ആൻഡ്രോയ് ഫോൺ ഉള്ളവർ ജാഗ്രതൈ: കേന്ദ്ര സർക്കാർ മുന്നറിയിപ്പുണ്ട്, ഉടൻ ഇങ്ങനെ ചെയ്‌തോളൂ...
അനുദിനം വളരുന്ന മേഖലയാണ് സൈബർ ലോകം. ടെക്നോളജി വികസിക്കുന്നതോടൊപ്പം പുതിയ നിരവധി സുരക്ഷാ പ്രശ്‌നങ്ങളും വളർന്നുവരാറുണ്ട്. ഇത്തരം സുരക്ഷാ പ്രശ്നങ്ങൾക്കെതിരേ മുൻകരുതലുകളെടുക്കാൻ സർക്കാറും കമ്പനികളും എപ്പോഴും ജാഗ്രത പുലർത്താറുണ്ട്. ഇതിനായി കേന്ദ്ര സർക്കാർ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് (MeiTy) കീഴിൽ ഒരു പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) എന്നാണ് ഈ സുരക്ഷാ സംഘത്തിന്റെ പേര്. സൈബർ ഇടത്തിലെ ഭീഷണികൾ ഈ സംഘം കണ്ടെത്തുകയും അതേപ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് എത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 12, 13, 14, 15 വേർഷനുകളുടെ ഉപയോക്താക്കൾ ഉടൻ തന്നെ അപഡേറ്റ് ചെയ്യണമെന്നാണ് ഈ സംഘം നിർദേശം നൽകുന്നത്. ഈ പറഞ്ഞ ആൻഡ്രോയിഡ് വേർഷനുകളിൽ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയെന്നും ഇവ ചില ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ആൻഡ്രോയിഡ് 12 -നും അതിനുശേഷവുമുള്ള ഒഎസുകൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് എന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MeiTy) മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് (CERT-In) ടീം ചൂണ്ടിക്കാട്ടി. ഫ്രേം വർക്കിലെ പോരായ്മകൾ മൂലമാണ് സുരക്ഷാ ഭീഷണി ഉണ്ടായിരിക്കുന്നത് എന്നും സർക്കാർ ഏജൻസി പറയുന്നു.
സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചാൽ പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്നും അതിനാൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് തന്നെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ അപ്‌ഡേറ്റുകൾ എല്ലാം ചെയ്തിട്ടുണ്ടോ എന്നും ചെക്ക് ചെയ്യണം. ഫോൺ അപകടത്തിലാകാതിരിക്കാൻ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വെരിഫൈ ചെയ്യാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കണം.

കൂടാതെ ആപ്പിൾ ഐഡിക്കും മറ്റ് അക്കൗണ്ടുകൾക്കും സ്‌ട്രോങ് പാസ്സ്‌വേർഡ് നൽകി സുരക്ഷ ശക്തമാക്കണം. ഇതിനുപുറമെ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) പ്രാപ്തമാക്കിയാൽ ഇത്തരത്തിലുള്ള സൈബർ അറ്റാക്കിങ് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. ഓരോ ആപ്പുകളും ചോദിക്കുന്ന ആക്‌സസ് വ്യക്തമായി വായിച്ച് മനസ്സിലാക്കിവേണം അനുമതി നൽകാൻ.
അല്ലാത്തപക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ സൈബർ കുറ്റവാളികളുടെ കൈയിലെത്താനും അവർ അത് ദുരുപയോഗം ചെയ്യാനും സാധ്യത ഏറെയാണ്. അതുപോലെ ബാങ്ക് ഡീറ്റെയിൽസ് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന വാട്‌സാപ്പ് സന്ദേശം, എസ്എംഎസ്, മെയിൽ, കോളുകൾ എന്നിവയോട് ജാഗ്രതയോടെ സമീപിക്കണം. എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിന് മുമ്പ് മെസേജിന്റെ ഉറവിടം അന്വേഷിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും വേണം.

ക്ലൗഡ്‌സേക്കിന്റെ റിപ്പോർട്ട് പ്രകാരം 2024ൽ ലോകത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതാണ്. 2024ൽ ഇന്ത്യയിലെ 95 സ്ഥാപനങ്ങൾ ഡാറ്റാലീക്കിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 140 സൈബർ ആക്രമണങ്ങൾക്ക് വിധേയമായ അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. പട്ടികയിൽ മൂന്നാമതുള്ള ഇസ്രായേലിന് 57 സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഡാർക്ക്വെബ് ഡാറ്റകൾ വിശകലനം ചെയ്ത് ക്ലൗഡ്‌സേക്ക് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. അതിവേഗം ഡിജിറ്റൽ വളർച്ച നടക്കുന്ന ഇന്ത്യയിൽ ഫിനാൻസിങ്, ബാങ്കിങ് മേഖലയിലാണ് ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഡിജിറ്റൽ മേഖലയിൽ കുതിക്കുന്നതോടൊപ്പം അതുമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കാറുണ്ട്. അതിനെതിരെ ജാഗ്രത പുലർത്തൽ അനിവാര്യമാണ്.
20 കേസുകളാണ് ബാങ്കിങ്, ഫൈനാൻസ് മേഖലയിൽ മാത്രം 2024ൽ റിപ്പോർട്ട് ചെയ്തത്. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 13 അറ്റാക്കുകളും ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് 12 സൈബർ അറ്റാക്കുകളും നടന്നതായി റിപ്പോർട്ടിലുണ്ട്. കൂടാതെ ഹെൽത്ത് കെയർ മേഖലയുമായി ബന്ധപ്പെട്ട 10 സൈബർ ആക്രമണങ്ങളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 9 സൈബർ അറ്റാക്കും കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്നതായി ക്ലൗഡ്‌സേക്കിന്റെ റിപ്പോർട്ടിലുണ്ട്.


Click it and Unblock the Notifications








