കമോൺഡ്രാ ഗൂഗിളേ.. കാഴ്ച കുറഞ്ഞവർക്ക് പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ
ഗ്ലോബൽ ആക്സെസിബിലിറ്റി അവെയർനെസ്സ് ദിനത്തിൽ ഗൂഗിൾ അതിൻ്റെ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഉടനീളം പുതിയ ആക്സെസിബിലിറ്റിഫീച്ചർ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി, ഗൂഗിൾ ആൻഡ്രോയിഡിലെ ലുക്ക്ഔട്ട് ടൂൾ അപ്‌ഗ്രേഡ് ചെയ്‌തു. ഇത് കാഴ്ച കുറവുള്ള ആളുകളെ അവരുടെ ചുറ്റുപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ഗൂഗിൾ എഐ ഉപയോഗിക്കുകയും ഇരിപ്പിടം, കുളിമുറി തുടങ്ങി മൊത്തം ഏഴ് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദിഷ്‌ട ഒബ്‌ജക്‌റ്റുകൾക്കായി തിരയാനുള്ള ലുക്ക്ഔട്ടിൻ്റെ കഴിവ് ആഡ് ആക്കുകയും ചെയ്തു.
ഉപയോക്താക്കളെ പുതിയ അപ്‌ഡേറ്റ് എങ്ങനെ സഹായിക്കും എന്ന് നോക്കാം. നിർദ്ദിഷ്‌ട ഒബ്‌ജക്‌റ്റുകൾ കണ്ടെത്തുന്നതിനുള്ള ഒരു പുതിയ മാർഗം വാഗ്ദാനം ചെയ്യുന്ന ബീറ്റ പതിപ്പിൽ ഗൂഗിൾ ഒരു ഫൈൻഡ് മോഡ് പുറത്തിറക്കാൻ പോകുന്നു. ഉപയോക്താക്കൾക്ക് ഇരിപ്പിടങ്ങളും മേശകളും കുളിമുറിയും പോലുള്ള ഏഴ് വിഭാഗങ്ങൾ തിരഞ്ഞെടുക്കാം.

തുടർന്ന് അവർ മുറിക്ക് ചുറ്റും ക്യാമറ ചലിപ്പിക്കുമ്പോൾ, തിരഞ്ഞെടുത്ത സ്ഥലത്തേക്കുള്ള ദിശയും ദൂരവും ലുക്ക്ഔട്ട് അവരെ അറിയിക്കും. ഈ വർഷം ആദ്യം, എഐ ജനറേറ്റഡ് ഇമേജ് ക്യാപ്‌ഷനുകൾ ആഗോള തലത്തിൽ ഇംഗ്ലീഷിൽ ലുക്ക്ഔട്ടിൽ ലഭ്യമായിരുന്നു. ഇപ്പോൾ ആരെങ്കിലും ആപ്പിനുള്ളിൽ നേരിട്ട് ഫോട്ടോ എടുക്കുകയാണെങ്കിൽ, അവർക്ക് ചിത്രത്തിൻ്റെ എഐ ജനറേറ്റഡ് വിവരണം ലഭിക്കുകയും അവർ എടുക്കുന്ന ചിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയുകയും ചെയ്യാം.
ആൻഡ്രോയിഡിൻ്റെ ലുക്ക് ടു സ്പീക്ക് ആപ്പ് ഉപയോക്താക്കളെ അവരുടെ ഇഷ്ടാനുസൃതമാക്കാവുന്ന ശൈലികളിൽ സ്വന്തം കണ്ണുകൊണ്ട് മുൻകൂട്ടി എഴുതിയ കണ്ടന്റുകൾ അവരുടെ ഉപകരണത്തിൽ ഉച്ചത്തിൽ വായിക്കാൻ സഹായിക്കും.ഈ ആപ്പ് ടെക്സ്റ്റ്-ഫ്രീ മോഡിനെ സപ്പോർട്ട് ചെയ്യുന്നവയാണ്. ഭാഷാ തടസങ്ങളും സാക്ഷരതാ വെല്ലുവിളികളും മറികടക്കാനും വൈജ്ഞാനികമായ അറിവുകൾ വർധിപ്പിക്കാനും സഹായിക്കുന്ന ഒരു മാർഗം എന്ന നിലയിൽ പ്രവർത്തിക്കാനും ഈ ഫീച്ചറിന് സാധിക്കുമെന്ന് കമ്പനി പറയുന്നു.
