ഇനി ഗൂഗിൾ മാപ്പിൽ വഴി തെറ്റില്ല; പുതിയ എഐ സാങ്കേതികവിദ്യയിൽ വഴി നേരിട്ടെന്ന പോലെ കാണാം
പലപ്പോഴും മാധ്യമങ്ങളിൽ വന്നിരിക്കുന്ന വാർത്തകളിൽ ഒന്നാണ് ഗൂഗിൾ മാപ്പിനെ പിന്തുടർന്ന് സംഭവിക്കുന്ന അപകടങ്ങൾ. ഇത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള പുതിയ മാർഗവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പുതിയ മാറ്റം നടപ്പിലാക്കാൻ പ്ലാറ്റ്ഫോം തയ്യാറാകുന്നത്. റോഡുകളുടെ ഇമ്മേഴ്സിവ് വ്യൂ ഉൾപ്പെടെ നൽകിക്കൊണ്ട് അയിരിക്കും പുതിയ മാറ്റം നടപ്പിലാക്കുക.
പുതിയ ബ്ലോഗ് പോസ്റ്റ് വഴി ഗൂഗിൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ എർത്തിൽ ലഭിക്കുന്ന സ്ട്രീറ്റ് വ്യൂ എന്ന ഫീച്ചറും ഗൂഗിൾ മാപ്പിൽ കൊണ്ടുവന്നേക്കാം. എളുപ്പത്തിൽ പിന്തുടരാവുന്ന ഡ്രൈവിംഗ് ദിശകൾ, മാപ്‌സിലെ ഗൂഗിൾ ലെൻസ് എന്നിവയെല്ലാം പുതിയ മാറ്റത്തിലെ പ്രത്യേകതകൾ ആയിരിക്കും. പുതിയ ഫീച്ചറുകൾ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും എന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. നിലവിൽ ചില പ്രമുഖ നഗരങ്ങളിൽ റോഡുകളുടെ ഇമ്മേഴ്സിവ് വ്യൂ ഗൂഗിൾ മാപ്പിൽ ലഭിക്കുന്നുണ്ട്.

ഇവ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാനാണ് ഗൂഗിൾ ശ്രമിക്കുന്നത്. യാത്രക്കാർക്ക് പോകേണ്ട സ്ഥലം നേരിട്ട് സന്ദർശിക്കുന്നതിന് മുമ്പ് സ്ഥലത്തിന്റെ 3D വ്യൂ കാണാനും പുതിയ മാറ്റത്തിലൂടെ സാധിക്കുന്നതായിരിക്കും. ഇതിന് പുറമെ സ്ഥലത്തിന്റെ ഏരിയൽ വ്യൂവും കാണാൻ സാധിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഗൂഗിൾ ലെൻസ് വഴിയായിരിക്കും ഇത് കാണാൻ സാധിക്കുക.
നിലവിൽ ലോകത്തിലെ അമ്പതോളം പ്രമുഖ നഗരങ്ങളിൽ ലെൻസ് ഇൻ മാപ്പ് ഫീച്ചർ ലഭ്യമാണ്. ഒഗ്മെന്റ് റിയാലിറ്റിക്ക് സാമാനമായ അനുഭവം ഈ ലെൻസ് ഇൻ മാപ്പ് ഫീച്ചർ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് പോകേണ്ട സ്ഥലം, പരിസരം എന്നിവയെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ലഭിക്കുന്നതായിരിക്കും. ഗൂഗിൾ മാപ്പിന്റെ സർച്ച് ബാറിലെ ഐക്കണിൽ ആയിരിക്കും ലെൻസ് ഇൻ മാപ്പ് എന്ന ഫീച്ചർ സ്ഥിതി ചെയ്യുക.

MOST READ: ഫോൺ കോളിലൂടെ യുപിഐ പണമിടപാട് നടത്താം; നെറ്റും വേണ്ട ബാങ്ക് സെർവറും വേണ്ട
ഇതിന് പുറമെ നിങ്ങളുടെ പരിസരത്തുള്ള എടിഎം, ട്രാൻസിറ്റ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ആശുപത്രി തുടങ്ങിയെല്ലാം മാപ്പിൽ പ്രത്യേകം കാണാൻ സാധിക്കുന്നതായിരിക്കും. നേരത്തെ ഇവ തിരിച്ചറിയണമെങ്കിൽ ഇവ പ്രത്യേകം സർച്ച് ചെയ്യണമായിരുന്നു. എന്നാൽ പുതിയ മാറ്റം നടപ്പിലാക്കുന്നതോടെ ഇവയെല്ലാം ഓട്ടോമാറ്റിക്ക് ആയി തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. മാത്രമല്ല പുതിയ റോഡ്, പുഴ എന്നിവയെക്കുറിച്ചും അറിയിപ്പുകൾ ലഭിക്കുന്നതായിരിക്കും.
യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിലാണ് ഈ മാറ്റം ആദ്യം എത്തുക. ഇതിന് ശേഷമായിരിക്കും ഇന്ത്യ ഉൾപ്പെടെയുള്ള വിവധ രാജ്യങ്ങളിൽ ഇവ എത്തു. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്ക് പുറമെ വാഹനങ്ങളിലെ ഗൂഗിൾ ബിൽറ്റ്-ഇൻ ഉപകരണങ്ങളിലും ഈ മാറ്റങ്ങൾ ലഭിക്കുന്നതായിരിക്കും. പുതിയ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് വലിയ രീതിയിലുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്യും എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
നേരത്തെ ഗൂഗിൾ മാപ്പിലെ നിർദേശം അനുസരിച്ച് നടത്തിയ ചില യാത്രകളിൽ നിരവധി അപകടങ്ങൾ കേരളത്തിൽ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം പുതിയ അപ്ഡേറ്റ് വരുന്നതോടെ പരിഹരിക്കപ്പെടും എന്നും ഗൂഗിൾ പ്രതീക്ഷിക്കുന്നു. അതേ സമയം അടുത്തിടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ഫീച്ചർ ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദീർഘദൂര കെഎസ്ആർടിസി ബസുകളുടെ സമയം അറിയാനുള്ള ഫീച്ചർ ആയിരുന്നു ഇവർ അവതരിപ്പിച്ചത്.
ഗൂഗിളിന്റെ ട്രാൻസിസ്റ്റ് സംവിധാനം വഴിയാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ 1200 സൂപ്പർ ക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെ വിവരങ്ങൾ ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്തുകഴിഞ്ഞു. ബസുകളിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സംവിധാനം വഴിയാണ് ഇവ ട്രാക്ക് ചെയ്യുന്നത്. ഇതുവഴി ബസിന്റെ സമയം, ലൈവ് ലൊക്കേഷൻ എന്നിവയെല്ലാം യാത്രക്കാർക്ക് അറിയാൻ സാധിക്കുന്നതായിരിക്കും. ഗൂഗിൾ മാപ്പിന് പുറമെ കെഎസ്ആർടിസിയുടെ ആപ്പായ കെഎസ്ആർടിസി നിയോയിലും ഈ സൗകര്യങ്ങൾ ലഭിക്കുന്നതാണ്.


Click it and Unblock the Notifications







