പാവങ്ങളുടെ ആദ്യ ആശ്രയം! ജിയോ, എയർടെൽ, വിഐ വരിക്കാർ അറിഞ്ഞിരിക്കേണ്ട ഒരു പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ആദ്യസ്ഥാനങ്ങളിലുള്ള കമ്പനികളാണ് ജിയോ, എയർടെൽ, വിഐ എന്നിവർ. തങ്ങളുടെ വരിക്കാർക്ക് ഉപയോഗത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് വിഭാഗങ്ങളിലായി നിരവധി മികച്ച പ്ലാനുകൾ ഈ കമ്പനികൾ നൽകിവരുന്നുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ചില പ്ലാനുകൾ ഏതാണ്ട് ഒരേ നിരക്കിൽ എത്തുന്നവയാണ്.
ഏതാണ്ട് ഒരേ നിരക്കിൽ എത്തുന്ന പ്ലാനുകളിൽ ഈ കമ്പനികൾ നൽകുന്ന ചില ആനുകൂല്യങ്ങൾ ചിലപ്പോൾ ഒരേപോലെ തന്നെയായിരിക്കും. അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന പ്ലാൻ ആണ് 296 രൂപയുടേത്. എയർടെൽ, ജിയോ, വിഐ എന്നീ മൂന്ന് കമ്പനികളുടെയും 296 രൂപ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഒന്നുതന്നെയാണ്.

എന്നാൽ മറ്റ് ചിലപ്പോൾ പ്ലാനുകൾ ഏതാണ്ട് ഒരേ നിരക്കിൽ എത്തുന്നു എങ്കിലും ലഭിക്കുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. 399 രൂപയുടെ ജിയോ, എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളും 401 രൂപയുടെ വിഐ പ്ലാനും അതിനുദാഹരണമാണ്. ഈ മൂന്ന് പ്ലാനുകളും വിഐ, ജിയോ, എയർടെൽ എന്നിവരുടെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലെ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാനുകളാണ്.
ഈ മൂന്ന് കമ്പനികളുടെയും പോസ്റ്റ് പെയ്ഡ് വിഭാഗത്തിലുള്ള വരിക്കാർ പ്രതിമാസ പ്ലാനുകൾ അന്വേഷിക്കുമ്പോൾ ആദ്യം കണ്ണിൽപ്പടുക ഈ പ്ലാനുകളെയാണ്. ജിയോയും എയർടെലും 399 രൂപ നിരക്കിൽ പ്രതിമാസ പ്ലാനുകൾ ആരംഭിക്കുമ്പോൾ വിഐയുടെ പ്രതിമാസ പ്ലാൻ ആരംഭിക്കുന്നത് 401 രൂപയ്ക്കാണ്. മറ്റ് രണ്ട് കമ്പനികളും നൽകുന്നതിനെക്കാൾ രണ്ട് രൂപ കൂടുതൽ!
അടിസ്ഥാന പ്ലാൻ എന്ന് ഈ പ്ലാനുകളെ ഒറ്റയടിക്ക് വിളിക്കാമെങ്കിലും ഇവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. ജിയോ, എയർടെൽ എന്നിവർ 399 രൂപയ്ക്കും വിഐ 401 രൂപയ്ക്കും നൽകുന്ന അടിസ്ഥാന പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ഏത് കമ്പനിയാണ് കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യം തങ്ങളുടെ വരിക്കാർക്ക് നൽകുന്നതെന്ന് ഇതിലൂടെ വ്യക്തമാകും.

റിലയൻസ് ജിയോയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 399 രൂപയുടേത്. ഒരു മാസത്തേക്ക് 75 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 200 ജിബി ഡാറ്റ റോൾഓവർ സൗകര്യം എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഒരു ജിബിക്ക് 10 രൂപ വീതം നൽകേണ്ടിവരും.
ഏറ്റവും കുറഞ്ഞ നിരക്കിന്റെ പ്ലാനിലും ഒടിടി ആനുകൂല്യങ്ങൾ ജിയോ വാഗ്ദാനം ചെയ്യുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ 399 രൂപ പ്ലാൻ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത് കൂടാതെ, ജിയോ ആപ്പുകളുടെ സേവനങ്ങളും ഈ പ്ലാനിൽ കമ്പനി നൽകിയിരിക്കുന്നു.
എയർടെലിന്റെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
399 രൂപയുടെ അടിസ്ഥാന പോസ്റ്റ് പെയ്ഡ് പ്ലാനിൽ 40 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും എയർടെൽ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി എയർടെൽ എക്‌സ്ട്രീം ആപ്ലിക്കേഷൻ സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽനിന്നുള്ള ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.
വിഐയുടെ 401 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ
കഴിഞ്ഞ ദിവസമാണ് എയർടെലിന്റെയും ജിയായുടെയും 399 രൂപ പ്ലാനുകൾക്ക് ബദലായി വിഐ 401 രൂപ പ്ലാൻ പുറത്തിറക്കിയത്. വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണിത്. മറ്റ് രണ്ട് കമ്പനികളുടെ പാനുകളുമായി വിലയുടെ കാര്യത്തിൽ താരതമ്യം ചെയ്താൽ വിഐയുടെ അടിസ്ഥാന പ്ലാനിന് രണ്ട് രൂപ കൂടുതൽ ആണ് എന്നുകാണാം.

പ്ലാൻ നിരക്കിൽ മാത്രമല്ല, ആനുകൂല്യങ്ങളുടെ കാര്യത്തിലും വിഐയുടെഅടിസ്ഥാന പ്ലാൻ വേറിട്ട് നിൽക്കുന്നു. 401 രൂപയുടെ രണ്ട് പ്ലാനുകൾ വിഐയ്ക്ക് ഉണ്ട്. ഒടിടി ആനുകൂല്യത്തിലുള്ള വ്യത്യാസമാണ് ഈ രണ്ട് 401 രൂപ പ്ലാനുകൾ തമ്മിലുള്ള ഏക വ്യത്യാസം. മറ്റ് ആനുകൂല്യങ്ങൾ എല്ലാം ഒരുപോലെ തന്നെയാണ്.
പ്രതിമാസം 50 ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 3000 എസ്എംഎസ്, രാത്രി 12 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് അൺലിമിറ്റഡ് ഡാറ്റ എന്നിവ ആണ് 401 രൂപയുടെ വിഐ എൻട്രി ലെവൽ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ.
രണ്ട് 401 രൂപ പ്ലാനുകൾ ഉള്ളതിനാൽ ദക്ഷിണേന്ത്യക്കായുള്ള പ്ലാനിനെ 'വി മാക്സ് 401 സൗത്ത്' എന്നാണ് വിളിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ വിവിധ ഉള്ളടക്കങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സൺ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്‌സ്‌ക്രിപ്‌ഷൻ അടങ്ങിയിരിക്കുന്നു എന്നതാണ് ഈ വിഐ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒരു വർഷത്തേ സൺ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അധിക ചിലവില്ലാതെ രണ്ട് സ്‌ക്രീനുകളിൽ (മൊബൈലും ടിവിയും) സൺ നെക്സ്റ്റ് ഉള്ളടക്കം കാണാൻ ഈ പ്ലാൻ അനുവദിക്കുന്നു. 401 രൂപയുടെ രണ്ടാമത്തെ പ്ലാൻ 12 മാസത്തേക്ക് സോണിലിവ് സബ്‌സ്‌ക്രിപ്‌ഷനാണ് നൽകുക.


Click it and Unblock the Notifications








