ഗൂഗിൾ ക്രോമിലൂടെ പണി വരുന്നുണ്ട്! ജാഗ്രതൈ, ഇത് ചെയ്തില്ലെങ്കിൽ പൊല്ലാപ്പാവും...
ടെക് ലോകം ദിവസവും വളരുകയാണ്. ഓരോ ദിവസവും പുതിയ ടെക്നോളജി വരുമ്പോൾ അത് മനുഷ്യന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിലും ചിലപ്പോഴൊക്കെ അപകടത്തിനും വഴിവെക്കാൻ സാധ്യതയുണ്ട്. ടെക് ലോകം വളരുന്നതിനനുസരിച്ച് സൈബർ കുറ്റക്രിത്യങ്ങളും വളരുന്നുണ്ട്. ഓരോ അപ്ഡേഷൻ കൊണ്ടുവരുമ്പോഴും സുരക്ഷക്ക് കൂടുതൽ പ്രധാന്യം കൊടുക്കാറുണ്ടെങ്കിലും ഹാക്കർമാർ ചിലപ്പോഴൊക്കെ സുരക്ഷാമുന്നൊരുക്കങ്ങൾ തകർത്ത് ഹാക്ക് ചെയ്യാറുണ്ട്. എന്നാലിപ്പോൾ ഗൂഗിൾ ക്രോമിന് സുരക്ഷാഭീഷണിയുണ്ടെന്നാണ് സർക്കാർ പറയുന്നത്. എത്രയും വേഗത്തിൽ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യണമെന്നാണ് സർക്കാർ നിർദേശം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ്ക്രോമിന്റെ സുരക്ഷാ പാളിച്ച കണ്ടെത്തിയതും ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം നൽകിയതും.
macOS, Windows, Linux എന്നിവയിൽ ഏത് ഉപയോഗിച്ചിട്ടും കാര്യമില്ല, അപ്ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോം ആണ് ഇതിൽ ഉപയോഗിക്കുന്നതെങ്കിൽ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്ത് സുരക്ഷ ഉറപ്പുവരുത്തണം. ഒന്നിലധികം സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ടാർഗെറ്റുചെയ്ത സിസ്റ്റങ്ങളിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും അനധികൃത ആക്‌സസ് നേടാനും ഹാക്കർമാർക്ക് സാധിക്കും.

ഇത് ഡാറ്റാ ചോർച്ചക്കും സാമ്പത്തിക നഷ്ടത്തിനും ഇടവരുത്തുമെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രത്യേകിച്ച് പാസ്വേഡുകളും വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ബ്രൗസറിൽ സൂക്ഷിക്കുന്നവർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകുന്നു.
സിസ്റ്റം അപ്ഡേറ്റ് ചെയ്യാതിരുന്നാൽ ഒരുപക്ഷെ നിങ്ങളും ഹാക്കർമാരുടെ കുരുക്കിൽ വീഴാൻ സാധ്യതയുണ്ട്.Windows, Mac എന്നിവയ്ക്കായുള്ള 133.0.0043.59/.99ന് മുമ്പുള്ള ഗൂഗിൾ ക്രോമുകളും Linuxനായുള്ള 133.0.6943.98ന് മുമ്പുള്ള ഗൂഗിൾ ക്രോമുകളുമാണ് അപകടഭീഷണിയുള്ളത്. അതിനാൽ എത്രയും പെട്ടെന്ന് ഇവ അപ്ഡേറ്റ് ചെയ്ത് നിങ്ങളുടെ ക്രോമിന്റെ സുരക്ഷ ഉറപ്പുവരുത്തണം.

ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാനുള്ള മാർഗം ഇവിടെ സൂചിപ്പിക്കാം. ആദ്യം നിങ്ങളുടെ ഗൂഗിൾ ക്രോം തുറക്കുക. തുടർന്ന് മുകളിൽ വലത് ഭാഗത്തായി കാണുന്ന മൂന്ന് ഡോട്ടുള്ള മെനു ക്ലിക്ക് ചെയ്യുക. അപ്പോൾ നിരവധി ഒപ്ഷനുകൾ തെളിഞ്ഞ് വരും. അതിൽ Help ക്ലിക്ക് ചെയ്യുക.
അപ്പോൾ Google Chrome എന്ന ഒപ്ഷൻ അടക്കം മൂന്ന് ഒപ്ഷനുകൾ കാണാം. ഇതിൽ Google Chrome എന്ന ഒപ്ഷൻ സെലക്ട് ചെയ്താൽ സ്വമേധയാൽ ക്രോം അപ്ഡേറ്റ് ആവുന്നതാണ്. അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോം ഉപയോഗിച്ചതിലൂടെ നിരവധി പേരാണ് ഹാക്കർമാരുടെ കുരുക്കിൽ വീണത്.
കഴിഞ്ഞ ഒരാഴ്ച മുമ്പ് ആൻഡ്രോയിഡ് ഉപയോക്താക്കൾ ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. അന്നും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരുന്നത്. ആൻഡ്രോയിഡ് 12, 13, 14, 15 എന്നീ വേർഷനുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപഡേറ്റ് ചെയ്യണമെന്നായിരുന്നു നിർദേശം.

ക്ലൗഡ്സേക്കിന്റെ റിപ്പോർട്ട് പ്രകാരം 2024ൽ ലോകത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതാണ്. 2024ൽ ഇന്ത്യയിലെ 95 സ്ഥാപനങ്ങൾ ഡാറ്റാലീക്കിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 140 സൈബർ ആക്രമണങ്ങൾക്ക് വിധേയമായ അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. പട്ടികയിൽ മൂന്നാമതുള്ള ഇസ്രായേലിന് 57 സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിവേഗം ഡിജിറ്റൽ വളർച്ച നടക്കുന്ന ഇന്ത്യയിൽ ഫിനാൻസിങ്, ബാങ്കിങ് മേഖലയിലാണ് ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഡിജിറ്റൽ മേഖലയിൽ കുതിക്കുന്നതോടൊപ്പം അതുമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കാറുണ്ട്. അതിനെതിരെ ജാഗ്രത പുലർത്തൽ അനിവാര്യമാണ്.


Click it and Unblock the Notifications








