ശരീരത്തിലെ പാടുകൾ തിരിച്ചറിയാൻ ഗൂഗിൾലെൻസ് സഹായിക്കുമെന്ന് ഗൂഗിൾ
ഏറെ പ്രയോജനപ്രദമായ നിരവധി ഫീച്ചറുകൾ ഉപയോക്താക്കൾക്കായി ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇവയെപ്പറ്റി കാര്യമായ ധാരണകൾ ഇല്ലാത്തതിനാൽ പലർക്കും അവശ്യഘട്ടങ്ങളിൽ ഈ ഫീച്ചറുകൾ പ്രയോജനപ്പെടുത്താനാകുന്നില്ല. ഗൂഗിൾ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഗൂഗിൾ ലെൻസ്. എന്നാൽ പലർക്കും ഗൂഗിൾ ലെൻസിന്റെ സാധ്യതകളെപ്പറ്റി കാര്യമായ അറിവില്ല.
അതിനാൽത്തന്നെ അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ പോകുന്നു. ''നിങ്ങൾക്ക് അത് കാണാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് അത് തിരയാം''- തങ്ങളുടെ ഗൂഗിൾ ലെൻസ് എന്ന ആശയത്തെ ഗൂഗിൾ ലളിതമായി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. നമ്മുടെ കണ്ണിൽക്കാണുന്ന എന്ത് വസ്തുവിനെപ്പറ്റിയും അറിയാനും മനസിലാക്കാനും നമ്മെ സഹായിക്കാൻ ഗൂഗിൾ ലെൻസിന് കഴിയും.

ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രമോ, സ്ക്രീൻഷോട്ടോ ഗൂഗിൾ ലെൻസ് വഴി സെർച്ച് ചെയ്താൽ അവയെപ്പറ്റി ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെല്ലാം ഗൂഗിൾ നിങ്ങളുടെ മുന്നിലെത്തിക്കും. ഒരു ചിത്രത്തിന് ആയിരം വാക്കുകളെക്കാൾ ശക്തിയുണ്ടെന്നും ഓരോ മാസവും ഗൂഗിൾ ലെൻസിൽ 12 ബില്യണിലധികം വിഷ്വൽ സെർച്ചുകൾ വരുന്നതായും ഗൂഗിൾ പറയുന്നു.
ഗൂഗിൾ ലെൻസിന്റെ പ്രയോജനം പങ്കുവച്ചുകൊണ്ട് ഗൂഗിൾ ഇപ്പോൾ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഗൃഹപാഠം ചെയ്യുന്നതു മുതൽ, ബോർഡിലെ അടയാളങ്ങളും, മെനുവും വരെ വിവർത്തനം ചെയ്യാനും, എന്തിനേറെ മനുഷ്യ ശരീരത്തിലെ ചർമ്മത്തിന്റെ അവസ്ഥകൾ തിരിച്ചറിയാൻ വരെ ലെൻസിന് സാധിക്കുമെന്ന് ഗൂഗിൾ വിവരിക്കുന്നു. നിത്യജീവിതത്തിൽ ഗൂഗിൾ ലെൻസ് ഉപയോഗപ്പെടുത്താൻ ഗൂഗിൾ പരിചയപ്പെടുത്തിയ വഴികൾ ഇതാ.

