വരുന്നു ഗൂഗിളിന്റെ പിക്സൽ സ്മാർട്ട് വാച്ചുകൾ; ഇനി കാര്യങ്ങൾ കൂടുതൽ സ്മാർട്ടാവും
ഹാർഡ്‌വെയർ ആയാലും സോഫ്റ്റ്‌വെയർ ആയാലും വേണ്ടിയില്ല ഗൂഗിളിന്റെ പിക്സൽ ഫോണുകൾ ലോകോത്തര നിലവാരം പുലർത്തിയവ ആണെന്ന് നമുക്കറിയാം. ഫോണിന്റെ വ്യത്യസ്തമായ സോഫ്റ്റ്‌വെയർ സവിശേഷതകളും ക്യാമറയുടെ കരുത്തും എല്ലാം നമ്മൾ കണ്ടതാണ്. പിക്സൽ 2, പിക്സൽ 2 എക്സൽ എന്നിവയ്ക്ക് ശേഷം ഗൂഗിൾ അടുത്തതായി ഉടൻ ഇറക്കാനിരിക്കുന്ന പിക്സൽ 3, പിക്സൽ 3 എക്സൽ എന്നിവ ഇപ്പോഴേ ടെക്ക് ലോകത്ത് ചർച്ചയായിട്ടുണ്ട്.

ഓരോരുത്തരും തങ്ങളുടെ അടുത്ത പ്രിയ ഗൂഗിൾ ഫോണിനായുള്ള കാത്തിരിപ്പും തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ എന്തൊക്കെ തരത്തിലുള്ള പുതിയ സൗകര്യങ്ങളാണ് വരാനിരിക്കുന്ന ഈ രണ്ടു പിക്സൽ 3 മോഡലുകളും കൊണ്ടുവരിക എന്നത് നമുക്ക് ഊഹിക്കാൻ പോലും പറ്റാത്തതാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം വെറും രണ്ടു ഫോണുകൾ മാത്രമല്ല ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്. പിന്നെയോ?
ഇത്തവണ ഗൂഗിൾ തങ്ങളുടെ ഫോണുകൾ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഒരുപിടി മറ്റു ഉപകരണങ്ങൾ കൂടി അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൂഗിൾ ഹോം ഉപകരണങ്ങൾ, മറ്റു ഗാഡ്ജറ്റുകൾ, വിയർ ഒഎസ് ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിൽ നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ ഈയടുത്തായി കേട്ട ചില റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ പിക്സൽ ഫോണുകൾ പുറത്തിറക്കുന്ന വേളയിൽ പിക്സൽ സ്മാർട്ട് വാച്ചുകൾ കൂടെ പ്രതീക്ഷിക്കാം എന്നാണ് അറിയാൻ സാധിക്കുന്നത്.
എല്ലാ കമ്പനികളും സ്മാർട്ട് വാച്ചുകൾ ഇറക്കുന്നു. എന്നാൽ പിന്നെ ഗൂഗിളിന് മാത്രം എന്തുകൊണ്ട് ആയിക്കൂടാ. അതിലുപരി പിക്സൽ ഫോണുകളുടെ കൂടെ ഒരു പിക്സൽ സ്മാർട്ട് വാച്ച് കൂടെ ഉണ്ടാകുക എന്നതും നല്ലൊരു ആശയമാണ്. ആപ്പിൾ ആവട്ടെ, സാംസങ് ആവട്ടെ, തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ കൂടെ ഓരോ സ്മാർട്ട് വാച്ചുകൾ വീതം ഇപ്പോൾ ഇറക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ കൂടെ ഈ രംഗത്ത് എത്തുന്നതിൽ അതശയിക്കാനും അത്ഭുതപ്പെടാനും ഇല്ല.
