അതൊക്കെ ഇപ്പോൾ ഫ്രീയല്ലേ..! ഗൂഗിൾ ജെമിനിയിൽ ഇവ ചെയ്യാൻ ഇനി സിമ്പിൾ
ഏറ്റവും ജനപ്രിയമായ എഐ ചാറ്റ് ബോട്ടുകളിൽ ഒന്നാണ് ഗൂഗിൾ ജെമിനി (Google Gemini). ഗൂഗിളിന്റെ സ്വന്തം ഉത്പന്നമായ ജെമിനി ഇതിനകം തന്നെ ജനപ്രിയമായിട്ടുണ്ട്. ചാറ്റ് ജിപിടി (ChatGPT)ക്ക് വെല്ലുവിളി ഉയർത്താനാണ് ഗൂഗിൾ ജെമിനിയുടെ കടന്നുവരവ്. ചാറ്റ് ജിപിടി ഉപയോഗിക്കുന്ന പോലെ തന്നെയാണ് ജെമിനിയുടെ പ്രവർത്തനവും. എന്നാൽ ഗൂഗിൾ ജെമിനിയിലെ പല ഫീച്ചറുകളും സബ്‌സ്‌ക്രിപ്ഷൻ ചെയ്യാത്തവർക്ക് ലഭിക്കില്ലായിരുന്നു. പക്ഷെ നിലവിൽ ഡോക്യുമെൻറ് ഫയലുകൾ അപ്‌ലോഡ് ചെയ്യാനും അനലൈസ് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും. വെബ്, ആൻഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷനുകൾ വഴി ഉപയോക്താക്കൾക്ക് ജെമിനിയിലേക്ക് ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് ഔദ്യോഗികമായി ഗൂഗിൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ജെമിനി 2.0 ലൂടെയാണ് ഈ സൗജന്യ സേവനം. മുമ്പ്, ജെമിനി അഡ്വാൻസ്ഡ് സബ്സ്‌ക്രൈബർമാർക്ക് മാത്രമേ ഈ ഫീച്ചർ ആക്സസ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇത് എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും. ഉപയോക്താക്കൾക്ക് ഇപ്പോൾ വെബ് ബ്രൗസറുകളിൽ നിന്നോ സ്മാർട്ട് ഫോണിൽ നിന്നോ ടാബിൽ നിന്നോ നേരിട്ട് ഗൂഗിൾ ഡോക്സ്, പിഡിഎഫുകൾ, വേഡ് ഫയലുകൾ തുടങ്ങി നിരവധി ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യാൻ കഴിയും.

ഗൂഗിൾ ഡ്രൈവിൽ നിന്ന് ഫയലുകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാനും കഴിയും. അപ്ലോഡ് ചെയ്ത ഡോക്യുമെൻറുകളെ കുറിച്ച് ആവശ്യമുള്ളത് ജെമനിയോട് ചോദിച്ചാൽ മറുപടിയും ലഭിക്കും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് Files by Google ആപ്ലിക്കേഷനിലെ Ask about this PDF ആക്സസ് ചെയ്യാനും Samsung Galaxy S24/S25, Pixel 9 സീരീസ് പോലുള്ള ഉപയോക്താക്കൾക്ക് Talk about this എന്ന ഫീച്ചർ ആക്സസ് ചെയ്യാനും അനുവദിക്കും.
പക്ഷെ ഗൂഗിൾ ജെമിനിയുടെ എല്ലാ ഫീച്ചറുകളും സൗജന്യമായി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയില്ല. സ്‌പ്രെഡ്ഷീറ്റുകളും കോഡ് ഡോക്യുമെന്റുകളും അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. പ്രീമിയം ജെമിനി അഡ്വാൻസ്ഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കും. മാസത്തിൽ 20 യുഎസ് ഡോളറാണ് ജെമിനി അഡ്വാൻസ്ഡ് സബ്സ്‌ക്രിപ്ഷന് വേണ്ടി വരുന്നത്.
ഡിപ് സീക്കിന്റെ കടന്നുവരവോടെ ഓപ്പൺ എഐ മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഗൂഗിൾ ജെമിനിയുടെ ഈ സൗജന്യ സേവനവും വേണമെങ്കിൽ ഈ ഗണത്തിൽ പെടുത്താവുന്നതാണ്. കിടു മത്സരങ്ങൾ നടക്കുമ്പോൾ പുതിയ ഫീച്ചറുകൾ പുറത്തിറക്കിയും സൗജന്യമായി സേവനങ്ങൾ നൽകിയും കമ്പനികൾ ഉപയോക്താക്കളെ കൈയിലെടുക്കാറുണ്ട്. വിപണിയിൽ പിടിച്ചു നിൽക്കാൻ കമ്പനികൾ പല മാർഗങ്ങളും തേടും. അതിൽ ഒന്നാവാനാണ് ഗൂഗിളിന്റെ ഈ നീക്കവും.

മലയാളമുൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനും ഇപ്പോൾ ഗൂഗിൾ ജെമിനിക്ക് സാധ്യമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യൻ ഭാഷകളാണ് ജെമിനിക്ക് തിരിച്ചറിയാനാകുക. കൂടാതെ അതേ ഭാഷയിൽ തന്നെ മറുപടി നൽകാനുമാകും. ജെമിനി അഡ്വാൻസ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ആദ്യം ജെമിനി ലൈവ് ഫീച്ചർ ലഭിച്ചിരുന്നതെങ്കിലും ഇപ്പോൾ ആൻഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് 10 വ്യത്യസ്ത ഭാഷകളിലായി ഈ സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ഇതിന് പുറമെയാണ് ഒമ്പത് ഇന്ത്യൻ ഭാഷകൾ കൂടി ലഭിക്കുക. അധ്യാപകർ, സംരംഭകർ, കലാകാരന്മാർ ഉൾപ്പടെയുള്ള എല്ലാവർക്കും പുതിയ ഫീച്ചർ ഉപകാരപ്രദമാവുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. ഏതായാലും എഐ ഇല്ലാതെ ഇനിയുള്ള ജീവിതം ഓർക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.


Click it and Unblock the Notifications