ചർമ്മത്തിന്റെ പ്രശ്നങ്ങൾ കണ്ടെത്താം: ശരീരത്തിൽ എന്തെങ്കിലും പാടുകളോ അസാധാരണമായ മാറ്റങ്ങളോ കണ്ടാൽ അത് എന്താണ് എന്ന് അറിയാതെ പലരും ഭയപ്പെടാറുണ്ട്. അതേപ്പറ്റി കൃത്യമായി മറ്റുള്ളവരോട് വിവരിക്കാനും കഴിഞ്ഞെന്നുവരില്ല. ഇത്തരം സന്ദർഭങ്ങളിൽ ചർമ്മത്തിന്റെ ചിത്രമെടുത്ത് ലെൻസ് വഴി സെർച്ച് ചെയ്താൽ, പ്രശ്നം എന്താണെന്ന് തിരിച്ചറിയാൻ ഇപ്പോൾ ലെൻസിന് സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു.
ബോർഡുകളും മറ്റും വിവർത്തനം ചെയ്യുക: യാത്രകൾക്കിടെ ഭാഷ അറിയാത്ത സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ അവിടെയുള്ള ബോർഡുകൾ വായിക്കാൻ ലെൻസ് ഉപയോഗിക്കാൻ സാധിക്കുമെന്ന് ഗൂഗിൾ ഓർമപ്പെടുത്തുന്നു. ലെൻസിലെ ഫിൽട്ടർ ബോർഡിലെ ടെക്സ്സ് വിശകലനം ചെയ്ത് നമ്മുടെ ഭാഷയിൽ ദൃശ്യമാക്കും എന്നാണ് ഗൂഗിൾ പറയുന്നത്. ഇതുവഴി ഭാഷാ പ്രശ്നം മറികടക്കാമെന്നും ബ്ലോഗിൽ ചൂണ്ടിക്കാണിക്കുന്നു.
ഹോം വർക്ക് ചെയ്യാം: ഹോം വർക്ക് ചെയ്യുന്നതിനിടെ കണക്കിലോ, ഹിസ്റ്ററിയിലോ സയൻസിലോ ഉള്ള സംശയങ്ങൾക്ക് ലെൻസിലെ ഹോംവർക്ക് ഹെൽപ്പ് ഉപയോഗിക്കാമെന്ന് ഗൂഗിൾ ഓർമിപ്പിക്കുന്നു. ഗൃഹപാഠത്തിന്റെ ചിത്രം പങ്കുവച്ച് ലെൻസ് വഴി സെർച്ച് ചെയ്താൽ അത് മനസിലാക്കാൻ സഹായകമായ നിർദേശങ്ങൾ ലഭ്യമാകും. ഇഷ്ടമുള്ള ഭാഷയിൽ മറുപടി ലഭിക്കുന്നതിനുള്ള സംവിധാനവും ലഭ്യമാണെന്ന് ഗൂഗിൾ പറയുന്നു.
കൊതിപ്പിച്ചത് കണ്ടെത്തി വാങ്ങാം: ലെൻസിന്റെ പ്രയോജനമായി ഗൂഗിൾ ചൂണ്ടിക്കാട്ടുന്ന മറ്റൊരുകാര്യം പേര് അറിയില്ലെങ്കിലും ഇഷ്ടമുള്ള സാധനം എവിടെയുണ്ടെന്ന് കണ്ടെത്തി വാങ്ങാം എന്നതാണ്. വാങ്ങേണ്ട സാധനത്തിന്റെ ചിത്രം ലെൻസ് വഴി സെർച്ച് ചെയ്താൽ അത് ലഭിക്കുന്ന തൊട്ടടുത്ത സ്ഥലങ്ങൾ കണ്ടെത്താൻ സാധിക്കും. ഓൺലൈനിൽ അവ കണ്ടെത്തി ഓഡർ ചെയ്യാനും സാധിക്കും.
വ്യത്യസ്ത മോഡലുകൾ കണ്ടെത്താം: ഇഷ്ടപ്പെട്ട ഒരു സാധനത്തിന്റെ വ്യത്യസ്ത മോഡലുകൾ കണ്ടെത്താനും ലെൻസ് ഫീച്ചർ സഹായിക്കും. ഉദാഹരണത്തിന് നമുക്ക് ഒരു ഷർട്ട് ഡിസൈൻ ഇഷ്ടപ്പെട്ടു. അതേ ഡിസൈനിൽ നിങ്ങൾക്ക് ഇഷ്ടപ്പട്ട കളറിൽ ഷർട്ട് ലഭിക്കുമോ എന്ന് കണ്ടെത്താൻ ലെൻസ് സഹായിക്കും. ലെൻസിലെ മൾട്ടി സെർച്ചിങ് ഓപ്ഷനിലൂടെ വാക്കുകളും ചിത്രവും ഉപയോഗിച്ചും മനസിൽ ഉദ്ദേശിക്കുന്നവ കണ്ടെത്താം.

സ്വാദിഷ്ടമായ ഭക്ഷണം കണ്ടെത്താം: പേരറിയില്ലെങ്കിലും ഇഷ്ടമുള്ള, രുചിയറിയണമെന്ന് ആഗ്രഹം തോന്നിയ ഭക്ഷണങ്ങൾ എവിടെ ലഭിക്കുമെന്ന് കണ്ടെത്താൻ ലെൻസ് ഉപയോഗിക്കാവുന്നതാണ്. പ്രാദേശിക റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണം പോലെ സമീപത്തുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനും മൾട്ടിസെർച്ച് സഹായിക്കും. അതിനായി ഭക്ഷണത്തിന്റെ ചിത്രം ലെൻസ് വഴി സെർച്ച് ചെയ്താൽ മതി.
കാഴ്ചകളെ അറിയുക: ഒരു പ്രദേശത്ത് എത്തുമ്പോൾ അവിടെ അപരിചിതമായ എന്തെങ്കിലും കണ്ണിലുടക്കിയാൽ അതേപ്പറ്റി വിവരിക്കാൻ അറിയാത്തതിനാൽ മറ്റുള്ളവരോട് ചോദിക്കാൻ കഴിഞ്ഞെന്നുവരില്ല. അത്തരം സന്ദർഭങ്ങളിൽ അവയുടെ ചിത്രമെടുത്ത് ലെൻസ് വഴി സെർച്ച് ചെയ്താൽ ലഭ്യമായമുഴുവൻ വിവരങ്ങളും കൺമുന്നിലെത്തും. ഉദാഹരണത്തിന് പേരറിയാത്ത ചെടിയാണ് കാണുന്നതെങ്കിൽ അത് നിങ്ങളുടെ വീട്ടിൽ വളരുമോ എന്നതടക്കമുള്ള കാര്യങ്ങളറിയാൻ ലെൻസ് സഹായിക്കും.
ഗൂഗിൾ ബാർഡ് എത്തിയതോടെ ഗൂഗിൾ ലെൻസിന്റെ കഴിവുകൾ ഏറെ മെച്ചപ്പെട്ടു. ബാർഡ് വികസിക്കുന്നതിന് അനുസരിച്ച് കൂടുതൽ കാര്യങ്ങൾക്ക് മികച്ച രീതിയിൽ ഗൂഗിൾ ലെൻസ് ഉപയോഗിക്കാമെന്നും ഗൂഗിൾ പറയുന്നു. ചിത്രങ്ങളിലെ ടെക്സ്റ്റ് കോപ്പി ചെയ്യാനും വിവർത്തനം ചെയ്യാനും നിരവധി പേർ ഇപ്പോൾ ഗൂഗിൾ ലെൻസ് ഉപയോഗിക്കാറുണ്ട്.


Click it and Unblock the Notifications