ഇവാൻ ബ്ളാസ് പോസ്റ്റ് ചെയ്ത ഒരു ട്വിറ്റർ പോസ്റ്റ് ആണ് ഈ അഭ്യൂഹത്തെ ഉറപ്പിക്കുന്നത്. തനിക്ക് ലഭിച്ച വിശ്വസനീയമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറയുന്നത് പ്രകാരം ഇത്തവണത്തെ ഗൂഗിൾ പിക്സൽ പിറത്തിറക്കൽ പരിപാടി വെറും ഫോണുകളുടെ പുരത്തിറക്കൽ ചടങ്ങ് മാത്രമായിരിക്കില്ല, ഒപ്പം ഒരുപിടി ഗൂഗിൾ ഉപകരണങ്ങൾ കൂടെ ചടങ്ങിൽ ഉണ്ടാവും എന്നാണ് പറയുന്നത്. ഗൂഗിൾ പിക്സൽ ബഡ്‌സ് ഇയർ ബഡ്സിന്റെ രണ്ടാം പതിപ്പും ഈ ചടങ്ങിൽ അവതരിപ്പിക്കും എന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം തന്നെ ഇത്തവണത്തെ ചടങ്ങിൽ ഗൂഗിളിന്റെ സ്മാർട്ട് വാച്ചുകളും ഉണ്ടാകും എന്ന് അദ്ദേഹം പറയുന്നു.
ഇതുവരെ നമ്മൾ കേട്ടതും അറിഞ്ഞതും ഗൂഗിൾ തങ്ങളുടെ പങ്കാളികൾ വഴി മാത്രമായിരുന്നു സ്മാർട്ട് വാച്ചുകളും മറ്റും ഇറായിക്കിയിരുന്നത് എന്നാണ്. എന്നാൽ ഇതിനൊരു മാറ്റവുമായി ഗൂഗിൾ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത വാച്ചുകൾ ഇത്തവണ അവതരിപ്പിക്കും എന്നതാണ്. ഏതായാലും ഇത്തരം ഒരു പ്രവർത്തി വഴി തങ്ങളുടെ മുഖ്യ എതിരാളിയായ ആപ്പിളിനെ എല്ലാ നിലക്കും പിടിച്ചുകെട്ടാനാണ് ഗൂഗിൾ ശ്രമിക്കുന്നത്.
തങ്ങളുടെ ഐഒഎസ് ഉപയോഗിച്ച് എല്ലാ വിധ ഗാഡ്ജറ്റുകളിലും അത് പ്രവർത്തിപ്പിക്കുന്ന ആപ്പിൾ സ്മാർട്ട് വാച്ച് പരിപാടി തുടങ്ങിയിട്ട് നാളേറെയായി. ഗൂഗിൾ കൂടെ ഈ രംഗത്തേക്ക് എത്തുന്നതോടെ വിപണിയിൽ ശക്തമായ മത്സരം ഈ വർഷം പ്രതീക്ഷിക്കാം. എന്നാൽ ആപ്പിളിനെ പോലെ തന്നെ വിപണിയിലെ വമ്പന്മാരായ ഗൂഗിൾ ഒരു സ്മാർട്ട് വാച്ച് അവതരിപ്പിക്കുമ്പോൾ വില ആപ്പിളിനെ പോലെ തന്നെ സാധാരണക്കാരന്റെ കയ്യിൽ ഒതുങ്ങുന്നതാവില്ല എന്ന് ഉറപ്പിക്കാം.
വില ഇനി എത്ര തന്നെ കൂടിയാലും വേണ്ടിയില്ല, ഗൂഗിൾ അവതരിപ്പിക്കുന്ന ഉപകരണങ്ങൾ വാങ്ങാൻ ഇന്ന് നല്ലൊരുപക്ഷം ആളുകൾ കത്തിരിപ്പുണ്ട്. പ്രത്യേകിച്ച് ഈയടുത്ത ദിവസം നടന്ന ഗൂഗിൾ വാർഷിക മീറ്റിൽ ഗൂഗിൾ അസിസ്റ്റന്റ്, AI എന്നിവ സമന്വയിപ്പിച്ച കൂടുതൽ ഉപകരണങ്ങൾ ഗൂഗിൾ ഉടൻ അവതരിപ്പിക്കും എന്ന് പറഞ്ഞ വേളയിൽ ഈ വാച്ചിലും അതിന്റെ മാറ്റങ്ങൾ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








