ഗൂഗിള്‍ ഡ്രൈവ് അവതരിപ്പിച്ചു

Posted By: Super

ഗൂഗിള്‍ ഡ്രൈവ് അവതരിപ്പിച്ചു

ഒടുവില്‍ ഗൂഗിളിന്റെ ക്ലൗഡ് സ്‌റ്റോറേജ് സേവനമായ ഗൂഗിള്‍ ഡ്രൈവ് ഔദ്യോഗികമായി പുറത്തിറക്കി. ഏറെ നാളായി ഗൂഗിള്‍ ഡ്രൈവ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിച്ചുതുടങ്ങിയിട്ട്. പുതിയ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ വീഡിയോ, ഫോട്ടോ, ഗൂഗിള്‍ ഡോക്‌സ്, പിഡിഎഫ് ഉള്‍പ്പടെയുള്ള എല്ലാതരം ഫയലുകളും ക്ലൗഡില്‍ സൂക്ഷിച്ച് വെക്കാനാകും.

പിന്നീട് ഈ ഫയലുകള്‍ എവിടെ വെച്ചും ഏതൊരു വെബ് അധിഷ്ഠിത ഉത്പന്നത്തില്‍ നിന്നും ആക്‌സസ് ചെയ്യാം. മാക്, പിസികളില്‍ ഗൂഗിള്‍ ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളില്‍ ഇത് ആപ്ലിക്കേഷനായാണ് എത്തുന്നത്. ഉടന്‍ തന്നെ ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിനെ പിന്തുണക്കുന്ന ഡ്രൈവ്  ആപ്ലിക്കേഷനും ഇറക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിള്‍ ഡ്രൈവില്‍ തന്നെ ഗൂഗിള്‍ ഡോക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഒന്നിലേറെ പേര്‍ക്ക് ഒരേ സമയം ഫയല്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. മുമ്പ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതുപോലെ അഞ്ച് ജിഗാബൈറ്റ് ഡാറ്റാ സ്‌റ്റോറേജ് സ്‌പേസ് ഓരോ അക്കൗണ്ടിനും ഗൂഗിള്‍ സൗജന്യമായി നല്‍കുന്നുണ്ട്.

പിന്നീട് 5 ജിബിയ്ക്ക് പുറമെ കൂടുതലായി ആവശ്യം വരുന്ന സ്റ്റോറേജിന് കമ്പനി പണം ഈടാക്കുന്നതാണ്. പ്രതിമാസം 25 ജിബി അധിക സ്റ്റോറേജിന് 2.49 ഡോളറാണ് ഈടാക്കുക. 4.99 ഡോളറിന് 100ജിബി, 49.99 ഡോളറിന് 1ടെറാബൈറ്റ് (ടിബി) എന്നീ നിരക്കുകളിലാണ് കമ്പനി സ്റ്റോറേജ് സേവനം നല്‍കുന്നത്.  ജിമെയില്‍ അക്കൗണ്ട് സ്‌റ്റോറേജ് 10 ജിബിയായി വിപുലപ്പെടും.

ഗൂഗിള്‍+ല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ഗൂഗിള്‍ ഡ്രൈവിലെ ഫോട്ടോ ഫയലില്‍ നിന്നും ഫോട്ടോ തെരഞ്ഞെടുക്കാവുന്നതാണ്. അതേ പോലെ ഡ്രൈവില്‍ നിന്ന്  ജിമെയിലിലേക്ക് നേരിട്ട് ഫയല്‍ അറ്റാച്ച്‌മെന്റ് ഉടനെ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഓപണ്‍ പ്ലാറ്റ്‌ഫോമായതിനാല്‍ വിവിധ തേഡ് പാര്‍ട്ടി ഡെവലപര്‍മാരും ഈ സേവനത്തിന് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. അത് വഴി ഡ്രൈവില്‍ നിന്ന് നേരിട്ട്  ഫാക്‌സ് അയയ്ക്കാനും വീഡിയോ എഡിറ്റ് ചെയ്യാനും പരീക്ഷണ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കാനും ഓരോ ഡ്രൈവ് അക്കൗണ്ട് ഉടമയ്ക്കും സാധിക്കും.

ഇന്ത്യയില്‍ ഡ്രൈവ് സേവനം എല്ലാവരിലേക്കും എത്തിയിട്ടില്ല. ഡ്രൈവ് ലഭ്യമായാല്‍ അക്കാര്യം ഉപയോക്താക്കളെ അറിയിക്കുന്നതിനായി നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ ഡ്രൈവ് ഹോംപേജില്‍ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഈ നോട്ടിഫിക്കേഷന്‍ ക്ലിക് ചെയ്താല്‍ പിന്നീട് ഡ്രൈവ് ഇവിടെ എത്തിയാല്‍ ആ വിവരം ഗൂഗിള്‍ ഇമെയില്‍ വഴി അറിയിക്കും. നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗൂഗിള്‍ ഡ്രൈവ് ഹോംപേജിലെത്താം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot