ഇനിയെല്ലാം ജെമിനി, ജെമിനി! അഭിമാനപുരസരം ജെമിനി എഐ പ്രഖ്യാപിച്ച് ഗൂഗിൾ; ചാറ്റ്ജിപിടിയെക്കാൾ കേമനെന്ന് പിച്ചൈ
ബാർഡിനെ മറന്നേക്കൂ, ഇതാ ഞങ്ങളുടെ പുതിയ എഐ എന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ജെമിനി എന്ന പുത്തൻ എഐ ലാങ്വേജ് മോഡലിനെ പരിചയപ്പെടുത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കരുത്തുള്ളതാണ് തങ്ങളുടെ പുതിയ ജെമിനി എഐയെന്ന് ഗൂഗിൾ അവകാശപ്പെട്ടു.
നിലവിൽ ജെമിനിയുടെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ മികച്ച പ്രകടനമാണ് ജെമിനി കാഴ്ചവയ്ക്കുന്നത്. അധികം വൈകാതെ ജെമിനിയെ പുറത്തിറക്കുമെന്നും പിച്ചൈ അറിയിച്ചു. ലോകം ഉറ്റുനോക്കിയ ഗൂഗിളിന്റെ I/O ഇവന്റിലാണ് വരാനിരിക്കുന്ന തങ്ങളുടെ ജെമിനി എഐയെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പരിചയപ്പെടുത്തിയത്.

ഗൂഗിൾ പിക്സൽ 7എ, ഗൂഗിൾ പിക്സൽ ഫോൾഡ് എന്നിവയുടെ ലോഞ്ചിങ്ങും ഇവന്റിൽ നടന്നു. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് പുതിയ ജെമിനി എഐയുടെ പരിചയപ്പെടുത്തലാണ്. ഏഴ് വർഷമായി തുടരുന്ന എഐ യാത്രയിൽ തങ്ങളുടെ വിവിധ സേവനങ്ങളിൽ എഐയുടെ കഴിവുകൾ കൊണ്ടുവരാൻ സാധിച്ചു. ആ യാത്ര ഇപ്പോൾ ഒരു നിർണായക വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന് പിച്ചൈ പറഞ്ഞു.
ജനറേറ്റീവ് എഐ ഉപയോഗിച്ച്, ഞങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ധീരവും ഉത്തരവാദിത്തമുള്ളതുമായ സമീപനത്തിലൂടെ, സെർച്ചിങ് ഉൾപ്പെടെ എല്ലാം സേവനങ്ങളിലും മാറ്റം കൊണ്ടുവരുമെന്ന് പിച്ചൈ വ്യക്തമാക്കി. പതിറ്റാണ്ട് നീണ്ട ഗൂഗിളിന്റെ യാത്രയിലെ ഏറ്റവും പുതിയ ചുവടുവെപ്പാണ് PalM 2. ബ്രെയിൻ ടീം, ഡീപ് മൈൻഡ് എന്നീ ഗവേഷണ സംഘങ്ങൾ നടത്തിയ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിക്കുന്നത്.

