ആൻഡ്രോയിഡ് 16 പുറത്തിറക്കി ഗൂഗിൾ; പുതിയ മാറ്റങ്ങളും ഇത് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളും ഇവയാണ്
ഗൂഗിൾ തങ്ങളുടെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 16 ഔദ്യോഗികമായി പുറത്തിറക്കി (Google has officially launched Android 16). ആപ്പിൾ തങ്ങളുടെ iOS 26 പുറത്തിറക്കിയതിന്റെ പിന്നാലെ തന്നെയാണ് ആൻഡ്രോയിഡ് 16 ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുൻപ് ലഭ്യമായിരുന്ന പല സേവനങ്ങളും നവീകരിക്കുകയും പുതിയ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഗൂഗിൾ ആൻഡ്രോയിഡ് 16 അവതരിപ്പിക്കുന്നത്. മെറ്റീരിയൽ 3 എക്സ്പ്രസിവ്, ഡെസ്ക്ടോപ്പ് മോഡ് പോലുള്ള വലിയ സവിശേഷതകൾ ആൻഡ്രോയിഡ് 16 ലേക്ക് വരുന്നുണ്ട്, ഇത് സെപ് റ്റംബറിലാകും അവതരിപ്പിക്കുക.
ആൻഡ്രോയിഡ് 16 ജൂൺ അപ്ഡേറ്റിലെ പ്രധാന ഫീച്ചറുകൾ- ലൈവ് അപ്‌ഡേറ്റ്സ്: ഒരു പ്രവർത്തനത്തിന്റെയോ ടാസ്‌കിന്റെയോ ഇവന്റിന്റെയോ പുരോഗതിയുടെ ലൈവ് അപ്‌ഡേറ്റ് ആൻഡ്രോയിഡ് 16 കാണിക്കും. ഇത് തിരഞ്ഞെടുത്ത റൈഡ്-ഷെയർ, ഫുഡ് ഡെലിവറി ആപ്പുകളിൽ പ്രവർത്തിക്കുന്നു, കൂടാതെ സാംസങ്ങിന്റെ നൗ ബാറിലും OPPO/OnePlus ന്റെ ലൈവ് അലേർട്ടുകളിലും ദൃശ്യമാകും.

ആപ്പ് ഇടയ്ക്കിടയ്ക്ക് ഓപ്പൺ ചെയ്ത് അപ്ഡേറ്റുകൾ നോക്കാനായി ബുദ്ധിമുട്ടേണ്ടതില്ല, ഓഡർ ചെയ്തവ വരുന്നുണ്ടോ എന്ന് അറിയാൻ നിരന്തരം ഫോൺ പരിശോധിക്കുന്നതിനുപകരം, പുതിയ ലൈവ് നോട്ടിഫിക്കേഷൻ ഫീച്ചർ ഓഡറിന്റെ പുരോഗതി ഓരോ ഘട്ടത്തിലും ഉപയോക്താവിന് അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കും. നോട്ടിഫിക്കേഷൻ ബണ്ടിൽസ്: ഒരൊറ്റ ആപ്പിൽ നിന്നോ പ്ലാറ്റ്‌ഫോമിൽ നിന്നോ ഉള്ള അറിയിപ്പുകൾ ഈ ഫീച്ചർ ഗ്രൂപ്പ് ചെയ്ത് ദൃശ്യമാക്കും.
ഹിയറിംഗ് എയ്ഡ് സപ്പോർട്ട്: വളരെ ശബ്ദങ്ങൾ നിറഞ്ഞ ചുറ്റുപാടി ആണെങ്കിൽപ്പോലും ഫോണിന്റെ മൈക്ക് ഉപയോഗിക്കാൻ ഈ ഫീച്ചർ ഹിയറിങ് എയ്ഡുകളെ അനുവദിക്കുന്നു. മാത്രമല്ല കണക്റ്റുചെയ്‌ത ഫോണിൽ നിന്ന് എയ്ഡുകളുടെ ശബ്ദവും മറ്റും നിയന്ത്രിക്കാനും കഴിയും. അനായാസം ഒരു ഹിയറിംഗ് എയ്ഡ് ഉപയോഗിക്കാൻ ആൻഡ്രോയിഡ് 16 പിന്തുണ നൽകുന്നു.

മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ: പുതിയ ആൻഡ്രോയിഡ് 16 സൈബർ തട്ടിപ്പുകളിൽ നിന്ന് സുരക്ഷ നേടാൻ അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. അപകടകരമായ വെബ്‌സൈറ്റുകൾ, ആപ്പുകൾ, സന്ദേശങ്ങൾ, കോളുകൾ എന്നിവ വഴിയുള്ള സങ്കീർണ്ണമായ ഓൺലൈൻ ആക്രമണങ്ങൾക്കെതിരെ പുതിയ ആൻഡ്രോയിഡ് പതിപ്പ് സുരക്ഷാ നടപടികൾ കൊണ്ടുവന്നിരിക്കുന്നു. എന്നാൽ ഉപയോക്താക്കൾ ഇത് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്.
ഇവയ്ക്കൊക്കെ പുറമേ, അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR സ്‌ക്രീൻഷോട്ട്സ്, ഐഡന്റിറ്റി പരിശോധന തുടങ്ങിയ ചില ഫീച്ചറുകളും പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റിൽ ഉണ്ട്. മെറ്റീരിയൽ 3 എക്‌സ്‌പ്രസീവ്, സാംസങ് ഡെക്‌സ് പോലുള്ള ഡെസ്‌ക്‌ടോപ്പ് വിൻഡോയിംഗ് എന്നിവ 2025 സെപ്റ്റംബറിൽ വരാനിരിക്കുന്ന അപ്‌ഡേറ്റിൽ പുറത്തിറങ്ങും.
ആൻഡ്രോയിഡ് 16 ആദ്യം ഗൂഗിൾ പിക്സൽ ഫോണുകളിലാണ് ലഭ്യമാകുക. ആൻഡ്രോയിഡ് 16 ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ ഇതാ: പിക്സൽ 9 സീരീസ്- ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ്, ഗൂഗിൾ പിക്സൽ 9 പ്രോ XL, ഗൂഗിൾ പിക്സൽ 9 പ്രോ, ഗൂഗിൾ പിക്സൽ 9, ഗൂഗിൾ പിക്സൽ 9a.

പിക്സൽ 8 സീരീസ്- ഗൂഗിൾ പിക്സൽ 8 പ്രോ, ഗൂഗിൾ പിക്സൽ 8a. പിക്സൽ 7 സീരീസ്: ഗൂഗിൾ പിക്സൽ 7a, ഗൂഗിൾ പിക്സൽ 7 പ്രോ, ഗൂഗിൾ പിക്സൽ 7. പിക്സൽ 6 സീരീസ്- ഗൂഗിൾ പിക്സൽ 6a, ഗൂഗിൾ പിക്സൽ 6 പ്രോ, ഗൂഗിൾ പിക്സൽ 6. ഇവ കൂടാതെ ഗൂഗിൾ പിക്സൽ ഫോൾഡ്, ഗൂഗിൾ പിക്സൽ ടാബ്‌ലെറ്റ് എന്നിവയിലും പുതിയ അപ്ഡേറ്റ് പിന്തുണയ്ക്കും.


Click it and Unblock the Notifications