സ്വിച്ച് ഓഫ് ആക്കിയാലും കാണാതെപോയ ഫോൺ കണ്ടുപിടിക്കാം, അതിനല്ലേ ഈ ഗൂഗിൾ ഫീച്ചർ...
ഇന്ന് നമുക്ക് ചുറ്റുമുള്ള പലരുടെയും ഏറ്റവും വിലപിടിച്ച വസ്തു അവരുടെ സ്മാർട്ട്ഫോൺ ആണ്. അതിന്റെ വിലയെക്കാൾ ഉപരി അതിൽ അടങ്ങിയിരിക്കുന്ന വിലപ്പെട്ട വിവരങ്ങൾ ആണ് അതിന് കാരണം. വ്യക്തിപരവും തികച്ചും സ്വകാര്യവുമായ നിറയെ ഡാറ്റകൾ പലരുടെയും സ്മാർട്ട്ഫോണുകളിൽ ഉണ്ട്. അതിനാൽത്തന്നെ അവരെ സംബന്ധിച്ചിടത്തോളം സ്മാർട്ട്ഫോണിന് പ്രാധാന്യമേറെയാണ്.
പറയത്തക്ക രഹസ്യങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും സ്ഥിരം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ നമുക്ക് പ്രിയപ്പെട്ടതാണ്. അപ്പോൾ ഒരുപാട് സ്വകാര്യ വിവരങ്ങൾ അടങ്ങുന്ന ഫോണുകളുടെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ എത്ര സൂക്ഷ്മതയോടെ കൊണ്ടുനടന്നാലും നമ്മുടെ സ്മാർട്ട്ഫോണുകൾ മോഷ്ടിക്കപ്പെടാനും കൈമോശം വന്ന് മറ്റുള്ളവരുടെ പക്കൽ എത്തിപ്പെടാനും സാധ്യതയുണ്ട്.

ഫോൺ നഷ്ടമാകുന്നതിനൊപ്പം അതിലെ പ്രധാന ഡാറ്റയും അതോടൊപ്പം അപരിചിതരുടെ പക്കൽ എത്തുന്നു. സ്മാർട്ട്ഫോൺ ഉടമകളെ സംബന്ധിച്ചിടത്തോളം ഫോൺ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ കൂടി ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അങ്ങനെ ഫോൺ നഷ്ടപ്പെട്ടാൻ എന്തുചെയ്യാൻ കഴിയും. ആളുകളുടെ ഈ അവസ്ഥ മനസിലാക്കിയ ഗൂഗിൾ സ്മാർട്ട്ഫോണുകൾ ഉടമകൾക്ക് സന്തോഷം പകരുന്ന ഒരു വാർത്ത ഉടൻ പ്രഖ്യാപിക്കും.
ഗൂഗിളിന്റെ ഈ വർഷത്തെ I/O ഇവന്റ് മേയ് 14ന് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗൂഗിൾ ഈ ഇവന്റിന്റെ തീയതി സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പിന്നാലെ ഗൂഗിൾ ഈ ഇവന്റിൽ അവതരിപ്പിക്കാൻ പോകുന്നത് എന്തൊക്കെയാണ് എന്നതിന്റെ ചർച്ചകളും ചൂടുപിടിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് നഷ്ടപ്പെട്ട ഫോൺ കണ്ടുപിടിക്കാനുള്ള ഫീച്ചറും കടന്നുവന്നിരിക്കുന്നത്.

നടക്കാൻ പോകുന്ന ഗൂഗിൾ ഇവന്റിൽ ആൻഡ്രോയിഡ് 15 ഒഎസിന്റെ ലോഞ്ചും പ്രതീക്ഷിക്കുന്നുണ്ട്. ഒരുപാട് പുതിയ ഫീച്ചറുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്ക് അവതരിപ്പിക്കാൻ കഴിയും വിധത്തിലാണ് ഗൂഗിൾ ആൻഡ്രോയിഡ് 15 ഒഎസ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഫോൺ ഓഫ് ആക്കിയാലും അതിന്റെ ലൊക്കേഷൻ കണ്ടെത്തുന്ന വിധത്തിലുള്ള പുതിയ ഫീച്ചർ ആണ്.
സ്വിച്ച് ഓഫ് ചെയ്താലും/ ആയാലും ഫോൺ കണ്ടെത്താനുള്ള ഫീച്ചർ ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നതായി
കഴിഞ്ഞ വർഷം മുതൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എങ്കിലും ആൻഡ്രോയിഡ് പോലീസിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആൻഡ്രോയിഡ് 15 ൽ തീർച്ചയായും ഓഫ്‌ലൈൻ ഡിവൈസ് ട്രാക്കിംഗ് ഗൂഗിൾ അവതരിപ്പിച്ചേക്കും എന്നാണ്.
ആപ്പിളിൻ്റെ ഫൈൻഡ് മൈ നെറ്റ്‌വർക്കിന് സമാനമായിട്ടാകും ആൻഡ്രോയിഡ് ഫോണുകളിലെ ഈ ഫീച്ചർ പ്രവർത്തിക്കുക. ഇൻ്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽപ്പോലും ഉപയോക്താക്കൾക്ക് അവരുടെ നഷ്‌ടമായ ഡിവൈസുകൾ കണ്ടെത്താൻ സാധിക്കും എന്നതാണ് വരാൻ പോകുന്ന ഫീച്ചറിന്റെ പ്രത്യേകത. ബ്ലൂടൂത്ത് ബീക്കൺ സിഗ്നലിംഗ് നിലനിർത്തുന്നതിലൂടെ ഫോണിന്റെ സ്ഥാനം കണ്ടെത്തി ഉടമയെ അറിയിക്കുംവിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അതേസമയം ഫൈൻഡ് മൈ ഡിവൈസ് നെറ്റ്വർക്ക് ഓഫ്‌ലൈൻ ഡിവൈസുകളും തേർഡ് പാർട്ടി ട്രാക്കറുകളും ഉപയോഗിച്ച് വിപുലീകരിക്കാനുള്ള ഗൂഗിളിന്റെ 2023ലെ ഗൂഗിൾ IO ഇവന്റിലെ പ്രഖ്യാപനം ഇതുവരെ യാഥാർഥ്യമായിട്ടില്ല. ക്രോസ്-പ്ലാറ്റ്ഫോം ഡിവൈസ് ട്രാക്കിംഗിനായുള്ള സ്പെസിഫിക്കേഷനുകൾ അന്തിമമാക്കാൻ ആപ്പിളിനായി ഗൂഗിൾ കാത്തിരിക്കുന്നതാണ് ഇത് നടപ്പിലാക്കുന്നതിലെ കാലതാമസത്തിന് കാരണം എന്നാണ് പറയപ്പെടുന്നത്.
നിലവിൽ, ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് നെറ്റ്‌വർക്ക് ഇൻറർനെറ്റിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, വെയർ OS ഉപകരണങ്ങളുടെ പവർ-ഓൺ ട്രാക്കിംഗ് സാധ്യമാണ്. എന്നിരുന്നാലും, ഓഫ്‌ലൈൻ ഡിവൈസുകളുടെ ട്രാക്കിംഗ് കൂട്ടിച്ചേർക്കുന്നത് ഈ ഫീച്ചറിന്റെ പ്രാധാന്യവും ഉപയോഗവും ഗണ്യമായി വർദ്ധിപ്പിക്കും. ഇൻ്റർനെറ്റിലേക്ക് കണക്റ്റുചെയ്യാത്ത സാഹചര്യങ്ങളിൽപ്പോലും ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസുകൾ കണ്ടെത്താൻ ഇത് സഹായിക്കും.
ചില റിപ്പോർട്ടുകൾ പറയുന്നത്, വരാൻ പോകുന്ന ഗൂഗിൾ പിക്സൽ 9 സീരീസിലൂടെ ഈ ഫീച്ചർ അവതരിപ്പിക്കപ്പെടും എന്നാണ്. പിന്നീട് ഈ ഫീച്ചർ പിക്സൽ 8 സീരീസ് ഫോണുകളിലേക്കും ലഭ്യമാക്കും. ഓഫ്‌ലൈൻ ഡിവൈസുകളുടെ ട്രാക്കിംഗ് നടപ്പിലാക്കുന്നതിന് ഹാർഡ്‌വെയർ തലത്തിൽ പ്രത്യേക എഞ്ചിനീയറിംഗ് ആവശ്യമാണ്, അതിനാൽത്തന്നെ പിക്സൽ 7 മുതലുള്ള പഴയ മോഡലുകളിൽ ഈ ഫീച്ചർ ലഭ്യമാകണമെന്നില്ല.


Click it and Unblock the Notifications