''ഗൂഗിളിന്റെ കമ്പ്യൂട്ടേഷണൽ സ്രോതസുകൾ ഉപയോഗിച്ച്, സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൂടുതൽ കഴിവുള്ള എഐ സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ഗൂഗിൾ ഡീപ്മൈൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ തങ്ങളുടെ അടുത്ത തലമുറ ഫൗണ്ടേഷൻ മോഡലായ ജെമിനി ഉൾപ്പെടുന്നു, അത് ഇപ്പോഴും പരിശീലനത്തിലാണ്'' എന്ന് പിച്ചൈ വിശദീകരിച്ചു. മുൻ മോഡലുകളിൽ കാണാത്ത ഗംഭീരമായ മൾട്ടിമോഡൽ കഴിവുകൾ ജെമിനിയിൽ ഉണ്ടെന്നാണ് പിച്ചൈ അവകാശപ്പെട്ടത്.
കർശന പരീക്ഷണങ്ങൾക്കുശേഷം സുരക്ഷ ഉറപ്പാക്കി ജെമിനി ലഭ്യമാക്കുമെന്ന് പിച്ചൈ പ്രഖ്യാപിച്ചു. കൂടുതൽ കഴിവുകൾ ഉള്ള എഐ മോഡലുകൾ സൃഷ്ടിക്കുമ്പോൾ തങ്ങൾ കൂടുതൽ ഉത്തരവാദിത്തവും ശ്രദ്ധയും പുലർത്തുന്നുണ്ടെന്നും പിച്ചൈ പറഞ്ഞു. തങ്ങളുടെ പുതിയ എഐ മോഡലുകൾ കൂടുതൽ മികവോടെ ആളുകളിലേക്ക് എത്തിക്കാനുള്ള ആവേശത്തിലാണ് ഗൂഗിൾ.
എല്ലാവരുടെയും പ്രയോജനത്തിനായി വ്യത്യസ്ത ഉൽപ്പന്നങ്ങളിലും ആപ്ലിക്കേഷനുകളിലും ഉപകരണങ്ങളിലുമെല്ലാം വിന്യസിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ, ജെമിനി പല വലുപ്പത്തിലും കഴിവുകളിലും, PalM 2 പോലെ ലഭ്യമാകുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ചാറ്റ്ജിപിടി, മൈക്രോസോഫ്ടിന്റെ ബിങ് എഐ എന്നിവയെക്കാൾ മികച്ചതാകും ജെമിനി. ഇത് ഒരു മൾട്ടിമോഡൽ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
അതായത് ടെക്‌സ്‌റ്റ്, കോഡ്, ഇമേജുകൾ എന്നിവ മനസിലാക്കാനും സൃഷ്ടിക്കാനും ഇതിന് കഴിയും. ചാറ്റ്ജിപിടി എന്നത് ടെക്‌സ്‌റ്റ് മാത്രമുള്ള ഒരു മോഡലാണ്, അതിന് ടെക്‌സ്‌റ്റ് മനസ്സിലാക്കാനും സൃഷ്‌ടിക്കാനും മാത്രമേ കഴിയൂ. ഗൂഗിൾ സെർച്ചിന് കൂടുതൽ കരുത്ത് നൽകാൻ ജെമിനി ഉപയോഗിക്കാം, കൂടാതെ എഐ പിന്തുണയുള്ള ഒരു പുതിയ വെർച്വൽ അസിസ്റ്റന്റ് സൃഷ്ടിക്കാനും ഇത് ഉപയോഗിക്കാം.

എന്നാൽ നിലവിൽ ജെമിനിയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായശേഷം മാത്രമേ പൊതുജനങ്ങൾക്കായി അവതരിപ്പിക്കൂ എന്നാണ് ഗൂഗിൾ പറയുന്നത്. എഐ മത്സരത്തിൽ ചാറ്റ്ജിപിടിക്ക് ബദലായി ഗൂഗിൾ തട്ടിക്കൂട്ടിയ ബാർഡ് എഐ ആദ്യ അവതരണത്തിൽ തന്നെ പരാജയപ്പെട്ടിരുന്നു. അതിന്റെ ക്ഷീണം ഇപ്പോഴും ഗൂഗിളിന് മാറിയിട്ടില്ല. അതിനാൽത്തന്നെ വിജയം ഉറപ്പാക്കിയേ ഇത്തവണ ഗൂഗിൾ പുതിയ എഐയെ കളത്തിലിറക്കൂ.
ഇതുവരെയുള്ള ജെമിനിയുടെ പരീക്ഷണങ്ങളിൽ ഗൂഗിൾ തൃപ്തരാണ്. അതിശക്തമായ ഒരു എഐ അവതരിപ്പിക്കുകയും ഗൂഗിൾ സെർച്ചിൽ ഉൾപ്പെടെ പുതിയ എഐയുടെ കഴിവുകൾ അവതരിപ്പിക്കുകയും ചെയ്താൽ മാത്രമേ നിലവിൽ ഗൂഗിളിന് മുന്നോട്ട് പോകാനാകൂ. ചാറ്റ്ജിപിടിയും മൈക്രോസോഫ്ട് ബിങ്ങും വൻ വെല്ലുവിളിയാണ് ഗൂഗിളിന് സൃഷ്ടിച്ചിരിക്കുന്നത്. എഐ പിന്തുണയുള്ള പുതിയ ബിങ് സെർച്ചിങ്ങിൽ ഗൂഗിളിന് കടുത്ത മത്സരം ഉയർത്തുന്നുണ്ട്.
പുതിയ ജെമിനിയുടെ അവതരണത്തോടെ എല്ലാ എതിരാളികളുടെയും വായടപ്പിക്കുന്ന മറുപടി നൽകാമെന്ന് ഗൂഗിൾ സ്വപ്നം കാണുന്നു. എപ്പോഴാകും ജെമിനി പുറത്തിറക്കുക എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പിച്ചൈ പുറത്തുവിട്ടിട്ടില്ല. എങ്കിലും താമസിക്കുന്തോറും തങ്ങളുടെ നില കൂടുതൽ പരുങ്ങലിലാകും എന്നതിനാൽ കഴിവതും നേരത്തെ അവതരിപ്പിക്കാനാണ് ഗൂഗിളിലെ ഗവേഷകർ ശ്രമിച്ചുവരുന്നത്.


Click it and Unblock the Notifications