ബൾക്ക് ഇ-മെയിൽ അയച്ചാൽ കുടുങ്ങും; ഗൂഗിൾ ഏപ്രിലിൽ നടപ്പിലാക്കുന്ന ഈ മാറ്റങ്ങൾ അറിഞ്ഞുവയ്ക്കുക
ഗൂഗിളിന്റെ പ്രധാന സേവനങ്ങളിലൊന്നായ ജി-മെയിൽ കൂടുതൽ കാര്യക്ഷമമാകാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇ-മെയിൽ അയയ്ക്കുന്നതിലും മറ്റും കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികൾ നടപ്പിലാക്കും. പ്രത്യേകിച്ചും ബൾക്ക് ഇ-മെയിലുകൾ അയയ്ക്കുന്നവർക്കാകും കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരിക. സ്പാം മെസേജുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബൾക്ക് മെയിലുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നത്.
വരുന്ന ഏപ്രിൽ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ഗൂഗിൾ നീക്കം. ബൾക്ക് ഇമെയിൽ അയക്കുന്നവർക്ക് എതിരായ നടപടി ഉപയോക്താക്കൾക്ക് ലഭിക്കുന്ന സ്പാം മെസേജുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ നിയന്ത്രണങ്ങൾ പാലിക്കാത്ത അക്കൗണ്ടുകൾക്കെതിരേ ഗൂഗിൾ നടപടി ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിക്കും.

സ്പാം മെസേജുകൾ നിയന്ത്രിക്കാൻ നടപടിയുണ്ടാകുമെന്ന് ഗൂഗിൾ നേരത്തെ തന്നെ ബ്ലോഗിലൂടെ ഉപയോക്താക്കളെ അറിയിച്ചിരുന്നു. "ഒരു പ്രത്യേക ഇമെയിൽ അയയ്‌ക്കുന്നയാളിൽ നിന്ന് അനാവശ്യ സന്ദേശങ്ങൾ ലഭിക്കുന്നത് നിർത്താൻ നിങ്ങൾ ഇനി അധികം പാടുപെടേണ്ടി വരില്ല എന്നായിരുന്നു അന്ന് ബ്ലോഗിൽ ഗൂഗിൾ അറിയിച്ചത്. വെറും ഒരു ക്ലിക്കിലൂടെ ഇനി സ്പാം മെയിലുകൾ തടയാം.
കൊമേഴ്സ്യൽ- പരസ്യ താൽപര്യങ്ങൾക്കായി ബൾക്ക് ഇ- മെയിലുകൾ അയയ്‌ക്കുന്നവർ ജി- മെയിൽ സ്വീകർത്താക്കൾക്ക് ഒറ്റ ക്ലിക്കിൽ അൺസബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ നൽകണമെന്നും രണ്ട് ദിവസത്തിനുള്ളിൽ അവർ അൺസബ്‌സ്‌ക്രിപ്‌ഷൻ അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്യണമെന്നും ഗൂഗിൾ നേരത്തെ ഇത് സംബന്ധിച്ച ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരുന്നു.

ഗൂഗിളിന്റെ പുതിയ ജിമെയിൽ സ്പാം പോളിസി അപ്ഡേഷൻ നയം ബൾക്ക് മെയിലുകൾ അയയ്‌ക്കുന്നവരെ (പ്രതിദിനം 5,000 ഇമെയിലുകൾ അയയ്‌ക്കുന്നവർ) അമിതമായ ഇമെയിലുകൾ അയയ്‌ക്കുന്നതിൽ നിന്ന് തടയുന്നു. പുതിയ ഗൂഗിൾ നയം ബൾക്ക് മെയിൽ അയക്കുന്നവർ അവരുടെ ഔട്ട്‌ഗോയിംഗ് ഇമെയിലുകൾ ആധികാരികമാക്കണമെന്ന് ആവശ്യപ്പെടുന്നു, അതേസമയം ആവശ്യമില്ലാത്തതോ ആവശ്യപ്പെടാത്തതോ ആയ ഇമെയിലുകൾ ഒഴിവാക്കുന്നു- ഫോർബ്സ് റിപ്പോർട്ട് ചെയ്തു.
ഗൂഗിളിന്റെ നയ പ്രകാരം എല്ലാത്തരം വാണിജ്യ, പ്രമോഷണൽ ഇമെയിലുകൾക്കുമായി ബൾക്ക് മെയിലുകൾ അയയ്‌ക്കുന്നവർ 2024 ജൂണിൽ വൺക്ലിക്ക് അൺസബ്‌സ്‌ക്രൈബ് ബട്ടൺ നടപ്പിലാക്കണം. അൺസബ്‌സ്‌ക്രൈബ് ബട്ടൺ മെയിലിന്റെ ബോഡിയിൽ വ്യക്തമായി കാണണം, വാണിജ്യ മെയിൽ സ്വീകരിക്കുന്നവർ രണ്ട് ദിവസത്തിനുള്ളിൽ ഈ അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്യണം.
നിയന്ത്രണങ്ങൾ പാലിക്കാതെ ബൾക്ക് മെയിലുകൾ അയയ്ക്കുന്നവർക്ക് താൽക്കാലിക തടസങ്ങൾ ഈ മാസം മുതൽ തന്നെ നേരിടേണ്ടിവരും എന്ന് ഗൂഗിൾ ഇപ്പോൾ പറയുന്നു. ഈ താൽക്കാലിക നടപടികൾകൊണ്ടും ഫലം ഉണ്ടായില്ലെങ്കിൽ അവരുടെ ഇമെയിൽ ട്രാഫിക്കിൻ്റെ ഒരു ഭാഗം പൂർണ്ണമായും നിരസിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ വർദ്ധിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു.

പിന്നീട് ഘട്ടം ഘട്ടമായി ഈ നിരസിക്കൽ ശതമാനം വർധിപ്പിക്കും. ഓൺലൈൻ തട്ടിപ്പുകളും മറ്റും നാൾക്കുനാൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗൂഗിളിന്റെ ഈ നടപടികൾക്ക് വലിയ പ്രാധാന്യമുണ്ട്. ജിമെയിലിന്റെ സാധാരണ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ ഈ നടപടി ഗുണം ചെയ്യും. ശല്യപ്പെടുത്തുന്ന സ്പാം മെയിലുകളുടെ എണ്ണം ഏപ്രിൽ മുതൽ കുറയ്ക്കാൻ ഈ നടപടി സഹായിച്ചേക്കും.
ഗൂഗിൾ നിയന്ത്രണങ്ങൾ പാലിക്കാത്ത ഉപയോക്താക്കളുടെ മെയിലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിൽ ഭാവിയിൽ തടസം നേരിടും. വൻകിട പരസ്യ പ്രമോട്ടർമാരെയാണ് ഈ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കുക. അതേസമയം, സാധാരണക്കാരായ ജി- മെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഇൻബോക്സിൽ അനാവശ്യ മെയിലുകൾ കുന്നുകൂടാതെ മുന്നോട്ട് പോകാൻ സാധിക്കും എന്നത് നേട്ടമാണ്.


Click it and Unblock the Notifications








