'ആ' അതിബുദ്ധി വിനയായി, ഒറ്റയടിക്ക് 10 ഐഫോൺ അടിച്ചുമാറ്റിയ 'താക്കോൽ സ്ഥാനക്കാരൻ' കുടുങ്ങി!
കള്ളനെ താക്കോൽ ഏൽപ്പിക്കുക, വേലിതന്നെ വിളവ് തിന്നുക തുടങ്ങി ഉത്തരവാദപ്പെട്ടവർ തന്നെ ഒരു മുതൽ കൊള്ളയടിക്കുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിനെ വിശേഷിപ്പിക്കാൻ നിരവധി പ്രയോഗങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഈ പ്രയോഗങ്ങൾ ഉപയോഗിക്കാനുള്ള അവസരം നമ്മുടെ നാട്ടിലെ 'താക്കോൽ' സ്ഥാനങ്ങളിലിരിക്കുന്ന കള്ളന്മാർ ഇടയ്ക്കിടെ ഉണ്ടാക്കിത്തരാറുമുണ്ട്.
അത്തരത്തിൽ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്നയാൾ 'അതിബുദ്ധി'പരമായി നടത്തിയ ഒരു യ'മണ്ടൻ' മോഷണം ഇപ്പോൾ ഗുരുഗ്രാമിൽ പിടിക്കപ്പെട്ടിരിക്കുകയാണ്. ഡെലിവറിയ്ക്ക് നൽകിയ ഐഫോൺ അപ്രത്യക്ഷമാക്കി, പകരം വ്യാജ ഐഫോണുകൾ വച്ച ഡെലിവറി ഏജന്റിന്റെ 'അദ്ഭുതവിദ്യ'യാണ് കമ്പനി അധികൃതർ കണ്ടുപിടിച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല, പത്ത് ഐഫോണുകളാണ് ഇയാൾ ഇത്തരത്തിൽ മോഷ്ടിച്ചത്.

ഇ-കൊമേഴ്സ് സ്ഥാപനത്തിന്റെ പരാതിയിൽ ബിലാസ്പുരിൽ കഴിഞ്ഞ ദിവസം പോലീസ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തു. 10 ഐഫോണുകൾ മോഷ്ടിക്കപ്പെട്ടതായും കബളിപ്പിക്കൽ ശ്രമം നടന്നതായും ചൂണ്ടിക്കാട്ടി ഡെലിവറി എക്‌സിക്യൂട്ടീവ് ലളിതിനെതിരേ മാട്രിക്‌സ് ഫിനാൻസ് സൊല്യൂഷന്റെ സ്‌റ്റേഷൻ ഇൻ ചാർജ് രവി ആണ് പരാതി നൽകിയിരിക്കുന്നത്.
ഐഫോണുകളും എയർപോഡുകളും അടങ്ങിയ പാഴ്സൽ മാർച്ച് 27ന് ഡെലിവറിയ്ക്കായി കമ്പനി ഡെലിവറി എക്‌സിക്യൂട്ടീവ് ലളിതിന് കൈമാറി. ഇവ ഉപഭോക്താവിന്റെ വിലാസത്തിൽ എത്തിച്ചെന്നും എന്നാൽ ഉപഭോക്താവിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പറഞ്ഞ് ഇയാൾ ഇവ കമ്പനിയിലേക്ക് തന്നെ തിരികെ നൽകുകയും ചെയ്തു. മടങ്ങിവന്ന പാക്കേജിംഗിലെ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡെലിവറി കമ്പനിക്ക് സംശയം തോന്നി.

തുടർന്ന് പാഴ്സൽ പരിശോധിക്കാൻ കമ്പനി തീരുമാനിച്ചു. പാഴ്സലിനുള്ളിൽ ഐഫോണുകൾ ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം ഡ്യൂപ്ലിക്കേറ്റ് സ്റ്റിക്കർ ഒട്ടിച്ച വ്യാജ ചൈനീസ് ഐഫോണുകൾ ആയിരുന്നു എന്നുമാത്രം. ഇതോടെയാണ് ഡെലിവറിക്കായി പോയ സമയത്ത് പാഴ്സലിൽ തിരിമറി നടന്നതായി കമ്പനി മനസിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
യഥാർഥ പാഴ്സൽ ലഭിക്കാത്തതിനാൽ ഉപയോക്താവ് ഓഡർ റദ്ദാക്കുകയും ചെയ്തു. ഏറെ ആസൂത്രണം ചെയ്താണ് ലളിത് ഈ മോഷണം നടത്തിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. വ്യാജ ഫോണുകൾ പകരം വച്ച ശേഷം, ഒറിജിനൽ ഐഫോണുകൾ മോഷ്ടിച്ച ലളിത് അത് തന്റെ സഹോദരന് നൽകുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
മോഷണം സ്ഥിരീകരിക്കപ്പെട്ടതോടെ, ബിലാസ്പൂർ പോലീസ് സ്റ്റേഷനിൽ ലളിതിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), 408 (ജീവനക്കാരന്റെ ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അധികൃതർ വെളിപ്പെടുത്തി. നിലവിൽ ഒളിവിൽ കഴിയുന്ന ലളിതിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

ഓൺലൈനായി ഓഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പകരം ഇഷ്ടികയും സോപ്പുപൊടിയും കല്ലും മണ്ണുമൊക്കെ ലഭിക്കുന്ന വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ അത്തരം ഘട്ടങ്ങളിലെല്ലാം ഉപയോക്താവിനാണ് നഷ്ടം സംഭവിച്ചിരുന്നത്. എന്നാൽ പതിവിൽനിന്ന് വ്യത്യസ്തമായി ഇവിടെ കമ്പനിയെതന്നെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത് എന്നതും ഉപയോക്താവ് കഷ്ടിച്ച് രക്ഷപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
ഉയർന്ന വിലയുള്ളതിനാലാകാം ഐഫോണുകൾ തന്നെ മോഷണത്തിനായി പ്രതി തെരഞ്ഞെടുത്തത്. മറ്റ് പല സ്ഥലങ്ങളിലും ഐഫോണുകൾ കൂട്ടത്തോടെ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അടുത്തിടെ അമേരിക്കയിൽ നടന്ന ഒരു മോഷണത്തിൽ ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കും വിധത്തിൽ 4 കോടി രൂപയുടെ ഐഫോണുകളാണ് കൊള്ളയടിക്കപ്പെട്ടത്.
വാഷിങ്ടണിലുള്ള ആപ്പിൾ സ്റ്റോറിൽ ആയിരുന്നു ഈ വമ്പൻ മോഷണം നടന്നത്. ആപ്പിൾ സ്റ്റോറിനോട് ചേർന്നുള്ള ഒരു കോഫീ ഷോപ്പിന്റെ (സിയാറ്റിൽ കോഫി ഗിയർ) ബാത്ത് റൂം ഭിത്തി തുരന്നാണ് കള്ളന്മാർ അകത്തുകയറിയത്. രാത്രിയിൽ മാൾ അടച്ച സമയം നോക്കി അകത്തുകടന്ന മോഷ്ടാക്കൾ പുലർച്ചെയോടെയാണ് മോഷണം നടത്തിയത്.


Click it and Unblock the Notifications








