ഒരു നാൾ ആവശ്യം വരും! എല്ലാ ഫോണുകളിലും എഫ്എം റേഡിയോ നിർബന്ധമായും ഉണ്ടാവണമെന്ന് കേന്ദ്രം
ഇന്ത്യയിൽ വിൽക്കുന്ന ഫോണുകളിൽ എഫ്എം റേഡിയോ സംവിധാനം ഉണ്ടായിരിക്കണമെന്നും അത് പ്രവർത്തനസജ്ജമായിരിക്കണമെന്നും കേന്ദ്രം. സ്മാർട്ട്ഫോണുകളിൽ എഫ്എം റേഡിയോ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധം സജ്ജീകരിക്കാൻ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ നിർമാതാക്കൾക്ക് നിർദേശം നൽകി. പാവപ്പെട്ടവർക്ക് റേഡിയോ സേവനങ്ങൾ എത്തിക്കുന്നതിന് മാത്രമല്ല, ഭാവിയിലെ പ്രയോജനംകൂടി കണക്കിലെടുത്താണ് നിർദേശം.
ഗ്രാമീണ മേഖലകളിൽ വിനോദ ഉപാദിയെന്ന നിലയിൽ സേവനങ്ങൾ നൽകാൻ എഫ് എം റേഡിയോകൾക്ക് സാധിക്കും. എന്നാൽ വിനോദ ഉപാദി എന്നതിനപ്പുറം അടിയന്തര സാഹചര്യങ്ങളിൽ പ്രയോജനപ്പടുത്താൻ സാധിക്കുന്ന സംവിധാനം എന്ന നിലയിലാണ് ഫോണുകളിൽ എഫ്എം റേഡിയോ സംവിധാനം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും എഫ്എം റേഡിയോ സേവനം ഉപയോഗിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഐടി മന്ത്രാലയം ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനും (ഐസിഇഎ), മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിക്കും (എംഎഐടി) നിർദേശം നൽകിയിട്ടുണ്ട്. നിർണായക ഘട്ടങ്ങളിൽ എല്ലാവർക്കും എഫ്എം കണക്റ്റിവിറ്റി ആക്സസ് ഉറപ്പാക്കാനാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
"ഇൻബിൽറ്റ് എഫ്എം റേഡിയോ റിസീവർ ഫംഗ്‌ഷൻ അല്ലെങ്കിൽ ഫീച്ചർ മൊബൈൽ ഫോണിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അവ ആക്ടീവ് ആയിരിക്കണം എന്ന് ഉറപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ ആക്ടിവീ ചെയ്താൽ മാത്രം സേവനം ലഭ്യമാകുന്ന വിധത്തിൽ സജ്ജീകരിക്കാതെ അനായാസം സജീവമായി പ്രവർത്തിക്കാൻ ഫോണുകളിലെ എഫ്എം സംവിധാനം സജ്ജമാണ് എന്ന് കമ്പനികൾ ഉറപ്പ് വരുത്തണം.

കൂടാതെ, മൊബൈൽ ഫോണുകളിൽ എഫ്എം റേഡിയോ റിസീവർ ഫംഗ്‌ഷനോ ഫീച്ചറോ ലഭ്യമല്ലെങ്കിൽ, അത് ഉൾപ്പെടുത്താമെന്ന് ഐടി മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു. സമീപ വർഷങ്ങളിൽ എഫ്എം റേഡിയോ ഉള്ള മൊബൈൽ ഫോണുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഐടി മന്ത്രാലയം ഈ നിർദേശത്തോടൊപ്പം ചൂണ്ടിക്കാട്ടി.
മൊബൈൽ ഫോണുകളിൽ എഫ്എം റേഡിയോ സംവിധാനങ്ങൾ കുറയുന്നത് സൗജന്യ എഫ്എം റേഡിയോ സേവനങ്ങളെ ആശ്രയിക്കുന്ന ദരിദ്രരെ ഏറെ ബാധിക്കുന്നുണ്ട്. കൂടാതെ അത്യാഹിതങ്ങൾ, വൻ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ ഘട്ടങ്ങളിൽ തത്സമയം വിവരങ്ങൾ അറിയിക്കാനുള്ള സർക്കാരിന്റെ കഴിവിനെയും ഇത് പ്രതികൂലമായി ബാധിച്ചു.
ദുരന്തസമയത്ത്, ഒറ്റപ്പെട്ട റേഡിയോ സെറ്റുകൾക്കും കാർ റിസീവറുകൾക്കും പുറമെ, എഫ്‌എം പ്രാപ്‌തമാക്കിയ മൊബൈൽ ഫോണുകൾ വഴിയുള്ള വേഗത്തിലുള്ളതും സമയബന്ധിതവും വിശ്വസനീയവുമായ ആശയവിനിമയത്തിന്റെ ആവശ്യകത ഐടി മന്ത്രാലയം എടുത്തുപറഞ്ഞു. അപകടഘട്ടങ്ങളിൽ വിലപ്പെട്ട ജീവനും ഉപജീവനവും സംരക്ഷിക്കാനും അടിയന്തര സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സജ്ജമാക്കാനും എഫ്എം റേഡിയോ സംവിധാനം സഹായിക്കും.

സ്മാർട്ട്ഫോണുകളിൽ റേഡിയോ ഉൾപ്പെടുത്താൻ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും (ഐടിയു) നിർദേശിച്ചിരുന്നു. ഐടിയു പറയുന്നതനുസരിച്ച്, അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും മുൻകൂർ മുന്നറിയിപ്പുകളും നൽകുന്നതിനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാർഗ്ഗമാണ് റേഡിയോ പ്രക്ഷേപണം. ഏറെ വിശ്വസനീയമാണ് എന്നതാണ് അപകടഘട്ടങ്ങളിലെ റേഡിയോ മുന്നറിയിപ്പുകളുടെ ഒരു മെച്ചം.
സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും പലപ്പോഴും അസത്യങ്ങളോ അർധസത്യങ്ങളോ ആയിരിക്കും. വ്യാജവിവരങ്ങൾ പടരുന്നില്ല എന്ന് ഉറപ്പാക്കാനും തടസങ്ങളില്ലാതെ മുന്നറിയിപ്പുകൾ എല്ലാവരിലും എളുപ്പത്തിൽ എത്തിക്കാനും ഏറ്റവും ഫലപ്രദം റേഡിയോ ആണ്. പ്രകൃതിദുരന്ത സാഹചര്യങ്ങളിൽ പ്രാദേശിക ഭരണകൂടത്തിനും പൊതുജനങ്ങൾക്കും ഇടയിലുള്ള സുപ്രധാന ആശയവിനിമയ കണ്ണിയായി എഫ്എം സ്റ്റേഷനുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.
മറ്റ് നിരവധി വിനോദ ഉപാദികൾ ഉള്ളതിനാൽ പലയിടത്തും എഫ്എം റേഡിയോ ആരുടെയും ഓർമയിൽ പോലും എത്താറില്ല. എന്നാൽ ഒരു പ്രകൃതിദുരന്തം ഉണ്ടായാൽ സഹായിക്കാൻ എഫ്എം റേഡിയോ സംവിധാനത്തിന് ഏറെ പ്രസക്തിയുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം തത്സമയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും അടിയന്തരഘട്ടങ്ങളിൽ ഒരു ലൈഫ്‌ലൈനായി പ്രവർത്തിക്കുന്നതിലും എഫ്എം റേഡിയോയുടെ നിർണായക പങ്കിനെ അടിവരയിടുന്നതാണ്.


Click it and Unblock the Notifications








