അനാവശ്യ കോളുകൾ ഒഴിവാക്കാം, ഇഷ്ടമുള്ളവരുടെ കോളുകൾ മാത്രം വരും; എക്സ്ക്ലൂസീവ് ഫീച്ചറുമായി ഗൂഗിൾ
ഗൂഗിൾ തങ്ങളുടെ പിക്സൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി പുതിയ പിക്സൽ VIPs (Pixel VIPs) ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. പലപ്പോഴും സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അനാവശ്യ കോളുകൾ. എന്തെങ്കിലും അടിയന്തര ജോലികൾക്കിടയിൽ നിൽക്കുമ്പോഴായിരിക്കും ഒരു കോൾ എത്തുക. അത്യാവശ്യമെന്നു കരുതി ചെയ്തുകൊണ്ടിരിക്കുന്ന പണി നിർത്തി കോൾ എടുക്കുമ്പോഴാകും അത് ഒരു അനാവശ്യ കോൾ (പരസ്യ കോളുകൾ) അല്ലെങ്കിൽ പ്രാധാന്യമില്ലാത്ത മറ്റാരുടെയെങ്കിലും കോൾ ആണ് എന്ന് തിരിച്ചറിയുക. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉപകാരപ്പെടുന്നതാണ് ഗൂഗിൾ പിക്സൽ ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്ന പിക്സൽ VIPs ഫീച്ചർ.
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ സ്വസ്ഥമായി ഇരിക്കാനോ വേണ്ടി അനാവശ്യ കോളുകൾ ഒഴിവാക്കാൻ Do Not Disturb ഫീച്ചർ പലരും ഉപയോഗപ്പെടുത്താറുണ്ട്. പക്ഷേ ഈ ഘട്ടത്തിൽ ചിലപ്പോൾ അടിയന്തര കോളുകൾ പലതും നഷ്ടമാകാനുള്ള സാധ്യത നിലനിൽക്കുന്നു. ആ ഒരു പ്രശ്നം പരിഹരിക്കുന്നതാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്ന പിക്സൽ വിഐപി ഫീച്ചർ.

Do Not Disturb ഫിൽട്ടറിൽ നിന്ന് വളരെ പ്രധാനപ്പെട്ട കോൺടാക്റ്റുകളെ ഒഴിവാക്കാൻ ഉപയോക്താക്കളെ അനുവദിക്കും എന്നതാണ് പിക്സൽ VIPs എന്ന ഗൂഗിളിന്റെ പുതിയ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ആയ പിക്സൽ ഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ എക്സ്ക്ലൂസീവ് ആയി അവതരിപ്പിക്കുന്ന ഫീച്ചർ ആണ് ഇത്. എന്നാൽ ഔദ്യോഗികമായി ഈ ഫീച്ചർ ഗൂഗിൾ പുറത്തിറക്കിയിട്ടില്ല.
ഉപയോക്താക്കളിലേക്ക് ഈ പുതിയ ഫീച്ചർ എത്തിക്കാനുള്ള അവസാന വട്ട തയാറെടുപ്പിലാണ് ഗൂഗിൾ. ഈ വർഷത്തിന്റെ അവസാന ഘട്ടത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പിക്സൽ 10-നൊപ്പം ഗൂഗിൾ ഈ ഫീച്ചർ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പക്ഷേ നിരവധി റെഡ്ഡിറ്റ് (Reddit) ഉപയോക്താക്കൾ Pixel VIPs വിജറ്റ് തങ്ങൾക്ക് ലഭ്യമാകാൻ തുടങ്ങിയതായി അവകാശപ്പെടുന്നുണ്ട്.
നിരവധി Pixel ഉപയോക്താക്കൾ ഇപ്പോൾ പ്ലേ സ്റ്റോർ അപ്‌ഡേറ്റ് വഴി അവരുടെ സ്മാർട്ട്ഫോണുകളിൽ ഈ വിജറ്റ് ലഭ്യമായി എന്നാണ് അവകാശപ്പെടുന്നത്. ഈ ഫീച്ചർ തുടക്കത്തിൽ ലഭ്യമായ ഉപയോക്താക്കൾ പറയുന്നത് പ്രകാരം, പിക്സൽ ഫോണുകളിലെ VIP വിജറ്റ് ഉപയോക്താക്കളെ എട്ട് കോൺടാക്റ്റുകൾ വരെ VIP-കളായി പിൻ ചെയ്യാൻ അനുവദിക്കുന്നു.
ഈ വിഐപി കോൺടാക്റ്റുകൾ പിന്നീട് ഒരു വിജറ്റ് വഴി ഹോം സ്‌ക്രീനിൽ പ്രാധാന്യത്തോടെ ദൃശ്യമാകും. കൂടാതെ, കോൺടാക്റ്റ് ആപ്പിൽ അവരുടെ പേരിന് അടുത്തായി ഒരു പ്രത്യേക "VIP" ലേബൽ ഉണ്ടായിരിക്കും. വിജറ്റിൽ നിന്ന്, ഉപയോക്താക്കൾക്ക് അവരുടെ ലാസ്റ്റ് കോൾ അല്ലെങ്കിൽ മെസേജ് കാണാനാകും.
കൂടാതെ ലൊക്കേഷൻ ഷെയറിങ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ വിജറ്റിനുള്ളിലെ ഒരു മിനി മാപ്പിൽ അവരുടെ തത്സമയ ലൊക്കേഷൻ ദൃശ്യമാകും. ഇതിനെല്ലാമപ്പുറം പിക്സൽ VIPs വിജറ്റ് ഫീച്ചറിന്റെ പ്രധാന നേട്ടം അതിന് Do Not Disturb മോഡിനെ മറികടക്കാൻ കഴിയും എന്നത് തന്നെയാണ്.

അതായത് ഡിഎൻഡി മോഡിൽ ബാക്കിയുള്ള കോൺടാക്റ്റുകൾ മ്യൂട്ട് ചെയ്തിരിക്കുമ്പോൾ പോലും ഈ വിഐപി നമ്പറുകളായി സേവ് ചെയ്തിരിക്കുന്ന ആളുകളിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ വന്നാൽ ഉപയോക്താവിന് അറിയാനാകും. തിരക്കുള്ളപ്പോൾ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ജോലി സംബന്ധമായ അടിയന്തര കോൺടാക്റ്റുകൾ എന്നിവയുമായി മാത്രം ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.
ഇത് കൂടാതെ ഒട്ടനവധി അധിക ഓപ്ഷനുകളും പിക്സൽ വിഐപി വിജറ്റ് ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഉപയോക്താക്കൾക്ക് ഇത് ആപ്പ് ഡ്രോയറിൽ കണ്ടെത്താനാവില്ല. പകരം, വിഡ്ജറ്റ് പിക്കർ വഴിയോ കോൺടാക്റ്റ് ആപ്പ് വഴി നേരിട്ടോ ഇത് ആഡ് ചെയ്യാനാകും. 2025 ജൂണിൽ പിക്സൽ ഫോണുകൾക്കായി ഗൂഗിൾ ഈ ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്ന ചില റിപ്പോർട്ടുകളും ഉണ്ട്.


Click it and Unblock the Notifications