നേരിട്ട് വിസ കിട്ടും, നരകത്തിലേക്ക് ആണെന്ന് മാത്രം! വ്യാജ പാസ്പോർട്ട് സൈറ്റുകൾക്കെതിരെ കേന്ദ്ര മുന്നറിയിപ്പ്
പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ആറോളം സൈറ്റുകളുടെ പേരാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇവർ പറയുന്നു.
സർക്കാർ ഈ അടുത്തിടെ ഇറക്കിയ അറിയിപ്പ് അല്ല ഇത്. പക്ഷെ പാസ്‌പോർട്ട് അപേക്ഷകർ ഇത്തരം വ്യാജ വെബ്‌സൈറ്റുകൾക്ക് നിരന്തരം ഇരയാകുന്നത് തുടരുന്നതിനാൽ ഇപ്പോഴും ഈ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നുണ്ട്. വ്യാജ സൈറ്റുകൾ വഴി പൗരന്മാരെക്കൊണ്ട് ഓൺലൈൻ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ഡാറ്റ മോഷണവും ഇതിന് കീഴിൽ നടക്കുന്നുണ്ട്. ഇതേ തരത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകളും നിരവധി ഉണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

പാസ്പോർട്ട് അനുബന്ധ വേരിഫിക്കേഷന് വേണ്ടിയാണ് അപേക്ഷ ഫോമുകൾ പൂരിപ്പിക്കേണ്ടത് എന്ന തരത്തിൽ ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ശേഷം ഇവരിൽ നിന്ന് ഡാറ്റകൾ ശേഖരിക്കുന്നു. ഫോമുകൾ പൂരിപ്പിച്ചു കഴിഞ്ഞാൽ അപ്പോയിൻമെന്റ് തയ്യാറാണെന്നും ഇതിനായി നിങ്ങൾ നിശ്ചിത ഫീസ് നൽകണമെന്നും ഇവർ ആവശ്യപ്പെടും. ഇത്തരത്തിൽ സാമ്പത്തികമായും തട്ടിപ്പുകാർ നിങ്ങളെ ചൂഷണം ചെയ്തേക്കാമെന്ന് സർക്കാരിന്റെ അറിയിപ്പിൽ പറയുന്നു. ആയതിനാൽ പാസ്പോർട്ടിന് അപേക്ഷിക്കുന്ന പൗരന്മാർ ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കണമെന്നും അറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു.
പാസ്പോർട്ടിന് അപേക്ഷിക്കേണ്ട സർക്കാരിന്റെ വെബ്സൈറ്റ് ഒന്ന് മാത്രമാണ് ഉള്ളത്. www.passportindia.gov.in ഇതാണ് പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്. പാസ്പോർട്ടിന് ആവിശ്യമുള്ള ഇന്ത്യൻ പൗരന്മാർ ഈ വെബ്സൈറ്റിലൂടെ മാത്രമെ അപേക്ഷ നൽകാവു. ഇല്ലാത്ത പക്ഷം നിങ്ങൾ ചിലപ്പോൾ പറ്റിക്കപ്പെട്ടേക്കാം. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ലഭ്യമായ ഒരേയൊരു വെബ്‌സൈറ്റ് ഇതാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇതിന് പുറമെ രാജ്യത്തുടനീളമായി 36 പാസ്‌പോർട്ട് ഓഫീസുകളും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

അറിയിപ്പിൽ സർക്കാർ പുറത്തിറക്കിയ പ്രധാന വ്യാജ പാസ്പോർട്ട് വെബ്സൈറ്റുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. www.indiapassport.org ഇതാണ് സർക്കാരിന്റെ ലിസ്റ്റിലുള്ള ആദ്യ വ്യാജ വെബ്സൈറ്റ്. നിലവിൽ ഈ വെബ്സൈറ്റ് തുറക്കുമ്പോൾ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന അറിയിപ്പാണ് ലഭിക്കുന്നത്. എന്നാൽ ഇതിന് സമാനമായ മറ്റ് ഡൊമെയ്‌നുകൾക്കൊപ്പം ഇത് വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. www.online-passportindia.com എന്ന വെബ്സൈറ്റ് വഴിയും നിരവധി പേര് വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് പറയുന്നു.
വോട്ടർ കാർഡ് ഉൾപ്പെടെ നിരവധി സെൻസറ്റീവ് ആയിട്ടുള്ള രേഖകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള ഓപ്ഷനും ഈ വെബ്സൈറ്റിൽ കാണാൻ സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ സെൻസിറ്റീവ് ഡാറ്റകൾ മോഷ്ടിക്കുന്നതിൽ പ്രത്യേകം താൽപര്യം ഉള്ള സൈറ്റുകളിൽ ഒന്നാണ് ഇതെന്നും കൂട്ടിച്ചേർക്കുന്നു. സർക്കാരിന്റെ ലിസ്റ്റിലുള്ള മറ്റൊരു വ്യാജ വെബ്സൈറ്റാണ് www.passportindiaportal.in ഇത്. ഈ പോർട്ടലിന്റെ ഹോം പേജിൽ തന്നെ പാസ്‌പോർട്ടിനായി അപേക്ഷിക്കുക, പാസ്‌പോർട്ട് അപേക്ഷാ ഫോം എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും.
www.passport-india.in ഇതാണ് സർക്കാർ പുറത്തുവിട്ട മറ്റൊരു വ്യാജ വെബ്സൈറ്റ്. പൗരന്മാർ കർശനമായും ഈ സൈറ്റിൽ നിന്ന് അകലം പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. www.passport-seva.in ഇത് സർക്കാരിന്റെ ലിസ്റ്റിലുള്ള മറ്റൊരു വ്യാജ വെബ്സൈറ്റാണ്. www.applypassport.org എന്നതാണ് ലിസ്റ്റിൽ അവസാനമായി ഇടം പിടിച്ചിരിക്കുന്ന വ്യാജ വെബ്സൈറ്റ്. ലിസ്റ്റിൽ തന്നെ രണ്ടാമത്തെ org ഡൊമെയിൻ ഉള്ള സൈറ്റുകൂടിയാണ് ഇത്.
സർക്കാരിന്റെ ലിസ്റ്റിൽ ആറ് സൈറ്റുകൾ മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത് എങ്കിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന നിരവധി സൈറ്റുകളും ആപ്പുകളും ഉണ്ടെന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാസ്പോർട്ട് തട്ടിപ്പിന് പുറമെ നിരവധി വിഷയങ്ങളുടെ പേരിൽ രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. പ്രധാനമായും ഫിഷിംഗ് മെയിലുകൾ എസ്എംഎസ് എന്നിവ വഴിയെല്ലാമാണ് ഓൺ ലൈൻ തട്ടിപ്പുകൾ നടക്കുന്നത്.
ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കാനായി നിങ്ങളുടെ ജിമെയിൽ ഐഡികൾ അതുപോലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയെല്ലാം ശക്തമായ പാസ്വേഡുകൾ ഉപയോഗിച്ച് ലോക്ക് ചെയ്യുക. അപരിചിതമായ വെബൈസൈറ്റുകൾ സന്ദർശിക്കാതെ ഇരിക്കുക. ഒടിപി കളും മറ്റും പങ്കിടാൻ ആവിശ്യപ്പെടുന്ന എസ്എംഎസ്കളും മറ്റ് അവഗണിക്കുക. ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ ഒരു പരുധിവരെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന രക്ഷനേടാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








