ചൈനയുടെ 'വാല്' പോര, ഇന്ത്യൻ 'തല'വേണം; ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾക്ക് ഇന്ത്യയുടെ 'പൂട്ട്'!
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ നിർദ്ദേശപ്രകാരം ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം നടത്തണമെങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ(സിഇഒ), ചീഫ് ഫിനാൻഷ്യൽ ഓഫീസർ(സിഎഫ്‌ഒ), ചീഫ് ടെക്‌നിക്കൽ ഓഫീസർ (സിടിഒ) തുടങ്ങിയ ഉന്നത തസ്തികകളിൽ ഇന്ത്യക്കാരെ നിയമിക്കണം.
കൂടാതെ, പുതിയ കേന്ദ്ര നിർദ്ദേശ പ്രകാരം ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഉൽപ്പാദനം തുടരണമെങ്കിൽ ഇന്ത്യൻ ഇക്വിറ്റി പങ്കാളികളെ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ പ്രാദേശിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടിവരുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ നയങ്ങൾക്ക് വിധേയമായി മാത്രമേ ചൈനീസ് കമ്പനികൾക്ക് ഇനി ഇന്ത്യയിൽ പ്രവർത്തിക്കാനാകൂ.

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോണുകളിൽ ഭൂരിഭാഗവും ഷവോമി, ഓപ്പോ, വിവോ, റിയൽമി, തുടങ്ങിയ ചൈനീസ് കമ്പനികളുടേതാണ്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്നു എന്നതാണ് ഈ കമ്പനികളെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളാക്കി മാറ്റിയത്. എന്നാൽ ഈ കമ്പനികൾക്കെതിരേ പലവിധ ആരോപണങ്ങളും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്.
ചൈനീസ് മൊബൈൽ കമ്പനികൾ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇതിനെത്തുടർന്ന് ചൈനീസ് കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നതിന് കർശനമായ ചട്ടക്കൂടുകൾ കേന്ദ്രം തയാറാക്കിയിരുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് പുതിയ നിർദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ വർഷങ്ങളായി അത്ര നല്ലബന്ധമല്ല നിലനിൽക്കുന്നത്.

ഈ സാഹര്യത്തിൽ ഭാവിയിൽ ഇന്ത്യ- ചൈന ബന്ധം കൂടുതൽ വഷളാകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയാൽ ആ ഘട്ടത്തിൽ ഈ സ്മാർട്ട്ഫോണുകളെ ഇന്ത്യക്കെതിരായ ആയുധമാക്കി മാറ്റാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായിക്കൂടിയാണ് ഇന്ത്യ നിയമങ്ങൾ കർശനമാക്കിയത്. ഇന്ത്യൻ തലവന്മാർ എത്തുന്നതോടെ രാജ്യത്തിന് എതിരായിട്ടുള്ള നീക്കങ്ങൾ ഉണ്ടാകില്ല എന്ന് കേന്ദ്രം കണക്കുകൂട്ടുന്നുണ്ടാകാം.
പുതിയ നിയമങ്ങൾ വഴി പ്രാദേശിക ബിസിനസുകളെയും, പ്രതിഭകളെയും വളർച്ച പ്രോത്സാഹിപ്പിക്കാൻ കഴിയും. അതോടൊപ്പം ഇന്ത്യയെ പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനും, കയറ്റുമതി ഹബ് ആക്കാനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്രം ലക്ഷ്യമിടുന്നു. ഷവോമി, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയ കമ്പനികളിൽ ചിലതിന് ഇപ്പോഴും ചൈനീസ് വിതരണക്കാരുണ്ട്. ഇത് ഒഴിവാക്കാനും പുതിയ നയം നിർദേശിക്കുന്നു.
പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ കരാർ നിർമ്മാതാക്കളെ നിയമിക്കുന്നതിനും ചൈനീസ് കമ്പനികളെ ഒഴിവാക്കി, ഇന്ത്യൻ ബിസിനസുകളുമായി സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാൻ കേന്ദ്രം ചൈനീസ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ നിയമങ്ങളും പാലിക്കണമെന്ന് ചൈനീസ് കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.

നികുതിവെട്ടിപ്പ് ശ്രമങ്ങൾ നടത്തരുത് എന്നതാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാണക്കമ്പനികൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന മറ്റൊരു കർശന നിർദ്ദേശം. പുതിയ നിയമങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഓപ്പോ, വിവോ, റിയൽമി, ഷവോമി തുടങ്ങിയ കമ്പനികളെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ ഓപ്പോയും വിവോയും കേന്ദ്രത്തിന്റെ ഈ പുതിയ നിർദേശങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, കമ്പനിയിലെ എല്ലാ പ്രാദേശിക സീനിയർ സ്ഥാനങ്ങളും നിലവിൽ ഇന്ത്യക്കാരാണ് വഹിക്കുന്നതെന്നും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ആദ്യം പങ്കാളികളായ ചൈനീസ് സംരംഭകരിൽ ഒരാളാണ് തങ്ങളെന്നും ഷവോമി പ്രതികരിച്ചു. ഇന്ത്യയിൽ നികുതിവെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഷവോമി.


Click it and Unblock the Notifications








