വഴിയിൽ കളയേണ്ട, ആപത്തിൽ തുണയാകും! പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഡാഷ്ക്യാം ആക്കാൻ ഗൂഗിൾ
പുത്തൻ സ്മാർട്ട്ഫോണുകൾ ദിവസവും പുറത്തിറങ്ങുന്ന ഇക്കാലത്ത്, വാങ്ങി 1-2 വർഷം കഴിയുമ്പോഴേക്ക് പഴയ സ്മാർട്ട്ഫോൺ മാറ്റി പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ഏറെയാണ്. അപ്പോൾ ആ പഴയ സ്മാർട്ട്ഫോൺ എന്തുചെയ്യും. നന്നായി പ്രവർത്തിക്കാൻ ശേഷിയുള്ളതാണെങ്കിൽപ്പോലും മിക്കവരും ആ പഴയ ഫോണുകൾ വെറുതെ വയ്ക്കുകയാണ് പതിവ്.
എന്നാൽ ഇത്തരം പഴയ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ദൈനംദിന യാത്രകളിൽ ഏറെ സഹായകമാകുന്ന ഒരു ഡാഷ്ക്യാം സൃഷ്ടിക്കാനും അതുവഴി ഒറിജിനൽ ഡാഷ്ക്യാം സ്ഥാപിക്കുമ്പോഴുള്ള ചെലവ് ലാഭിക്കാനും ഒറിജിനലിനെക്കാൾ റിസൾട്ട് നേടാനും സാധിച്ചാൽ എങ്ങനെ ഉണ്ടാകും. സംഗതി ഗംഭീരമാകില്ലേ, എങ്കിൽ കേട്ടുകൊള്ളൂ. അങ്ങനെയൊരു മാറ്റം ഉടൻ ഉണ്ടായേക്കും.

പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഭാവിയിൽ വാഹനങ്ങളിലെ ഡാഷ്ക്യാമിന് പകരമായി റോഡിലെ ദൃശ്യങ്ങൾ പകർത്താൻ കഴിയും വിധത്തിൽ ഉപയോഗിക്കാനുള്ള ചില നീക്കങ്ങൾ ഗൂഗിൾ നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് 9to5google.com റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ സ്വന്തം ഗൂഗിൾ പിക്സൽ ഫോണുകൾ ഉപയോഗിച്ചാണ് ഗൂഗിൾ ഈ പരീക്ഷണങ്ങൾ നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
അടുത്തിടെ ഗൂഗിൾ പ്ലേസ്റ്റോറിൽ എത്തിയ ഒരു ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഡീകംപൈൽ ചെയ്ത ഒരു ടെക് സ്പെഷ്യലിസ്റ്റാണ് പഴയ പിക്സൽ സ്മാർട്ട്ഫോണുകൾ ഡാഷ്ക്യാമാക്കി മാറ്റാനുള്ള ഒരു സാധ്യത കണ്ടെത്തിയത്. നിലവിൽ കാറുകളിലും മറ്റും ഉപയോഗിക്കുന്ന ഡാഷ്ക്യാമുകളെക്കാൾ ഏറെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിച്ചുള്ള ഡാഷ്ക്യാമുകൾക്ക് കഴിയും എന്നാണ് വിലയിരുത്തൽ.

