ആൻഡ്രോയിഡ് ഉപഭോക്താക്കൾ നേരിടുന്നത് വൻ ഭീഷണി; അറിയിപ്പുമായി കേന്ദ്ര സർക്കാർ
രാജ്യത്തെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇന്ത്യൻ സൈബർ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇത്തരത്തിൽ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ആൻഡ്രോയിഡിന്റെ 11, 12.5.12L, 13 പതിപ്പുകളിൽ ആണ് അപകടം പതുങ്ങിയിരിക്കുന്നത്. നിരവധി കേടുപാടുകൾ ആണ് ഈ പതിപ്പുകളിൽ സർക്കാർ കണ്ടെത്തിയിരിക്കുന്നത്.
ഗുരുതരമായ ഭീഷണിയാണ് ഈ ആൻഡ്രോയിഡ് പതിപ്പുകൾ ഉപഭോക്താക്കൾക്ക് ഉയർത്തിയിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നവരുടെ സെൻസിറ്റീവ് രേഖകൾ അടക്കം ചോരാൻ സാധ്യത ഉണ്ടെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. മതിയായ സുരക്ഷാ ഫീച്ചറുകൾ ഈ പഴയ പതിപ്പുകൾ വാഗ്ദാനം ചെയ്യത്താതിനാൽ തന്നെ ഹാക്കർമാർക്ക് ഇവരുടെ ഉപകരണങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും എന്നും അറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു. ഈ പഴയ പതിപ്പുകൾ ഉപയോഗിക്കുന്നവർ എത്രയും പെട്ടന്ന് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്നും പറയുന്നു.

ആൻഡ്രോയിഡിന്റെ 11, 12.5.12L, 13 പതിപ്പുകളിൽ Framework, System, Google Play സിസ്റ്റം അപ്‌ഡേറ്റുകൾ, MediaTek ഘടകങ്ങൾ, Unisoc ഘടകങ്ങൾ, Qualcomm ഘടകങ്ങൾ, Qualcomm ക്ലോസ്ഡ് സോഴ്‌സ് ഘടകങ്ങൾ എന്നിവയിൽ ആണ് കേടുപാടുകൾ കണ്ടെത്തിയിരിക്കുന്നത്. ഈ കേടുപാടുകൾ മുതലെടുത്ത് ഹാക്കർമാർക്കോ സൈബർ കുറ്റവാളികൾക്കോ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാവുന്നതാണ്. മാത്രമല്ല അപകടകരമായ വൈറസുകളെ നിങ്ങളുടെ ഫോണിലേക്ക് കടത്തിവിടാനും സാധിക്കും.
ഫോണിലെ പ്രൈവറ്റ് ഫയലുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ ഇവർക്ക് കൈയ്യടക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് നിരവധി ഉപഭോക്താക്കൾ ആൻഡ്രോയിഡിന്റെ ഈ പഴയ പതിപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. CVE-2023-4863, CVE-2023-4211 എന്നിങ്ങനെയാണ് ഇതിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേടുപാടുകൾ. എത്രയും പെട്ടെന്ന് ഉപകരണത്തിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്നത് മാത്രമാണ് ഇക്കാര്യത്തിൽ ഉള്ള പരിഹാരം.

നിങ്ങളുടെ ഉപകരണം അപ്ഡേറ്റ് ചെയ്യുന്നത് വഴി ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത്തരം ഭീഷണികളിൽ നിന്ന് ഈ സുരക്ഷാ പാച്ചുകൾ നിങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കുന്നതായിരിക്കും. അപ്ഡേഷൻ എത്രത്തോളം വൈകുപ്പിക്കുന്നുവോ അത്രത്തോളം അപകടത്തിലൂടെയാണ് നിങ്ങൾ പോകുന്നത് എന്ന കാര്യം ഓർക്കുക. സാധാരണ നിലയിൽ നിങ്ങളുടെ ഉപകരണം തന്നെ അപ്ഡേഷൻ സമയം ആകുമ്പോൾ ഓർമ്മിപ്പിക്കാറുണ്ട് ഈ സമയത്ത് തന്നെ അപ്ഡേഷൻ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ഇത്തരത്തിൽ അപ്ഡേഷൻ ചെയ്യാൻ വനിങ്ങൾ മറന്നുപോയെങ്കിൽ സെറ്റിംഗ്സിൽ അപ്ഡേഷൻ ചെക്ക് ചെയ്തും നിങ്ങളുടെ ഉപകരണം അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ഉപകരണത്തിലെ ആൻഡ്രോയിഡ് പതിപ്പ് നമ്പർ, സുരക്ഷാ അപ്‌ഡേറ്റ് നില, ഗൂഗിൾ പ്ലേ സിസ്റ്റം ലെവൽ എന്നിവ നിങ്ങൾക്ക് തന്നെ പരിശോധിക്കാൻ സാധിക്കുന്നതാണ്. ഫോണിലെ സെറ്റിംഗ്സിൽ താഴെയായി എബൗട്ട് ഫോൺ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇവിടെ ആൻഡ്രോയിഡ് പതിപ്പ് നമ്പർ, സുരക്ഷാ അപ്‌ഡേറ്റ് തുടങ്ങിയവ കാണാൻ സാധിക്കും.
ഫോൺ ഓരോ അപ്ഡേറ്റ് സൂചനകൾ തരുമ്പോഴും അപ്പോൾ തന്നെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇതിന് പുറമെ ഫോണിനെ സുരക്ഷിതമായി നിലനിർത്താൻ ചില വഴികൾ കൂടിയുണ്ട് ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ആപ്പുകളുടെ ഡൗൺലോഡിങ്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ പ്ലേ സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുക. മറ്റ് അപികെ ആപ്പുകൾ ഒരിക്കലും സുരക്ഷിതമല്ല എന്ന കാര്യം മനസിലാക്കേണ്ടതുണ്ട്.
മറ്റൊരു കാര്യമാണ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾക്ക് നൽകിയിരിക്കുന്ന പെർമിഷൻ പരിശോധിക്കുക എന്നത്. ആപ്പ് പ്രവർത്തിക്കാൻ ആവിശ്യമായ കാര്യങ്ങൾക്ക് മാത്രം പെർമിഷൻ നൽകുക. അല്ലാത്തപക്ഷം ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ വലുതാണ്. മറ്റൊരു പ്രധാന കാര്യമാണ് നിങ്ങളുടെ ഡാറ്റകൾ ബാക്കപ്പ് ചെയ്യുക എന്നത്. എന്തെങ്കിലും കേടുപാടുകൾ സംഭവിച്ച് ഉപകരണം ഫോർമാറ്റ് ചെയ്യേണ്ടി വന്നാൽ ഫയലുകൾ എല്ലാം നഷ്ടപ്പെട്ടേക്കാം.


Click it and Unblock the Notifications








