ഇങ്ങോട്ട് കാശ് തന്നത് പഴങ്കഥ! റീച്ചാർജ് ചെയ്യുന്നതിന് ഗൂഗിൾ പേ ഫീസ് ഈടാക്കിത്തുടങ്ങി, നിരക്കുകൾ ഇതാ
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ആപ്പുകളുടെ വരവോടെ റീച്ചാർജുകളും മറ്റും അനായാസമായി മാറി. പേയ്മെന്റുകൾ നടത്താൻ മാത്രമല്ല, അധികമായി പണം ചെലവഴിക്കാതെ ആർക്കും എളുപ്പത്തിൽ റീച്ചാർജ് ചെയ്യാനും ബില്ലുകൾ അടയ്ക്കാനും യുപിഐ ആപ്പുകൾ സഹായിച്ചിരുന്നു. എന്നാൽ പേടിഎം, ഫോൺപേ എന്നീ പ്ലാറ്റ്ഫോമുകൾ പിന്നീട് ഇതിന് നിരക്കീടാക്കിത്തുടങ്ങി.
എന്നാൽ ഗൂഗിൾ പേ( Google Pay) ഇത്തരം ഫീസുകൾ ഒന്നും ഈടാക്കാതെ റീച്ചാർജ് ചെയ്യാനുള്ള അവസരം തുടർന്നു. എന്നാൽ ഇപ്പോൾ ഗൂഗിൾ പേയിലും കൺവീനിയൻസ് ഫീസ് എന്ന പേരിൽ റീച്ചാർജിന് അധിക തുക ഈടാക്കി തുടങ്ങി. ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

എന്നാൽ നിലവിൽ ഗൂഗിൾ പേ റീച്ചാർജുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസർ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇക്കാര്യം പലരുടെയും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾപേ ഇപ്പോൾ കൺവീനിയൻസ് ഫീസ് ഈടാക്കിത്തുടങ്ങിയിരിക്കുന്നത്.
60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്റ് ആപ്പാണ് ഗൂഗിൾ പേ. തങ്ങളുടെ പ്ലാറ്റ്ഫോം വഴി റീച്ചാർജ് ചെയ്യുന്നവർക്കായി ആകർഷകമായ ക്യാഷ്ബാക്ക് കൂപ്പണുകളും മറ്റും ഗൂഗിൾപേ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതിലെല്ലാം ഉപരിയായി, ടെലിക്കോം കമ്പനിയുടെ പ്ലാനിലുള്ള നിശ്ചിത തുക മാത്രം അടച്ചാൽ മതി എന്നതായിരുന്നു ഗൂഗിൾ പേ റീച്ചാർജിന്റെ നേട്ടം.

എന്നാൽ ഇനി മുതൽ ഗൂഗിൾ പേ വഴി റീച്ചാർജ് ചെയ്യുമ്പോൾ പ്ലാൻ തുകയെക്കാൾ അധിക തുക നൽകേണ്ടിവരും. ജിയോയുടെ 749 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ചെയ്തപ്പോൾ 3 രൂപ കൺവീനിയൻസ് ഫീസ് ഇനത്തിൽ നൽകേണ്ടിവന്നു എന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്തയാൾ പങ്കുവച്ച സ്ക്രീൻ ഷോട്ട് വ്യക്തമാക്കുന്നു.
നൂറ് രൂപ വരെ ചെലവ് വരുന്ന റീച്ചാർജുകൾക്ക് അധിക ഫീസ് നൽകേണ്ടതില്ല. 101 രൂപ മുതൽ 200 രൂപ വരെയുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 3 രൂപ നൽകണം. നിലവിൽ, മൊബൈൽ റീചാർജുകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ.
ഗൂഗിൾ പേ വഴിയുള്ള വൈദ്യുതി ബിൽ പേയ്‌മെന്റുകൾ പോലുള്ള മറ്റ് ഇടപാടുകൾ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകൾക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകൾക്കും നിലവിൽ അധിക തുക നൽകേണ്ടതില്ല. കൺവീനിയൻസ് ഫീസായി നിസാര തുകമാത്രം നൽകിയാൽ മതി എന്ന് ഇപ്പോൾ തോന്നുമെങ്കിലും ഭാവിയിൽ ഈ തുക വർധിപ്പിച്ചേക്കാം.

ഗൂഗിൾ പേ നിലവിൽ എല്ലാ വരിക്കാർക്കും കൺവീനിയന്റ് ഫീസ് ഏർപ്പടുത്തിയിട്ടില്ല. ഘട്ടം ഘട്ടമായാണ് കൺവീനിയന്റ് ഫീസ് അവതരിപ്പിക്കുന്നത് എന്ന് വേണം കരുതാൻ. അധികം വൈകാതെ എല്ലാ ഉപയോക്താക്കളും റീച്ചാർജിന് ഈ അധിക തുക നൽകേണ്ടിവരും. ഈ ഫീസ് ഒഴിവാക്കുന്നതിന്, ഉപയോക്താക്കൾക്ക് തങ്ങളുടെ ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പിൽനിന്നോ വെബ്‌സൈറ്റിൽനിന്നോ നേരിട്ട് റീചാർജ് ചെയ്യാവുന്നതാണ്.
എല്ലാ ടെലിക്കോം കമ്പനികൾക്കും ഔദ്യോഗിക ആപ്പുകൾ ഉണ്ട്. ഈ ആപ്പുകൾ വഴി അനായാസം പ്ലാനുകൾ റീച്ചാർജ് ചെയ്യാൻ സാധിക്കും. മാത്രമല്ല, തങ്ങളുടെ ആപ്പുകളിലേക്ക് വരിക്കാരെ ആകർഷിക്കുന്നതിനായി മികച്ച ആനുകൂല്യങ്ങളും ടെലിക്കോം കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ഈ ആപ്പുകൾ ഉപയോഗിക്കാം.


Click it and Unblock the Notifications








