വിളിക്കുന്നത് ആരെന്ന് കോഡ് നോക്കി മനസിലാക്കാം, മാർക്കറ്റിങ് കോളുകൾക്ക് പ്രത്യേക സീരീസ് നമ്പർ വരുന്നു
സ്പാം കോളുകളും മാർക്കറ്റിങ് കോളുകളുമൊക്കെ ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്ക് വൻ തലവേദനയാണ് സൃഷ്ടിക്കുന്നത്. എന്തങ്കിലും അത്യാവശ്യ കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കും മാർക്കറ്റിങ് കോളുകൾ എത്തുന്നത്. ഇത് തിരിച്ചറിയാതെ കോൾ എടുക്കാനായി മെനക്കെടേണ്ടി വരുന്നത് നിരവധി ടെലിക്കോം ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പരിഹാരം വരാൻ പോകുകയാണ്.
ഉപയോക്താക്കളുടെ ഫോണിലേക്ക് എത്തുന്ന കോളുകൾ തിരിച്ചറിയാൻ പുതിയ ഒരു നമ്പർ സീരീസ് സംവിധാനം അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. ഇതിന് സർക്കാർ അനുമതി നൽകിയതായും മാർക്കറ്റിങ് കോളുകൾക്കുള്ള പ്രത്യേക നമ്പർ സീരീസ് ഉടൻ തന്നെ അവതരിപ്പിക്കപ്പെടുമെന്നും എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ, ഇന്ത്യയിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള കോളുകൾക്കായി 140-ൽ തുടങ്ങുന്ന നമ്പർ പരമ്പര അനുവദിച്ചിട്ടുണ്ട്. എന്നാൽ ഭാവിയിൽ, ഇത് മാർക്കറ്റിംഗിനായി ഉപയോഗിക്കും. സെർവീസ് കോളുകൾക്കായി 160/161 നമ്പറുകൾ അനുവദിച്ചേക്കും എന്നാണ് ഇടി റിപ്പോർട്ട് പറയുന്നത്. ഈ പുതിയ നമ്പർ സംവിധാനം വരുന്നതോടെ തങ്ങളുടെ ഫോണിലേക്ക് വരുന്ന കോളിന്റെ ഉദ്ദേശവും സ്വഭാവവും ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കും.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ആണ് മാർക്കറ്റിങ് കോളുകൾക്കായി പ്രത്യേക നമ്പർ സീരീസ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവോ നിർദേശമോ ട്രായി (ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഉടൻ പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത ഫിൽട്ടറിംഗ് സംവിധാനം നടപ്പിലാക്കിയതിന് ശേഷം എസ്എംഎസ് വഴിയുള്ള സ്പാം മെസേജുകൾ കുറഞ്ഞെങ്കിലും സ്പാം കോളുകൾ വർധിച്ചിരുന്നു.

ബിസിനസ് കോളുകൾ എന്ന വ്യാജേന സ്പാം കോളുകൾ വ്യാപകമായതോടെ ബിസിനസ് സ്ഥാപനങ്ങളുടെ കോളുകൾക്ക് വിശ്വാസ്യത ഇല്ലാതായി. അതോടൊപ്പം ആളുകളുടെ ബുദ്ധിമുട്ട് വർധിക്കുകയും ചെയ്തു. 140-ൽ ആരംഭിക്കുന്ന നമ്പറിൽനിന്ന് ഒരു കോൾ എത്തുമ്പോൾ അത് സ്പാം ആയിരിക്കുമെന്ന് കരുതി ഉപയോക്താക്കൾ അത്തരം കോളുകൾ ഒഴിവാക്കിവിടുന്നു.
അത് ബിസിനസ് സ്ഥാപനങ്ങളുടെ മാർക്കറ്റിങ് കോളുകൾക്കും വൻ തിരിച്ചടിയായി. പുതിയ നമ്പർ കോഡ് സംവിധാനം വരുന്നതോടെ സർവീസ് കോളുകൾ പ്രത്യേകം തിരിച്ചറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ നമ്പർ സീരീസ് അവതരിപ്പിക്കുന്നത് കൂടാതെ, ട്രായ് അടുത്തിടെ ടെലികോം കമ്പനികൾക്ക് കോളർ നെയിം ഐഡൻ്റിഫിക്കേഷൻ സംവിധാനം (CNAP ) നടപ്പിലാക്കാൻ ശുപാർശ ചെയ്തതും ശ്രദ്ധേയമാണ്.
ഫോണുകളിൽ കോളർ പേരുകൾ പ്രദർശിപ്പിക്കുന്ന സർവീസ് എല്ലാ ടെലിക്കോം കമ്പനികളും ഉപയോക്താക്കളുടെ അഭ്യർത്ഥനയനുസരിച്ച് ഒരുക്കണം എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ മാസം ശുപാർശ ചെയ്തത്. ട്രായിയുടെ ഈ ശുപാർശ അംഗീകരിക്കപ്പെട്ടാൽ നിശ്ചിത തീയതിക്ക് ശേഷം ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഡിവൈസുകളിലും CNAP ഫീച്ചർ ലഭ്യമാക്കും.

ആരെങ്കിലും വിളിക്കുമ്പോൾ ഫോൺ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് ഫ്ലാഷ് ചെയ്യാൻ സഹായിക്കുന്ന സേവനമാണ് CNAP. കസ്റ്റമർ അപേക്ഷാ ഫോമിൽ (സിഎഎഫ്) വരിക്കാരൻ നൽകുന്ന നെയിം ഐഡൻ്റിറ്റി വിവരങ്ങൾ ഈ സേവനത്തിനായി ഉപയോഗപ്പെടുത്തണം എന്നാണ് ശുപാർശ. എല്ലാ ആക്സസ് സേവന ദാതാക്കളും വരിക്കാർക്ക് അവരുടെ അഭ്യർത്ഥന പ്രകാരം CNAP സേവനം നൽകണമെന്ന് ട്രായ് നിർദ്ദേശിച്ചു.
"ബൾക്ക് കണക്ഷനുകളും ബിസിനസ്സ് കണക്ഷനുകളും കൈവശമുള്ള വരിക്കാരുടെ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ അപേക്ഷാ ഫോമിൽ (സിഎഎഫ്) കാണുന്ന പേരിന് പകരം അവരുടെ 'ഇഷ്ടപ്പെട്ട പേര്' അവതരിപ്പിക്കാനുള്ള സൗകര്യം നൽകണം എന്നും ട്രായി ശുപാർശ ചെയ്തിട്ടുണ്ട്. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ചുള്ള സ്‌പാം ഐഡൻ്റിഫിക്കേഷൻ അത്ര വിശ്വസനീയമല്ല എന്നാണ് ട്രായിയുടെ നിലപാട്.


Click it and Unblock the Notifications








