തകരാർ കാരണം ആരും പോകാൻ ഇടവരരുത്; ലോക്കൽ റാപ്പിഡ് റെസ്പോൺസ് ടീം ഉണ്ടാക്കാൻ BSNLന് സർക്കാർ നിർദേശം
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) നിലനിൽക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞും, വരിക്കാർ കൊഴിഞ്ഞുപോകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചും കേന്ദ്ര സർക്കാർ രംഗത്ത്. ഉപയോക്താക്കളുടെ പരാതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, പ്രാദേശികറാപ്പിഡ് റെസ്പോൺസ് ടീം (BSNL Local Rapid Response Teams) രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനോട് നിർദേശിച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ബിഎസ്എൻഎൽ സേവനങ്ങളിൽ തകരാർ നേരിടുന്ന ഘട്ടങ്ങളിലെല്ലാം അടിയന്തരമായി ഇടപെടുകയും തകരാർ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രാദേശിക റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ചുമതല.
പ്രശ്നങ്ങൾ വരിക്കാർ ചൂണ്ടിക്കാട്ടിയാൽ അത് ഉടൻ തന്നെ പരിഹരിക്കാനുള്ള സംവിധാനം ബിഎസ്എൻഎല്ലിന് പ്രാദേശികമായിത്തന്നെ ഉണ്ടാകണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു. തകരാർ പരിഹരിക്കപ്പെടാത്തതുമൂലവും ബിഎസ്എൻഎല്ലിന്റെ മോശം സേവനങ്ങൾ മൂലവും ഉപയോക്താക്കൾ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് പോകുന്നത് തടയാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഎസ്എൻഎൽ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് പൂർണ്ണമാകില്ലെന്നും ഈ ദൗത്യത്തിൽ മുഖ്യ പങ്ക് വഹിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കുമെന്നും കമ്യൂണിക്കേഷൻ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് കൂടാതെ യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിന്, സാധാരണ പ്രശ്‌നങ്ങൾക്ക് തൽക്ഷണ പ്രതികരണങ്ങൾ നൽകാൻ കഴിയുന്ന AI ചാറ്റ്ബോട്ടുകൾ വിന്യസിക്കാനും ബിഎസ്എൻഎലിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള ഉപഭോക്തൃ അടിത്തറയെ 2G/3Gയിൽ നിന്ന് 4G നെറ്റ്‌വർക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സർക്കാർ ബിഎസ്എൻഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുലക്ഷം സൈറ്റുകളിൽ 4ജി ടവർ സ്ഥാപിക്കുന്ന ആദ്യ ഘട്ട 4ജി വ്യാപനം ജൂണിൽ അവസാനിക്കുമെന്നാണ് ബിഎസ്എൻഎൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ജൂലൈ പിന്നിട്ടിട്ടും ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായി എന്ന പ്രഖ്യാപനം വന്നിട്ടില്ല.

ജൂണിൽ തന്നെ 94000 4ജി ടവറുകളോളം സ്ഥാപിക്കപ്പെട്ടിരുന്നതിനാൽ അവശേഷിക്കുന്നവ ഇതിനോടകം പൂർത്തയാക്കാൻ ബിഎസ്എൻഎല്ലിന് കഴിയേണ്ടതാണ്. എന്നാൽ എത്ര ടവറുകൾ പൂർത്തിയായി എന്നതിന്റെ കൃത്യമായ പുതിയ കണക്കുകൾ എത്തിയിട്ടില്ല. എന്തായാലും ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം അധിം വൈകാതെ തന്നെ ബിഎസ്എൻഎല്ലിന് നേടാനാകും.
ഒരു ലക്ഷം ടവറുകൾ പൂർത്തിയാക്കിയതിന് പിന്നാലെ കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ ഇപ്പോഴേ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല, ഈ വരുന്ന സെപ്റ്റംബറിൽ 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള നടപടികളും ബിഎസ്എൻഎൽ സമാന്തരമായി നടത്തുന്നുണ്ട്. 2025 ഓഗസ്റ്റ് 15ന് മുൻപ് ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം നേടിയതായി ബിഎസ്എൻഎൽ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഒരു പ്രധാന പ്രത്യേകത അത് ഗ്രാമങ്ങൾക്കും അതിർത്തി പ്രദേശങ്ങൾക്കും മുൻഗണന നൽകുന്നുണ്ട് എന്നതാണ്. ഏറ്റവും ഒടുവിൽ വന്ന ചില വാർത്തകൾ പറയുന്നത് ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശങ്ങളിൽ ഏകദേശം 4,000 പുതിയ 4ജി സൈറ്റുകൾ ബിഎസ്എൻഎൽ സ്ഥാപിക്കും എന്നാണ്.

അതേസമയം ഒരുഭാഗത്ത് 4ജി വ്യാപന നീക്കങ്ങൾ സാവധാനം മുന്നോട്ട് നീങ്ങുമ്പോൾ മറുവശത്ത് വരിക്കാർ ബിഎസ്എൻഎൽ കണക്ഷൻ ഉപേക്ഷിക്കുന്നതായുള്ള ചില കണക്കുകളും വരുന്നുണ്ട്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ട് പറയുന്നത് ബിഎസ്എൻഎല്ലിന് ജൂണിൽ മാത്രം 305,766 വയർലെസ് വരിക്കാരെ നഷ്ടമായി എന്നാണ്. ഒരു പശ്ചാത്തലത്തിൽ കൂടിയാണ് ആളുകൾ കണക്ഷൻ ഉപേക്ഷിക്കുന്നത് തടയാനുള്ള പുതിയ നീക്കങ്ങളുമായി ബിഎസ്എൻഎൽ രംഗത്ത് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications








