ഇന്ന് കാണുന്ന പ്ലാൻ നാളെ കണ്ടെന്ന് വരില്ല; 3 മാസം മുതൽ 388 ദിവസം വരെ വാലിഡിറ്റിയുള്ള ജനപ്രിയ ജിയോ പ്ലാനുകൾ
ടെലിക്കോം കമ്പനികൾ തങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നിരക്കുകളിൽ പരീക്ഷണങ്ങൾ ആരംഭിച്ചിരിക്കുന്ന സമയമാണ്. നിരക്ക് വർധന എന്ന് തോന്നിക്കാത്ത വിധത്തിൽ വരിക്കാരുടെ പോക്കറ്റിൽനിന്ന് എങ്ങനെ പണം ചോർത്താം എന്ന നിലയ്ക്ക് ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയം. അടുത്തിടെ പല ടെലിക്കോം കമ്പനികളുടെയും പ്ലാനുകളിൽ പലവിധ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.
എങ്കിലും നാല് പ്രമുഖ പ്ലാനുകളുടെ വാലിഡിറ്റി കുറച്ചുകൊണ്ട് ഏവരെയും ഞെട്ടിച്ച് കളഞ്ഞത് ബിഎസ്എൻഎൽ ആണ്. എയർടെൽ നേരത്തെ തന്നെ 99 രൂപയുടെ പ്ലാൻ റദ്ദാക്കി കുറഞ്ഞ പ്ലാൻ 155 രൂപയുടേതാക്കി മാറ്റി. ചെറിയ രീതിയിലുള്ള നിരക്ക് വർധന പ്രതീക്ഷിക്കാമെന്ന് എയർടെൽ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

വിഐയും തങ്ങളുടെ പ്ലാനുകളിൽ അഴിച്ചുപണിക്ക് തയാറെടുക്കുന്ന തിരക്കിലാണ്. ജിയോ അടുത്തിടെയെങ്ങും നിരക്ക് വർധനയെന്ന് പറയാൻ സാധിക്കുന്ന വിധത്തിലുള്ള മാറ്റങ്ങൾ തങ്ങളുടെ പ്ലാനുകളിൽ വരുത്തിയിട്ടില്ല. പുതിയ വരിക്കാരെ നേടുന്നതിൽ എയർടെലിന് പിന്നിലായിപ്പോയപ്പോൾ അപകടംമണത്ത ജിയോ ഉടൻ ഒരു നിരക്ക് വർധനയ്ക്ക് തയാറായേക്കില്ല എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോൾ ഒരു നിരക്ക് വർധന ഉണ്ടായാൽ അത് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കും എന്ന് ജിയോ ഭയക്കുന്നതായും അതിനാൽ ഒരു നിരക്ക് വർധന ഉണ്ടായേക്കില്ല എന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ജിയോ ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലാത്തതിനാൽ തന്നെ നിരക്ക് ഉയർത്താനുള്ള സാധ്യതകൾ പൂർണമായി തള്ളിക്കളയാൻ സാധിക്കില്ല.
ഒരു ഭാഗ്യപരീക്ഷണത്തിന് തയാറല്ലാത്ത ജിയോ ഉപയോക്താക്കൾ ജിയോയുടെ ദീർഘകാല പ്ലാൻ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇതെന്ന് പറയാം. ദീർഘകാല പ്ലാനുകൾ എപ്പോഴും ലാഭം മാത്രമാണ് നൽകുന്നത്. നിരക്ക് വർധനയുടെ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മികച്ച ആനുകൂല്യങ്ങളോടെ എത്തുന്ന പ്ലാനുകൾ തെരഞ്ഞെടുത്ത്, നിരക്കുവർധനയുടെ പിടിയിൽനിന്ന് ഒഴിഞ്ഞ് നിൽക്കാവുന്നതാണ്.

നിലവിൽ ലഭ്യമാകുന്ന ജിയോയുടെ ജനപ്രിയ ദീർഘകാല പ്ലാനുകൾ
2999 രൂപയുടെ പ്ലാൻ
ഏറ്റവുമധികം വാലിഡിറ്റി നൽകുന്ന ജിയോ പ്ലാൻ ആണ് 2999 രൂപയുടേത്. നേരത്തെ 365 ദിവസമായിരുന്നു ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ ന്യൂഇയർ ഓഫറിന്റെ ഭാഗമായി ജിയോ ഈ പ്ലാനിൽ 23 ദിവസത്തെ വാലിഡിറ്റി അധികമായി നൽകി. ഇതോടെയാണ് 388 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭ്യമാകാൻ തുടങ്ങിയത്.
പ്രതിദിനം 2.5ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നിങ്ങനെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു. അധികമായി വാലിഡിറ്റി കൂട്ടിച്ചേർത്ത ദിവസങ്ങളിലും ഈ ആനുകൂല്യങ്ങൾ ലഭിക്കും. അതിനാൽത്തന്നെ ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മറ്റ് യാതൊരു ചിലവുകളെപ്പറ്റിയും ആലോചിക്കാതെ ഒരു വർഷത്തിലധികം മുന്നോട്ട് പോകാൻ സാധിക്കും.
2,023 രൂപയുടെ പ്ലാൻ
252 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനാണ് 2023 രൂപയുടേത്. ന്യൂഇയറിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്ലാൻ ആയതിനാൽത്തന്നെ ഏതു സമയത്തും ഈ പ്ലാൻ പിൻവലിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജനപ്രിയ ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ എന്നിവ ഈ പ്ലാനിൽ അടങ്ങുന്നു.
899 രൂപയുടെ പ്ലാൻ
90 ദിവസത്തെ വാലിഡിറ്റിയോടെയാണ് 899 രൂപ പ്ലാൻ എത്തുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിലുണ്ട്. ആകെ 225 ജിബി ഡാറ്റ ഇതിൽ ലഭിക്കുന്നു. ജിയോ ആപ്പുകളുടെ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാകും.

749 രൂപയുടെ പ്ലാൻ
90 ദിവസം വാലിഡിറ്റി നൽകുന്ന മറ്റൊരു ജനപ്രിയ ജിയോ പ്ലാൻ ആണ് 749 രൂപയുടേത്. പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഒപ്പം അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ സേവനങ്ങളും മൂന്നുമാസത്തേക്ക് ലഭിക്കും. ആകെ 180 ജിബി ഡാറ്റ ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു.
719 രൂപയുടെ പ്ലാൻ
മൂന്നുമാസത്തെ പ്ലാൻ എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ലെങ്കിലും ഏതാണ്ട് മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്നൊരു പ്ലാനാണ് 719 രൂപയുടേത്. 84 ദിവസ വാലിഡിറ്റിയിൽ, പ്രതിദിനം 2ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാനിൽ ലഭിക്കുന്നു. അധിക ആനുകൂല്യങ്ങളായി ജിയോ ആപ്പ് ആനുകൂല്യങ്ങളുമുണ്ട്.
666 രൂപയുടെ പ്ലാൻ
84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന മറ്റൊരു പ്ലാൻ ആണ് 666 രൂപയുടേത്. പ്രതിദിനം 1.5ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്സ് കോൾ എന്നിവയും അധിക ആനുകൂല്യമായി ജിയോ ആപ്പ് സബ്സ്ക്രിപ്ഷനുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ മുൻനിരയിലുള്ള പ്ലാനാണിത്.


Click it and Unblock the Notifications