ആൻഡ്രോയിഡും പ്ലേസ്റ്റോറും പിക്സൽ ഫോണുകളുമെല്ലാം സ്വന്തം കസ്റ്റഡിയിൽത്തന്നെ ഉള്ളവ ആയതിനാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഡാഷ്ക്യാമായും ഉപയോഗിക്കാൻ കഴിയുന്ന നിലയിലേക്ക് ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടെ ഭാവിയിൽ ആളുകൾക്ക് പഴയ ( താൽപര്യമുണ്ടെങ്കിൽ പുതിയതും ) സ്മാർട്ട്ഫോണുകൾ ഡാഷ്ക്യാമാക്കാൻ സാധിച്ചേക്കും.
"ഡാഷ്‌ക്യാം" ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ ഗൂഗിളിന്റെ ടീമിന് കഴിഞ്ഞതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ഫീച്ചർ ഗൂഗിൾ എപ്പോൾ പുറത്തിറക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫീച്ചർ ലഭ്യമായിക്കഴിഞ്ഞാൽ ഹോം പേജിലെ Be prepared എന്ന വിഭാഗത്തിൽ "Dashcam" ഫീച്ചർ കാണാൻ സാധിക്കുമെന്നാണ് വിവരം. ഇവിടെ ഓട്ടോമാറ്റിക്കായി വീഡിയോ റെക്കോഡിങ് ആരംഭിക്കാനുള്ള ഓപ്ഷൻ ഉണ്ടാകും.
കൂടാതെ മുൻപ് റെക്കോഡ് ചെയ്ത വീഡിയോകൾ കാണാനും ഡാഷ്ക്യാം റെക്കോഡ് ചെയ്യുമ്പോൾതന്നെ ഗൂഗിൾ മാപ്പ് പ്രവർത്തിപ്പിക്കാനും സാധിക്കും. കണ്ക്ട് ചെയ്യാനും പാടുപെടേണ്ടിവരില്ല. ഒരു പ്രത്യേക ബ്ലൂടൂത്ത് ഉപകരണത്തിലേക്ക് (ഉദാ. നിങ്ങളുടെ കാർ സ്റ്റീരിയോ അല്ലെങ്കിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം) കണക്‌റ്റ് ചെയ്യുമ്പോൾ റെക്കോർഡിംഗുകൾ സ്വയം ആരംഭിക്കുകയും നിങ്ങൾ വിച്ഛേദിക്കുമ്പോൾ റെക്കോഡിങ് അവസാനിക്കുകയും ചെയ്യുന്ന ഓപ്ഷനും ഉണ്ടാകും.
സ്‌റ്റോറേജ് സ്‌പെയ്‌സ് സംരക്ഷിക്കാൻ, റെക്കോർഡിംഗുകൾ ഉപയോക്താവ് സംരക്ഷിക്കുന്നില്ലെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം സ്വയം ഇല്ലാതാകുന്ന ഓപ്ഷൻ ഉണ്ടാകും. കൂടാതെ, വീഡിയോകൾ കംപ്രസ്സുചെയ്ത് സൂക്ഷിക്കും. പരമാവധി 24 മണിക്കൂർ വരെ റെക്കോഡ് ചെയ്യാം. തുടക്കത്തിൽ ഗൂഗിളിന്റെ പിക്സൽ ഫോണുകളിലാകും ഈ ഫീച്ചർ ലഭ്യമാകുക. പിന്നീട് മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും എത്തും.
സ്മാർട്ട്ഫോൺ ഡാഷ്ക്യാമായി മാറ്റാനുള്ള ഫീച്ചർ ഇന്ത്യയിൽ ഏറെ തരംഗം ഉണ്ടാക്കാൻ സാധ്യതയുണ്ട്. വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അനിവാര്യമായ ഒരു ഉപകരണമാണ് ഡാഷ്ക്യാം. വാഹനാപകടങ്ങളെ തുടർന്നുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാനും മറ്റും അത് ഏറെ സഹായിക്കും. അപകടത്തിന്റെ കാരണം കണ്ടെത്താനും ഇൻഷുറൻസ് തർക്കം ഒഴിവാക്കാനുമെല്ലാം ഡാഷ്ക്യാം പ്രയോജനപ്രദമാണ്.

വികസിത രാജ്യങ്ങളിലും പ്രീമിയം കാറുകളിലും ഡാഷ്ക്യാമുകൾ സാധാരണമാണ്. എന്നാൽ കാർ വാങ്ങുന്ന ശരാശരിക്കാരായ ഇന്ത്യക്കാർക്ക് ഡാഷ്ക്യാം ഇന്നും ഒരു അധികച്ചെലവാണ്. പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഡാഷ്ക്യാമാക്കാൻ സാധിക്കുന്ന ഗൂഗിൾ ഫീച്ചർ പുറത്തിറങ്ങുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാർ യാത്രകളിലെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ ഇത് ഏറെ സഹായിക്കും.
സ്‌മാർട്ട്‌ഫോൺ ക്യാമറകൾ ഇന്ന് ഏറെ മെച്ചപ്പെട്ടതിനാൽ മികച്ച നിലവാരമുള്ള വീഡിയോ ലഭിക്കും എന്നതും ഒരു നേട്ടമാണ്. ഒരു ഡാഷ്ക്യാമിന്റെ പ്രവർത്തന ക്ഷമത അതിന്റെ ക്യാമറയുടെ ഗുണനിലവാരം, ഫീൽഡ് ഓഫ് വ്യൂ, സ്റ്റോറേജ് ഓപ്ഷനുകൾ, കണക്റ്റിവിറ്റി മുതലായവയുടെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്. ഡാഷ്ക്യാമിന്റെ പല പരിമിതികളെയും മറികടക്കാൻ പഴയ സ്മാർട്ട്ഫോണുകൾക്ക് കഴിയും.
നാം ഉപയോഗിക്കുന്ന പുതിയ ആൻഡ്രോയിഡ് ഫോണും ഡാഷ്ക്യാമായി ഉപയോഗിക്കാൻ സാധിച്ചേക്കുമെങ്കിലും, ആ നീക്കം നടത്താതിരിക്കുന്നതാണ് നല്ലത്. കാരണം റെക്കോർഡിനിടയ്ക്ക് കോളുകളും മെസേജുകളും വരുന്നത് വീഡിയോ റെക്കോർഡിംഗിനെ ബാധിക്കും. അതിനാൽ ഡാഷ്ക്യാമിനായി ഒരു സെക്കൻഡറി ഫോൺ ഉപയോഗിക്കുന്നതാവും അനുയോജ്യം. എന്തായാലും പുതിയ ഫീച്ചർ പുറത്തുവന്നാൽ അത് കാർയാത്രകളിലെ സുരക്ഷ ഉറപ്പാക്കാൻ ഏറെ സഹായിക്കും എന്നുറപ്പാണ്.


Click it and Unblock the Notifications