ഗൂഗിളിൻ്റെ പ്രോജക്റ്റ് ഗെയിംഫേസ്, തലയുടെ ചലനങ്ങളും മുഖഭാവങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടറിൻ്റെ കഴ്‌സർ നിയന്ത്രിക്കാൻ ആളുകളെ പ്രാപ്‌തമാക്കുന്നു. ഈ ടൂൾ ഇപ്പോൾ പിസിയിൽ നിന്ന് ആൻഡ്രോയിഡിലേക്ക് വികസിപ്പിച്ചിട്ടുണ്ട്. ഡെവലപ്പർമാർക്ക് ഇപ്പോൾ ഗിറ്റ് ഹബ്ബ് (GitHub) വഴി ഈ ഫീച്ചർ ഉപയോഗിക്കാനാകും. ഇതുകൂടാതെ, ഗൂഗിൾ മറ്റ് ചില ആക്സസിബിലിറ്റി ഫീച്ചറുകളും ചേർക്കുന്നുണ്ട്. ഉദാഹരണത്തിന്, ബിസിനസുകൾക്ക് അവരുടെ ഗൂഗിൾ മാപ്‌സ് പ്രൊഫൈലിൽ ഓറാകാസ്റ്റ് (Auracast) പ്രാപ്‌തമാക്കിയ ബ്ലൂടൂത്ത് ഉപകരണങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇപ്പോൾ കഴിയും.
ഗൂഗിൾ തങ്ങളുടെ ഗൂഗിൾ പ്ലേസ്റ്റോറിലും അപ്ഡേറ്റുകൾ കൊണ്ടുവന്നിരുന്നു. പതിനാലിലധികം രാജ്യങ്ങളിലെ ഔദ്യോഗിക സ്റ്റേറ്റ്, ഫെഡറൽ ഗവൺമെൻ്റ് ആപ്പുകൾ തിരിച്ചറിയുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലേബലുകൾ പുറത്തിറക്കിയതായിരുന്നു അവസാനം പുറത്ത് വന്ന ഫീച്ചർ. വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക ഇടപാടുകളോ വഴി ഉപയോക്താക്കളെ കബളിപ്പിക്കാൻ ശ്രമിച്ചേക്കാവുന്ന ആപ്പുകളിൽ നിന്ന് നിയമാനുസൃതമായ സർക്കാർ ആപ്പുകളെ വേർതിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ ഫീച്ചറിൻറെ ലക്ഷ്യം.
ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ജർമ്മനി, ജപ്പാൻ, ഫ്രാൻസ്, കാനഡ, യുണൈറ്റഡ് കിംഗ്‌ഡം, ബ്രസീൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ രണ്ടായിരത്തിലധികം ആപ്പുകളിൽ ഈ ബാഡ്‌ജുകൾ നിലവിൽ ബാധകമാണെന്ന് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആപ്പ് ഡെവലപ്പർമാർക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഗൂഗിൾ ഈ ഫീച്ചർ സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.
ഉപയോക്താക്കൾക്ക് ഇപ്പോൾ ഔദ്യോഗിക ആപ്പുകൾക്കൊപ്പം ഒരു പുതിയ ഗവണ്മെന്റ് ബാഡ്ജ് കാണാനാകും. ഈ ബാഡ്ജിൽ ടാപ്പ് ചെയ്താൽ 'Play verified this app is affiliated with a government entity' എന്ന് പറയുന്ന ഒരു പോപ്പ്-അപ്പ് മെസ്സേജ് വരുന്നതാണ്. കൂടാതെ, ആപ്പുകൾക്കായുള്ള ടോപ്പ് ചാർട്ടുകൾ പോലുള്ള ലിസ്റ്റുകളിലും ഈ ബാഡ്ജ് ദൃശ്യമാകും.
ബാഡ്‌ജുകളുള്ള ആപ്പുകളുടെ ഓൺബോർഡിംഗ് സുഗമമാക്കുന്നതിന് ഗവൺമെൻ്റുകളുമായും അവരുടെ ഡെവലപ്പർ പങ്കാളികളുമായും ഗൂഗിൾ സഹകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ, പ്ലേ സ്റ്റോറിൽ പെരുകുന്ന നിരവധി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാജ ആപ്പുകൾ കമ്പനിക്ക് വെല്ലുവിളി ആകുന്നുണ്ട്. കൃത്യമല്ലാത്ത വിവരണങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന ഐക്കണുകളോ സ്ക്രീൻഷോട്ടുകളോ ഉള്ള ആപ്പുകളെ, പ്രത്യേകിച്ച് ഔദ്യോഗിക ആപ്പുകളെന്ന് തെറ്റായി അവകാശപ്പെടുന്നവ, പ്ലേ സ്റ്റോറിന്റെ നിലവിലുള്ള നയങ്ങൾ ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ട് എന്നത് അഭിനന്ദനാർഹമാണ്.
ഒരു സർക്കാർ സ്ഥാപനവുമായി തെറ്റായി അഫിലിയേഷൻ ക്ലെയിം ചെയ്യുന്ന ആപ്പുകളെയും സർക്കാർ സേവനങ്ങൾ നൽകാനോ പ്രോസസ്സ് ചെയ്യാനോ ശരിയായ അംഗീകാരമില്ലാത്ത ആപ്പുകളെയും പൊതു ലംഘനമായി കണക്കാക്കുകയാണ് ഗൂഗിൾ. ഗൂഗിൾ നിയമങ്ങളിൽ ഇവ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഫേക്ക് ആപ്പുകൾക്ക് ബാഡ്ജ് ഉണ്ടാകാനുള്ള സാധ്യത ഇല്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








