സെക്കന്റില്‍ 1 ജിബി വേഗതയുള്ള ഗൂഗിള്‍ ഇന്റര്‍നെറ്റ്‌

Posted By: Staff

സെക്കന്റില്‍ 1 ജിബി വേഗതയുള്ള ഗൂഗിള്‍ ഇന്റര്‍നെറ്റ്‌

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗൂഗിളിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനമായ ഗൂഗിള്‍ ഫൈബറിന് കന്‍സാസ് സിറ്റിയില്‍ തുടക്കമാകുന്നു. ഓപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് സെക്കന്റില്‍ 1 ജിബി വേഗതയുള്ള ഇന്റര്‍നെറ്റാണ് കന്‍സാസ് സിറ്റിയിലെ താമസകാര്‍ക്ക് ലഭിക്കുക. ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ സാധാരണ കേബിളുകളേയും ഫോണ്‍ കമ്പനികളേയും ഉപയോഗിക്കാതെ കന്‍സാസ് സിറ്റി പ്രദേശത്ത് ഗൂഗിളിന്റെ ഓപ്റ്റിക്കല്‍ ഫൈബറുകള്‍ വലിക്കുന്ന പരിപാടികള്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ഇതിന് വലിയൊരു തുകയും കമ്പനി ഇത് വരെ ചെലവാക്കുകയുണ്ടായി.

ഗൂഗിള്‍ ഫൈബര്‍ എന്ന ബ്രോഡ്ബാന്‍ഡ് സേവനം കാന്‍സാസ് സിറ്റിയിലാണ് ആദ്യം ലഭ്യമാക്കുകയെന്ന് കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നത്. പ്രതിമാസം 70 ഡോളറാണ് ഈ സേവനത്തിന് ഗൂഗിള്‍ ഈടാക്കുക. മറ്റ് സാധാരണ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെ അപേക്ഷിച്ച് വാടക അല്പം കൂടുതലാണെങ്കിലും നിലവിലെ കേബിള്‍ വ്യവസ്ഥയേക്കാളും 100 മടങ്ങ് വേഗതയാണ് ഓപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഗൂഗിള്‍ ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. ഫൈബര്‍ വഴി കേബിള്‍ ടിവി പോലുള്ള (ഗൂഗിള്‍ ഫൈബര്‍ ടിവി) സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 50 ഡോളറാണ് ഇതിന് ഈടാക്കുക. ഒപ്പം ഒരു ഗൂഗിള്‍ നെക്‌സസ് 7 ടാബ്‌ലറ്റും.


പ്രതിമാസ വാടക ഇല്ലാതെ 300 ഡോളര്‍ ഇന്‍സ്റ്റാളേഷന്‍ ഫീസ് അടയ്ക്കുന്ന വീടുകള്‍ക്ക് സെക്കന്റില്‍ 5 എംബി വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യവും ലഭിക്കും. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മേഖലയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നത്. കന്‍സാസ് സിറ്റിയിലെ ജനങ്ങള്‍ക്ക് പ്രീ രജിസ്‌ട്രേഷന് ആറാഴ്ച കമ്പനി സമയം നല്‍കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

Please Wait while comments are loading...

Social Counting