സാധിക്കും. ചിത്രങ്ങളുടെ വലുപ്പം, ദൃശ്യതീവ്രത, നിറം എന്നിവയിൽ മാറ്റം വരുത്തുമ്പോൾ പോലും അദൃശ്യമായ വാട്ടർമാർക്ക് ഫലപ്രദമായി സൃഷ്ടിക്കും. ഈ ചിത്രങ്ങൾ പിന്നീട് ഗൂഗിളിന്റെ സോഫ്‌റ്റ്‌വെയർ വഴി തിരിച്ചറിയാൻ കഴിയും. എഡിറ്റ് ചെയ്‌താലും ഈ ചിത്രങ്ങൾ എഐ ജനറേറ്റ് ചെയ്‌തതാണെന്ന് കാണിക്കും.
സിന്ത്ഐഡി നിലവിൽ ബീറ്റ ഘട്ടത്തിലാണ്. ഇമേജെൻ (Imagen) ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത വെർടെക്‌സ് എഐ ഉപഭോക്താക്കൾക്ക് മാത്രമേ സിന്ത്ഐഡി എന്ന പുതിയ ടൂൾ ലഭ്യമാകൂ. മിഡ്‌ജോർണി, ഡാൾ-ഇ എന്നിവയ്ക്ക് സമാനമായി Google വികസിപ്പിച്ച ടെക്‌സ്‌റ്റ്-ടു-ഇമേജ് ഡിഫ്യൂഷൻ മോഡലാണ് ഇമേജെൻ. ഇമേജൻ നിർമ്മിക്കുന്ന സിന്തറ്റിക് ഇമേജുകൾക്ക് ഒരു അദൃശ്യ വാട്ടർമാർക്ക് നൽകാൻ സിന്തിഐഡിക്ക് കഴിയും.
സിന്ത്ഐഡി നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ആഭ്യന്തരമായി നടത്തിയ പരീക്ഷണങ്ങളിൽ സിന്ത്ഐഡി മികച്ച റിസൾട്ടാണ് നൽകിയത്. എന്നാൽ ഇത് പറയുന്നത് പൂർണമായും വിശ്വസിക്കാനാകുന്ന നിലയിലേക്ക് എത്തിയിട്ടില്ല. വാട്ടർമാർക്ക് ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ആഴത്തിലുള്ള പഠന മാതൃകകൾ സിന്ത്ഐഡി ഉപയോഗിക്കുന്നുണ്ട്. എഐ നിർമിത വ്യാജ ചിത്രങ്ങൾ കണ്ടെത്താൻ ഈ സംവിധാനം ഫലപ്രദമാണ് എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
"ഞങ്ങൾ സിന്ത്ഐഡി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അത് ചിത്രത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. ഫിൽട്ടറുകൾ ചേർക്കൽ, നിറങ്ങൾ മാറ്റൽ, വിവിധ ലോസി കംപ്രഷൻ സ്‌കീമുകൾ ഉപയോഗിച്ച് സംരക്ഷിക്കൽ തുടങ്ങിയ എഡിറ്റിങ്ങുകൾക്ക് ശേഷവും വാട്ടർമാർക്ക് തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും. JPEG-കൾക്കായി ഇവ ഉപയോഗിക്കുന്നു," എന്ന് ഡീപ്മൈൻഡ് പത്രക്കുറിപ്പിൽ പറയുന്നു.

മെറ്റാഡാറ്റ ഉപയോഗിച്ചാണ് സിന്ത്ഐഡി തിരിച്ചറിയുന്നത്. ഇത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതികളിലൊന്നാണ്, ആരാണ് ഉള്ളടക്കം സൃഷ്ടിച്ചത്, എപ്പോൾ തുടങ്ങിയ വിവരങ്ങൾ മെറ്റാ ഡാറ്റ നൽകുന്നു. ഈ വിവരങ്ങൾ ഇമേജ് ഫയലിൽ സംഭരിച്ചിരിക്കുന്നു, കൂടാതെ മെറ്റാഡാറ്റയിൽ ചേർത്ത ഡിജിറ്റൽ സിഗ്നേച്ചറുകൾക്ക് ഒരു ചിത്രം മാറ്റിയിട്ടുണ്ടോ എന്ന് കാണിക്കാൻ കഴിയും.
സിന്ത്ഐഡിയുടെ വാട്ടർമാർക്ക് ഇമേജിന്റെ പിക്സലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, മെറ്റാഡാറ്റ നഷ്‌ടപ്പെടുമ്പോൾ പോലും അത് കണ്ടെത്താനാകും. സിന്ത്ഐഡിക്ക് മൂന്ന് തലത്തിലുള്ള സ്ഥിരീകരണമുണ്ട്. ഡിജിറ്റൽ വാട്ടർമാർക്ക് ഡിറ്റക്ടഡ്, ഡിജിറ്റൽ വാട്ടർമാർക്ക് നോട്ട് ഡിറ്റക്ടഡ്, ഡിജിറ്റൽ വാട്ടർമാർക്ക് പോസിബിലി ഡിറ്റക്ടഡ് എന്നിവയാണ് അവ. വാട്ടർമാർക്കിംഗും വാട്ടർമാർക്കിങ് തിരിച്ചറിയലും സിന്ത്ഐഡിയുടെ പണിയിൽ ഉൾപ്പെടുന്നു.
എഐ സൃഷ്ടിച്ച ചിത്രങ്ങൾ തിരിച്ചറിയാനുള്ള ഗൂഗിളിന്റെ ഈ നീക്കം ഒരു സന്നദ്ധ കരാറിന്റെ ഭാഗമായിക്കൂടി സൃഷ്ടിക്കപ്പെട്ടതാണ്. എഐ വെല്ലുവിളികൾ വ്യാപകചർച്ചയായ സാഹചര്യത്തിൽ ഓപ്പൺഎഐ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുൾപ്പെടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഏഴ് കമ്പനികൾ അമേരിക്കയിൽ ഒരു സന്നദ്ധ കരാറിൽ ഒപ്പുവച്ചു.
എഐയുടെ സുരക്ഷിതമായ വികസനവും ഉപയോഗവും ഉറപ്പുനൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ. ഈ കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കമ്പ്യൂട്ടർ സൃഷ്ടിച്ച ചിത്രങ്ങൾ തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്നതിന് വാട്ടർമാർക്കുകൾ നടപ്പിലാക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ, വാട്ടർമാർക്ക് ഇല്ലാത്ത എഐ നിർമിത ചിത്രങ്ങൾക്ക് ചൈന നിരോധനം ഏർപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications








