കാര്യം നമ്മുടെ സ്വന്തമാണെങ്കിലും അധികം അടുപ്പം വേണ്ട! ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ
സ്വന്തം എഐ പ്ലാറ്റ്ഫോമായ ബാർഡ് ഉപയോഗിക്കുന്നതിനെതിരേ ജീവനക്കാർക്ക് ഗൂഗിൾ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഓപ്പൺഎഐ കമ്പനിയുടെ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് എതിരേ ഗൂഗിൾ രംഗത്തിറക്കിയ ബദൽ ചാറ്റ്ബോട്ടാണ് ബാർഡ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ബാർഡ് ലഭ്യമാക്കിയിരിക്കുന്ന അതേസമയത്ത് തന്നെയാണ് ജീവനക്കാരുടെ ബാർഡ് ഉപയോഗത്തിന് ഗൂഗിൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ബാർഡ് മാത്രമല്ല, ചാറ്റ്ജിപിടി അടക്കമുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളും ഉപയോഗിക്കരുതെന്ന് ഗൂഗിൾ മാതൃകമ്പനിയായ ആൽഫബൈറ്റ് ജീവനക്കാരോട് നിർദേശിച്ചതായി റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാർഡും ചാറ്റ്‌ജിപിടിയും ഉൾപ്പെടുന്ന ചാറ്റ്‌ബോട്ടുകൾ, ഉപയോക്താക്കളുമായി സംഭാഷണം നടത്താനും എണ്ണമറ്റ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ശേഷിയുള്ളവയാണ്.

സങ്കീർണ്ണമായ വിവരങ്ങളോ കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളോ എഐ ചാറ്റ്ബോട്ടുകളുമായി പങ്കുവയ്ക്കരുത് എന്നാണ് ജീവനക്കാർക്ക് ഗൂഗിൾ നൽകിയിരിക്കുന്ന നിർദേശം. ജീവനക്കാർ ബാർഡും ചാറ്റ്ജിപിടിയും പോലുള്ള ചാറ്റ്ബോട്ടുകളുമായി പങ്കുവയ്ക്കുന്ന വിവരങ്ങൾ അവയുടെ ഹ്യൂമൻ റിവ്യൂവർമാർ വായിച്ചേക്കാം. അതുവഴി കമ്പനിയുടെ നിർണായക വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് ഗൂഗിൾ തിരിച്ചറിയുന്നു.
കൂടാതെ ഭാവിയിൽ ഉത്തരങ്ങൾ നൽകുമ്പോൾ ഉൾപ്പെടെ ചാറ്റ്ബോട്ടുകൾ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും ഗൂഗിൾ വിലയിരുത്തുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗത്തിന് ഗൂഗിൾ തടിയിടുന്നത്. നേരത്തെ സാംസങ്ങും ആപ്പിളും അടക്കമുള്ള വൻകിട കമ്പനികളും ചാറ്റ്ജിപിടി ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് കർശന നിർദേശം നൽകിയിരുന്നു.

ചാറ്റ്ബോട്ടുകൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന കമ്പ്യൂട്ടർ കോഡിന്റെ നേരിട്ടുള്ള ഉപയോഗം ഒഴിവാക്കാൻ ആൽഫബെറ്റ് തങ്ങളുടെ എഞ്ചിനീയർമാർക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. അനാവശ്യ കോഡുകൾ സൃഷ്ടിക്കാൻ ബാർഡിന് കഴിയും എന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. ബാർഡിനെ ഗൂഗിളും ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ചാറ്റ്ജിപിടിക്ക് ബദലായി എഐ ചാറ്റ്ബോട്ട് ഇറക്കാനാകാത്തത് നേരത്തെ ഗൂഗിളിന് ഏറെ തിരിച്ചടികൾ നൽകിയിരുന്നു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ഗൂഗിളിന്റെ സെർച്ച് എൻജിനെ അപ്രസക്തമാക്കുമെന്ന നിലയ്ക്ക് വിലയിരുത്തലുകൾ വരികയും ചെയ്തിരുന്നു. ഗൂഗിളിന്റെ പ്രധാന എതിരാളികളായ മൈക്രോസോഫ്ട് തങ്ങളുടെ ബിങ്ങിലും എഡ്ജിലും ചാറ്റ്ജിപിടി പിന്തുണ ഉറപ്പാക്കി മത്സരം ശക്തമാക്കുകയും ചെയ്തു.
അപകടം തിരിച്ചറിഞ്ഞ ഗൂഗിൾ ഈ വെല്ലുവിളികളെ നേരിടാൻ സർവ ശക്തിയും ഉപയോഗിച്ച് പുറത്തിറക്കി എഐ പ്ലാറ്റ്ഫോം ആണ് ബാർഡ്. ചാറ്റ്ജിപിടി തരംഗമായി മാറിയതിന് പിന്നാലെ ബാർഡിനെ അവതരിപ്പിക്കാൻ ഗൂഗിൾ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീട് വീണ്ടും ഏറെ മെച്ചപ്പെടുത്തലുകൾ വരുത്തിയാണ് ബാർഡിനെ ഗൂഗിൾ പുനരവതരിപ്പിച്ചിരിക്കുന്നത്.

ഒരുഭാഗത്ത് വൻകിട ടെക് കമ്പനികൾ എഐ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, മറുഭാഗത്ത് എഐ ഉയർത്തുന്ന അപകട സാധ്യതകൾ സംബന്ധിച്ച ആശങ്കകളും ശക്തമാകുന്നുണ്ട്. എഐ മനുഷ്യജീവന് ഉൾപ്പെടെ ഭീഷണിയായിത്തീരും എന്ന നിലയിലുള്ള വാദങ്ങളാണ് എഐ പരീക്ഷണങ്ങളെ എതിർക്കുന്നവർ ഉന്നയിക്കുന്നത്. ഗൂഗിൾ തന്നെ സ്വന്തം എഐ പ്ലാറ്റ്ഫോമിനെ ഭയക്കുന്നു എന്ന നിലയ്ക്കാണ് ഇവർ ഗൂഗിൾ നടപടിയെ നോക്കിക്കാണുന്നത്.
അതേസമയം കമ്പനികളെ സംബന്ധിച്ചിടത്തോളം ചാറ്റ്ജിപിടിയും ബാർഡും ഒരേപോലെ അപകടകാരികളാണ്. ഫിഷ്ബൗൾ എന്ന നെറ്റ്‌വർക്കിംഗ് സൈറ്റ് നടത്തിയ സർവേ പ്രകാരം 43% പ്രൊഫഷണലുകളും ചാറ്റ്ജിപിടി അല്ലെങ്കിൽ മറ്റ് എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും തങ്ങളുടെ മേലധികാരികളുടെ സമ്മതമില്ലാതെയാണ് ജീവനക്കാർ ജോലി എളുപ്പമാക്കാൻ എഐ ടൂളുകളുടെ സഹായം തേടുന്നത്. ഇത് കമ്പനി രഹസ്യങ്ങൾ ചോരാൻ ഇടയാക്കും.


Click it and Unblock the Notifications