ഡിജിറ്റല്‍ ലോകത്തെ അതിരുകള്‍ ഭേദിക്കാന്‍ ഗൂഗിള്‍ കണ്ണട

By Super
|
ഡിജിറ്റല്‍ ലോകത്തെ അതിരുകള്‍ ഭേദിക്കാന്‍ ഗൂഗിള്‍ കണ്ണട

വെര്‍ച്വല്‍, യഥാര്‍ത്ഥ ലോകങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ഒരു പുതിയ ആശയവുമായി ഗൂഗിള്‍. ഒരു കണ്ണടയാണ് ഗൂഗിളിന്റെ സംഭാവന. കാഴ്ചയില്‍ സാധാരണമെന്ന് തോന്നുമെങ്കിലും അസാധാരണ കണ്ണടയെന്ന് വേണം ഇതിനെ വിശേഷിപ്പിക്കാന്‍. എവിടെ വെച്ചും ഓണ്‍ലൈന്‍ സുഹൃത്തുക്കളുമായി സംവദിക്കാന്‍ ഈ കണ്ണടയിലൂടെ സാധിക്കും.

ഇന്റര്‍നെറ്റ് ലോകത്തെത്തുവാന്‍ ഇപ്പോള്‍ ചെറുതും വലുതുമായ ധാരാളം കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ ഉണ്ടെങ്കിലും ഒരു കണ്ണടയില്‍ ഡിജിറ്റല്‍ ലോകം എങ്ങനെ തെളിയുമെന്നായിരിക്കും എല്ലാവരുടേയും സംശയം. അതിന് വീഡിയോ സഹിതം വിശദീകരണം നല്‍കുന്നുണ്ട് ഗൂഗിള്‍.

 

ആകാശത്തേക്ക് നോക്കുമ്പോള്‍ കാലാവസ്ഥ വിവരങ്ങള്‍ നല്‍കുന്ന കണ്ണട അത് ഉപയോഗിക്കുന്ന ആള്‍ പിന്നീട് സബ്‌വേയിലൂടെ നടക്കുമ്പോള്‍ സബ്‌വേ അടച്ചിരിക്കുകയാണെന്നും മറ്റൊരു വഴി ഗൂഗിള്‍ മാപ്‌സിന്റെ സഹായത്തോടെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

ഇനി ഏതെങ്കിലും ഒരു സുഹൃത്ത് സംസാരിക്കണം എന്ന് പറഞ്ഞ് മെസേജ് അയയ്ക്കുകയാണെങ്കില്‍ നടന്നുകൊണ്ട് തന്നെ അവരുമായി വീഡിയോചാറ്റ് നടത്താം. നിങ്ങള്‍ കാത്തുനില്‍ക്കുന്ന വ്യക്തി നിങ്ങളുടെ എത്ര അടുത്തുണ്ടെന്നും ഇതിലൂടെ വിവരങ്ങള്‍ ലഭിക്കും, ഇങ്ങനെ പോകുന്നു ഈ വീഡിയോദൃശ്യങ്ങള്‍.


ഡിജിറ്റല്‍ ലോകത്തെ അതിരുകള്‍ ഭേദിക്കാന്‍ ഗൂഗിള്‍ കണ്ണട

കണ്ണടയില്‍ ചെറിയ ക്യാമറകളും ഓണ്‍ ലെന്‍സ് ഡിസ്‌പ്ലെകളും ഉണ്ടാകും. ഇതിലൂടെ യാത്രചെയ്യേണ്ട വഴി, കാലാവസ്ഥ മാറ്റങ്ങള്‍, സുഹൃത്തുക്കളുടെ സന്ദേശങ്ങള്‍ എന്നിവ കാണാനാകും. സുഹൃത്തുക്കളോട് സംസാരിക്കാനായി ഇതില്‍ മൈക്രോഫോണും ഘടിപ്പിച്ചിട്ടുണ്ട്.

ഗൂഗിള്‍+ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലെ പ്രോജക്റ്റ് ഗ്ലാസ് പേജിലാണ് ഗൂഗിള്‍ ഈ സങ്കേതത്തെ പരിചയപ്പെടുത്തുന്നത്. കമ്പനിയുടെ രഹസ്യ ലാബായ ഗൂഗിള്‍ എക്‌സ് ലാബാണ് ഇതിന് നേതൃത്വം നല്‍കിയത്.

ഗൂഗിള്‍ മാപ്പിംഗ് സോഫ്റ്റ്‌വെയറായ ലാറ്റിറ്റിയൂഡ് വികസിപ്പിച്ചെടുത്ത സ്റ്റീവ് ലി, ഡ്രൈവറില്ലാത്ത കാറെന്ന ആശയത്തിന് രൂപം നല്‍കിയവരിലൊരാളായ സെബാസ്റ്റ്യന്‍ ത്രൂന്‍, വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ മക്‌മോറോ ഇന്നവേഷന്‍ അസോസിയേറ്റ് പ്രൊഫസര്‍ ബബാക് അമീര്‍ പര്‍വീസ് എന്നിവരും ഈ പദ്ധതിയിലെ അംഗങ്ങളാണെന്നാണ് ഗൂഗിള്‍+ലെ പോസ്റ്റ് സൂചിപ്പിക്കുന്നത്.

ഈ ടെക്‌നോളജി അടുത്ത ഭാവിയില്‍ തന്നെ വിണിയിലെത്തുമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നില്ല. ടെക്‌നോളജി പ്രേമികളില്‍ നിന്ന് ഇതിന് ആവശ്യമായ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ ഗൂഗിളിന്റെ ലക്ഷ്യം. അതിനായാണ് ഇപ്പോള്‍ ഈ ആശയത്തെ കമ്പനി ഗൂഗിള്‍ പ്ലസിലൂടെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ആര്‍ക്കും പ്രോജക്റ്റ് ഗ്ലാസ് പേജില്‍ പോയി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം.

യാത്രക്കിടയിലും മൊബൈല്‍ ഫോണോ ടാബ്‌ലറ്റോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അത് കയ്യിലോ പോക്കറ്റിലോ സൂക്ഷിച്ച് വെക്കണം. തിരക്കുള്ള സ്ഥലങ്ങളില്‍ ഉത്പന്നം ഉപയോഗിക്കാന്‍ മാത്രമല്ല സൂക്ഷിക്കാനും ബുദ്ധിമുട്ടേണ്ടി വരും. ഗൂഗിള്‍ അവതരിപ്പിക്കുന്ന ഈ കണ്ണടകയ്ക്ക് അങ്ങനെ നിയന്ത്രണങ്ങളൊന്നും ഇല്ല.

നടന്നുകൊണ്ട് പോലും കയ്യും മടക്കിക്കെട്ടി ഓണ്‍ലൈന്‍ ലോകത്ത് വിരാചിക്കാം. കുറച്ച് കാലം കഴിയുമ്പോള്‍ തിരക്കുള്ള വഴിയിലൂടെ ഒറ്റക്ക് സംസാരിച്ചും ചിരിച്ചും പോകുന്ന ആളെ കണ്ടാല്‍ ഭ്രാന്താണെന്ന് കരുതണ്ട, ഒരു പക്ഷെ ഗൂഗിള്‍ ഗ്ലാസാകും അയാള്‍ ധരിച്ചിട്ടുണ്ടാകുക.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X