ഗൂഗിള്‍ ഏഷ്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററുകള്‍ തുറന്നു; ഇന്ത്യക്കും ചൈനയ്ക്കും അയിത്തം

Posted By:

ആഗോള ടെക് ഭീമന്‍മാരായ ഗൂഗിള്‍ ഏഷ്യയില്‍ ആദ്യമായി ഡാറ്റസെന്ററുകള്‍ തുറന്നു. തായ്‌വാനിലും സിംഗപ്പൂരിലുമാണ് ഡാറ്റാസെന്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം അനുദിനം കുതിച്ചുയരുന്ന ഇന്ത്യയിലും ചൈനയിലും ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്നും ഗൂഗിള്‍ പറഞ്ഞു.

നിയമത്തിന്റെ നൂലാമാലകള്‍ ഏറെയുണ്ടെന്നതാണ് ഇന്ത്യയെ അവഗണിക്കാന്‍ കാരണമെങ്കില്‍ കടുത്ത സെന്‍സര്‍ഷിപ്പ് വ്യവസ്ഥകളാണ് ചൈനയിലേക്കില്ലെന്നു പറയാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗം കണക്കിലെടുത്താണ് ഡാറ്റ സെന്ററുകള്‍ സ്ഥാപിച്ചത്.

2014 ആകുമ്പോഴേക്കും ഏഷ്യ -പെസഫിക് രാജ്യങ്ങളിലെ ഡാറ്റ ട്രാഫിക് 68 ശതമാനം ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വേഗതയുള്ള ഇന്റര്‍നെറ്റ് ലഭ്യമാകണമെങ്കില്‍ ഡാറ്റ സെന്റര്‍ അടുത്തുതന്നെ വേണം. ദൂരം കൂടുന്നത് വേഗതയെ പ്രതികൂലമായി ബാധിക്കും.

ഇക്കാരണത്താലാണ് ഏഷ്യയില്‍ ഡാറ്റസെന്റര്‍ സ്ഥാപിക്കുന്നതെന്ന് ഗൂഗിള്‍ ഡാറ്റ സെന്റര്‍ വൈസ് പ്രസിഡന്റ് ജോ കാവ പറഞ്ഞു. ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നതിനുള്ള ചെലവ്, സാങ്കേതിക വിദ്യ, വിദഗ്ധ തൊഴിലാളികളുടെ സേവനം, രാജ്യത്തിന്റെ പ്രൈവസി പോളിസികള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് തായ്‌വാനും സിംഗപ്പൂരും ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തായ്‌വാനിലെ ഡാറ്റാസെന്ററിന് 600 മില്ല്യന്‍ ഡോളറാണ് ഗൂഗിള്‍ ചെലവഴിച്ചത്. അതേസമയം സിംഗപ്പൂരില്‍ 120 മില്ല്യന്‍ ഡോളര്‍ മാത്രമാണ് കമ്പനിയുടെ മുടക്ക്. തായ്‌വാനിലെ ഡാറ്റാസെന്റര്‍ ഉദ്ഘാടനം വന്‍ ആഘോഷമായിത്തന്നെ കൊണ്ടാടിയപ്പോള്‍ സിംഗപ്പൂരില്‍ കാര്യമായ ചടങ്ങുകള്‍ ഒന്നും ഉണ്ടായില്ല.

സിംഗപ്പൂര്‍ ഗവണ്‍മെന്റ് കഴിഞ്ഞ മെയില്‍ അവതരിപ്പിച്ച പുതിയ ചില നിബന്ധനകളില്‍ ഗൂഗിള്‍ തൃപ്തരല്ലാത്തതാണ് ഇതിനു കാരണമെന്നും കരുതുന്നു.

ഗൂഗിള്‍ തായ്‌വാനിലും സിംഗപ്പൂരിലും സ്ഥാപിച്ച ഡാറ്റാ സെന്ററുകളുടെ ചിത്രങ്ങള്‍ ചുവടെ.

ഗൂഗിള്‍ ഏഷ്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററുകള്‍ തുറന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot