ഗൂഗിൾ മാപ്പ് ചതിച്ചു; തകർന്ന പാലത്തിന് മുകളിൽ വണ്ടി കയറ്റിയ യുവാവ് മരിച്ചു, ഗൂഗിളിനെതിരെ കേസ് നൽകി ഭാര്യ
ഗൂഗിൾ മാപ്പിൽ നൽകിയിരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് പാലം തകർന്ന് യുവാവിന് ജീവൻ നഷ്ടപ്പെട്ടു. യുഎസിലെ നോർത്ത് കരോലിനയിൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് മരണപ്പെട്ട ആളുടെ കുടുംബം ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഈ മാസം ആണ് സംഭവം നടന്നത്.
മെഡിക്കൽ ഉപകരണ വിൽപ്പനക്കാരനും യുഎസ് നേവിയിലെ വെറ്ററനുമായിരുന്ന ഫിലിപ്പ് പാക്‌സൺ എന്നയാൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. മകളുടെ ജന്മദിന പാർട്ടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട് മക്കളുടെ പിതാവ് കൂടിയാണ് മരണപ്പെട്ട ഫിലിപ്പ് പാക്‌സൺ. തന്റെ സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു ഫിലിപ്പും കുടുംബവും മകളുടെ പിറന്നാൾ പാർട്ടി തയ്യാറാക്കിയിരുന്നത്. പാർട്ടി കഴിഞ്ഞ് ഫിലിപ്പിന്റെ ഭാര്യയും മക്കളും നേരത്തെ വീട്ടിലേക്ക് പോയി.

അതേ സമയം ഫിലിപ്പ് സുഹൃത്തിന്റെ വീട് വൃത്തിയാക്കനും സഹായിക്കാനും നിന്നതോടെ ഏറെ വൈകിയാണ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് സ്വന്തം വീട്ടിലേക്ക് പോകാനായി ഫീലിപ്പ് ഗൂഗിൾ മാപ്പിന്റെ സഹായം ആശ്രയിക്കുകയായിരുന്നു. ഗൂഗിൾ മാപ്പ് കാണിച്ചിരുന്ന വഴിയിൽ തർന്നിരിക്കുന്ന ഒരു പാലവും ഉണ്ടായിരുന്നു. ഈ പാലത്തിന് സമീപം തകർച്ചയെ സൂചിപ്പിക്കുന്ന സൈൻ ബോർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തുടർന്ന് തടർന്നിരിക്കുന്ന ഈ പാലത്തിലൂടെ ഇദ്ദേഹം വണ്ടി കയറ്റി. ഇവിടെ നിന്ന് ഏകദേശം 20 അടി താഴ്ചയിലേക്ക് ഈ പാലം തകർന്ന് വീഴുകയായിരുന്നു. പുഴയിൽ വീണ ഫീലിപ്പ് രക്ഷപെടാൻ സാധിക്കാതെ മുങ്ങി മരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഫിലിപ്പിന്റെ ഭാര്യ അലിസിയ പാക്‌സൺ നിയമനടപടിയുമായി ഗൂഗിളിനെതിരെ രംഗത്ത് വന്നത്. നിരവധി യാത്രക്കാരെ ഗൂഗിൾ മാപ്പ് ഈ പാലത്തിന് മുകളിൽ കയറ്റിയിട്ടുണ്ടെന്ന് അലിസിയ പറയുന്നു.

2020 മുതൽ തന്നെ ഈ പ്രദേശത്തെ ആളുകൾ പാലത്തിന്റെ അപകടാവസ്ഥ ഗൂഗിൾ മാപ്പിനെ അറിയിക്കാനായി സജ്ജസ്റ്റ് ആൻ എഡിറ്റ് എന്ന് ഓപ്ഷൻ ഉപയോഗിച്ചെന്നും ഇത് സ്ഥിരീകരിച്ച് ഗൂഗിളിൽ നിന്ന് ഇ മെയിൽ ലഭിച്ചിട്ടും മാപ്പിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. നിരവധി കാലമായി ഈ പാലം ഇതേ അവസ്ഥയിൽ ആണെന്നും പക്ഷെ ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് ആപ്പ് യാതൊരുവിധ മുന്നറിയിപ്പ് നൽകുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
നാവിഗേഷൻ ആപ്പ് ദാതാക്കൾ ശുപാർശ ചെയ്യുന്ന റൂട്ടുകളുടെ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഈ വെളിപ്പെടുത്തൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അതേ സമയം ഗൂഗിളിന്റെ ഭാഗത്ത് നിന്ന് അനുശോചനം അറിയിച്ച് ഗൂഗിളിന്റെ വക്താവ് ജോസ് കാസ്റ്റനേഡ രംഗത്ത് എത്തിയിട്ടുണ്ട്. ഗൂഗിൾ മാപ്പിൽ കൃത്യമായ റൂട്ടിംഗ് വിവരങ്ങൾ നൽകുക എന്നതാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഇദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അലിസിയ പാക്‌സൺ കമ്പനിക്കെതിരായി നൽകിയിരിക്കുന്ന കേസ് അവലോകനം ചെയ്തുകൊണ്ട് ഇരിക്കുകയാണെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഇതിന് അടിയന്തര പ്രാധാന്യം നൽകുമെന്നും ഇദ്ദേഹം പറഞ്ഞു. നേരത്തെ ഇത്തരത്തിൽ പല വാർത്തകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വണ്ടി പുഴയിൽ വീണതായും മറ്റും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ സംഭവങ്ങളിൽ ആർക്കും ജീവൻനഷ്ടപ്പെട്ടിരുന്നില്ല. കേരളത്തിലും ഇത്തരം സമഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം വർക്കലയിൽ ആയിരുന്നു ഈ സംഭവം റിപ്പോർട്ട് ചെയ്തത്. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് വണ്ടി പുഴയിൽ ചാടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വണ്ടിക്ക് കാര്യമായി കേടുപാടുകൾ സംഭവിച്ചത് അല്ലെതെ ആളുകൾക്ക് കാര്യമായി പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. സമീപത്ത് സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തത് ആയിരുന്നു അപകടത്തിന് പ്രധാന കാരണമായത്.


Click it and Unblock the Notifications