നാളെയുടെ ടെക്നോളജിയെ ഇന്നേ അറിയാം; ഭാവി രക്ഷപ്പെടും! സൗജന്യ എഐ കോഴ്സുകളുമായി ഗൂഗിൾ ക്ലൗഡ്
നാളെയുടെ ടെക്നോളജി എന്ന വിശേഷണത്തിൽനിന്ന് ഇന്നിന്റെ അദ്ഭുതം എന്ന നിലയിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവുകൾ ദിനംപ്രതി വർധിച്ച് വരികയാണ്. മനുഷ്യജീവിതത്തെ ടെക്നോളജിയുമായി അത്രമേൽ അടുപ്പിക്കാൻ എഐയോളം കഴിവുള്ള മറ്റൊന്നും ഇന്ന് ലോകത്ത് നിലവിലില്ല. ടെക്നോളജി മേഖല ഇന്ന് എഐക്ക് നൽകുന്ന പ്രാധാന്യവും അത്രയ്ക്ക് വലുതാണ്.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിനോദം, സംസ്കാരം തുടങ്ങി മനുഷ്യജീവനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇന്ന് എഐയുടെ കടന്നുകയറ്റം കാണാം. വൻകിട ടെക്നോളജി കമ്പനികളെല്ലാംതന്നെ തങ്ങളുടെ സേവനങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാൻ എഐ ടെക്നോളജി ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളിലാണ്. അതിനാൽത്തന്നെ എഐ കൂടുതൽ കരുത്തനാകുകയാണ്.

ഇത്രയും തരംഗമായി മാറിയ എഐ ടെക്നോളജിയെപ്പറ്റി അറിയുകയും മനസിലാക്കുകയും ചെയ്യുന്നത് മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് ഏറെ അനിവാര്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽ അന്വേഷിക്കുന്നവരും ഭാവിയിൽ തൊഴിൽ അന്വേഷിക്കാൻ തയാറെടുക്കുന്ന വിദ്യാർഥികളും എഐയെപ്പറ്റി നിർബന്ധമായും പഠിക്കേണ്ടിയിരിക്കുന്നു. കാരണം ഇനിയുള്ള നാളുകൾ എഐയുടേത് ആണ്.
അതിനാൽത്തന്നെ എഐ എന്താണ് എന്ന് അറിയുകയും മനസിലാക്കുകയും ചെയ്യാതെ നാളെകളിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. ടെക്നോളജി കേന്ദ്രീകൃതമായ ജീവിത വ്യവസ്ഥകളിലേക്കാണ് ലോകം നടന്നടുക്കുന്നത്. ഇപ്പോൾ ടെക്നോളജി ലോകത്തെ നയിക്കുന്നതാകട്ടെ എഐയും. അതിനാൽത്തന്നെ നാളെകളിൽ മുന്നേറണം എന്ന് ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇപ്പോൾത്തന്നെ എഐയെ തേടിപ്പോകേണ്ടിയിരിക്കുന്നു.

എഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ അറിയുന്ന ജീവനക്കാരെ നിയമിച്ചാൽ മതി എന്ന്ചില കമ്പനികൾ തീരുമാനിച്ച വാർത്ത ഇതിനകം എത്തിയിട്ടുണ്ട്. എഐയുടെ വരവോടെതന്നെ തൊഴിൽ മേഖലയിൽ നിരവധി പേർക്ക് ജോലിപോകുമെന്ന് ഉറപ്പായി. അതിനിടെ എഐ എന്താണ് എന്ന് അറിയുകകൂടി ഇല്ലെങ്കിൽ ജോലിയെപ്പറ്റി ചിന്തിക്കുകയേ വേണ്ട എന്ന അവസ്ഥയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെപ്പറ്റിയുള്ള ചെറിയൊരു അറിവുപോലും ഇന്ന് ഏറെ പ്രധാനമാണ്. എഐയുടെ ഈ പ്രാധാന്യവും ആളുകൾക്കിടയിൽ ചെലുത്താൻ സാധ്യതയുള്ള സ്വാധീനവും തിരിച്ചറിഞ്ഞ ഗൂഗിൾ ക്ലൗഡ് ഇപ്പോൾ തങ്ങളുടെ സ്‌കിൽ ബൂസ്റ്റ് പ്ലാറ്റ്‌ഫോമിൽ സൗജന്യ എഐ കോഴ്‌സുകൾ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ്. എഐയുമായി ബന്ധപ്പെട്ട ഒൻപതോളം കോഴ്സുകൾ ആണ് ഗൂഗിൾ സൗജന്യമായി പഠിപ്പിക്കുക.
ജനറേറ്റീവ് എഐ, ലാർജ് ലാങ്വേജ് മോഡലുകൾ(LLM), ഇമേജ് ജനറേഷൻ തുടങ്ങിയ അത്യാധുനിക എഐ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു. എഐയെപ്പറ്റിയുള്ള അറിവ് വർദ്ധിപ്പിക്കാനോ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പുതിയ കഴിവുകൾ സ്വന്തമാക്കാനോ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരമാണ് ഗൂഗിൾ ക്ലൗഡ് ഒരുക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ആർക്കും ഈ കോഴ്സുകൾ സൗജന്യമായി പഠിക്കാൻ കഴിയും. ഇവയിൽ മിക്കതും ഏകദിന കോഴ്‌സുകളാണ് എന്ന സൗകര്യവുമുണ്ട്. പൂർത്തിയാകുമ്പോൾ, ഗൂഗിൾ ഒരു വെർച്വൽ ബാഡ്‌ജ് വാഗ്ദാനം ചെയ്യും, അത് ഗൂഗിൾ ക്ലൗഡ് സ്‌കിൽസ് ബൂസ്റ്റ് പ്രൊഫൈലിൽ പ്രദർശിപ്പിക്കും. ഇത് ഭാവിയിൽ ഏറെ ഉപകാരപ്പെടാൻ സാധ്യതയുണ്ട്.
ഈ കോഴ്‌സുകൾ വളരെ ലളിതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു വീഡിയോയും തുടർന്ന് ഒരു ക്വിസും ഉണ്ടായിരിക്കും. കോഴ്‌സുകളിൽ ചിലതിന് അധിക ഡോക്യുമെന്റേഷനും ഉണ്ട്, ഒരു കോഴ്‌സ് ഒരു ലാബ് ഉൾക്കൊള്ളുന്നുവെങ്കിൽ, ഒരു ഉപയോക്താവിന് ഒരു വ്യക്തിഗത സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടിവരും അല്ലെങ്കിൽ വിവിധ കാമ്പെയ്‌നുകളിൽ പങ്കെടുത്ത് അത് സൗജന്യമായും അൺലോക്ക് ചെയ്യാം.
ഒരു മാസത്തെ ഗൂഗിൾ ക്ലൗഡ് സ്കിൽ സബ്സ്ക്രിപ്ഷന് 29 ഡോളർ ആണ് ചിലവ്. വാർഷിക പ്ലാനിന് 299 ഡോളർ ചെലവ് വരും. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ഇഷ്ടമുള്ള കോഴ്സുകളും വാങ്ങാം. ഗൂഗിൾ നൽകുന്ന സൗജന്യ എഐ കോഴ്സുകൾ ഏതൊക്കെയാണ് എന്ന് താഴെ പരിചയപ്പെടാം.

ഇൻട്രൊഡക്ഷൻ ടു ജനറേറ്റീവ് എഐ, ഇൻട്രൊഡക്ഷൻ ടു ലാർജ് ലാങ്വേജ് മോഡൽസ്, ഇൻട്രൊഡക്ഷൻ ടു റെസ്പോൺസിബിൾ എഐ, ഇൻട്രൊഡക്ഷൻ ടു ഇമേജ് ജനറേഷൻ, എൻകോഡ്-ഡീകോഡ് ആർക്കിടെക്ചർ, അറ്റെൻഷൻ മെക്കാനിസം, ട്രാൻസ്ഫോർമർ മോഡൽസ് ആൻഡ് ബിഇആർടി മോഡൽ, ക്രിയേറ്റീവ് ഇമേജ് ക്യാപ്ഷനിങ് മോഡൽസ്, ഇൻട്രൊഡക്ഷൻ ടു ജനറേറ്റീവ് എഐ സ്റ്റുഡിയോ, ജനറേറ്റീവ് എഐ എക്സ്പ്ലോറർ-വെർടെക് എഐ(Quest).
ഇത്രയുമാണ് ഗൂഗിൾ ക്ലൗഡ് സ്‌കിൽ ബൂസ്റ്റ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന എഐ കോഴ്സുകൾ. എഐയെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ കോഴ്സിന്റെ ഭാഗമാകാൻ സാധിക്കും. ജോലി ലക്ഷ്യമിടുന്നില്ല എങ്കിൽക്കൂടി ലോകം ചർച്ച ചെയ്യുന്ന ഒരു ടെക്നോളജിയെപ്പറ്റി പ്രാഥമിക അറിവുകൾ സ്വന്തമാക്കണമെന്ന ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.


Click it and Unblock the Notifications







