സ്നേഹിച്ചുനോക്കൂ, എന്നും കൂടെക്കാണും! ഒറ്റ റീച്ചാർജിൽ 1 വർഷം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ സേവനങ്ങളെപ്പറ്റി വ്യാപകമായ പരാതികൾ ഉയർത്തുന്നവർ ധാരാളമുണ്ട്. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകളെപ്പറ്റി ഉപയോക്താക്കൾക്ക് അധികം പരാതി ഉണ്ടാകാൻ സാധ്യതയില്ല. മുടക്കുന്ന തുകയ്ക്ക് അർഹമായ ആനുകൂല്യങ്ങൾ എല്ലാ ബിഎസ്എൻഎൽ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വാഗ്ദാനം ചെയ്യുന്ന ഈ സേവനങ്ങൾ കൃത്യമായി ഉപയോക്താക്കൾക്ക് അനുഭവിക്കാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കുന്നതിൽ പലപ്പോഴും കമ്പനി പരാജയപ്പെടുന്നു എന്നിടത്താണ് പ്രശ്നം. ഡാറ്റ വാരിക്കോരി നൽകിയെന്നു പറഞ്ഞാലും ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെന്തുഫലം എന്നാണ് ഉപയോക്താക്കൾ ചോദിക്കുന്നത്. 4ജി അവതരിപ്പിച്ച്, നന്നാകാനുള്ള ശ്രമങ്ങൾ നടത്തുന്നതായി സൂചനകളൊക്കെ നൽകുമെങ്കിലും ബിഎസ്എൻഎൽ ആയതുകൊണ്ട് 4ജി എത്തിയാൽ മാത്രമേ എത്തി എന്ന് പറയാൻ സാധിക്കൂ.
ഡാറ്റ സേവനങ്ങൾ
ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും ഡാറ്റ സേവനങ്ങൾ ആശ്രയിക്കുന്നവരാണ്. അവർക്ക് മികച്ച വേഗത അനിവാര്യവുമാണ്. അത് കിട്ടാത്തപ്പോൾ അവർ നിരാശപ്പെടുന്നത് സ്വാഭാവികം. എന്തായാലും പ്രശ്നങ്ങൾ തീർന്നിട്ട് ബിഎസ്എൻഎൽ എടുക്കാം എന്നു പറഞ്ഞ് നിൽക്കുന്നവർ അവിടെ നിൽക്കട്ടെ. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും തങ്ങൾക്ക് അതൊന്നും വിഷയമല്ല, തങ്ങളുടെ ആവശ്യങ്ങൾക്ക് ബിഎസ്എൻഎൽ മതി എന്ന് പറയുന്ന കുറച്ചേറെ ഉപയോക്താക്കൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. ഇഷ്ടത്തോടെ ബിഎസ്എൻഎല്ലിനെ കൊണ്ടുനടക്കുന്നവർ. അവർക്ക് അനുയോജ്യമായ ബിഎസ്എൻഎല്ലിന്റെ ചില മികച്ച പ്ലാനുകൾ പരിചയപ്പെടാം.

വാലിഡിറ്റി മുഖ്യം
വാലിഡിറ്റിയാണ് ടെലിക്കോം വരിക്കാരുടെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്ന് എന്ന് അറിയാമല്ലോ. ഒരു മാസത്തെ വാലിഡിറ്റിക്ക് മറ്റ് ടെലിക്കോം കമ്പനികൾ കൊള്ള നിരക്കുകൾ ഈടാക്കിക്കൊണ്ടിരിക്കുകയും, ഇനിയും നിരക്ക് ഉയർത്താൻ പോകുകയും ചെയ്യുന്ന ഈ സമയത്ത് സാധാരണക്കാർക്ക് എന്നും തണലാകുന്നവയാണ് ഒരു വർഷ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ വാർഷിക പ്ലാൻ ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും മുന്നിലാണ്. 1,999 രൂപ, 2,999 എന്നീ നിരക്കുകളിൽ ആണ് ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനുകൾ ലഭ്യമാകുക. ഇതിൽ അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്താൽ ഒരു വർഷത്തേക്ക് വാലിഡിറ്റിയെപ്പറ്റി ആശങ്കപ്പെടുകയേ വേണ്ട. കൂടാതെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആവശ്യങ്ങൾ സാധാരണ ഗതിയിൽ നടക്കുകയും ചെയ്യും. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് വാർഷിക പ്ലാനുകൾ പ്രധാനമായും രണ്ട് എണ്ണമാണ് ഉള്ളത്. അതിൽ കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ആണ് 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎല്ലിന്റെ രണ്ട് വാർഷികപ്ലാനുകളിൽ രണ്ട് വിധത്തിലാണ് ഡാറ്റ എത്തുന്നത്. ഒരു പ്ലാനിൽ ബൾക്ക് ഡാറ്റ ഒന്നിച്ച് ലഭിക്കുമ്പോൾ മറ്റൊരു പ്ലാനിൽ പ്രതിദിനം നിശ്ചിത ജിബി എന്ന അളവിലാണ് ഡാറ്റ ലഭിക്കുന്നത്. 1,999 രൂപയുടെ പ്ലാൻ ഇതിൽ ആദ്യം പറഞ്ഞ വിഭാഗത്തിൽ ഉള്ളതാണ്. 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ 600 ജിബി ബൾക്ക് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം ലഭിക്കും. 30 ദിവസത്തേക്ക് പിആർബിടി, ലോക്ധൂൺ കണ്ടന്റ്, ഇറോസ് നൗ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ബണ്ടിൽ ചെയ്തിരിക്കുന്നു.

2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
365 ദിവസ വാലിഡിറ്റിയാണ് 2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. പ്രതിദിനം 3ജിബി ഡാറ്റ, ലോക്കൽ, നാഷണൽ റോമിങ് ഉൾപ്പെടെയുള്ള അൺലിമിറ്റഡ് വോയ്സ്, 365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ ഉപയോഗിച്ച് സുഖമായി മുന്നോട്ട് പോകാൻ സാധിക്കും.
സ്വകാര്യ ടെലിക്കോം കമ്പനികൾ പ്ലാൻ നിരക്കുകൾ ഉയർത്താൻ പോകുകയാണ്. ബിഎസ്എൻഎൽ അതിന് ആനുപാതികമായി ഉടൻ നിരക്ക് ഉയർത്താൻ സാധ്യത കുറവാണ്. എങ്കിലും 4ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കാനായാൽ ബിഎസ്എൻഎല്ലിന്റെ നിരക്കും ഒരു പക്ഷേ വർധിച്ചേക്കും. അതിനാൽ ഇപ്പോൾ ഈ പ്ലാനുകളിൽ ഏതെങ്കിലും തെരഞ്ഞെടുത്താൽ ഭാവിയിൽ രണ്ട് ഗുണങ്ങൾ ഉണ്ടാകും. 4ജി ആരംഭിച്ചാൽ മികച്ച വേഗതയോടെ ആസ്വദിക്കാൻ ആവശ്യത്തിന് ഡാറ്റ ഈ പ്ലാനിൽ കിട്ടും. മറ്റൊന്ന് ഭാവിയിൽ ഉണ്ടാകുന്ന നിരക്കു വർധനയുടെ ബുദ്ധിമുട്ടുകൾ ബാധിക്കില്ല.


Click it and Unblock the Notifications