ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്ന പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഒരുകാലത്ത് ഏറെ പ്രതാപത്തോടെ വിലസിയിരുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നാൽ ഒപ്പമുണ്ടായിരുന്നവർ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി മുന്നേറിയപ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. പുതിയ കാലത്തിനനുസരിച്ച് സേവനങ്ങൾ നൽകാൻ കഴിയാഞ്ഞത് നിലനിൽപ്പ് പോലും അപകടത്തിലാകുന്ന നിലയിലേക്ക് കമ്പനിയെ എത്തിച്ചു.
ഇന്ന് വാർധക്യമെത്തിയ സേവനങ്ങളും പേറി ബിഎസ്എൻഎൽ മുന്നോട്ട് പോകാൻ ശക്തിയില്ലാതെ കിതച്ച് നിൽക്കുകയാണ്. മറ്റുള്ളവർ 4ജിയും 5ജിയും ആയി മുന്നേറിയപ്പോഴും ബിഎസ്എൻഎൽ ആളെ കറക്കുന്ന 2ജിയാണ് കൂടുതൽ സ്ഥലങ്ങളിലും നൽകിവരുന്നത്. ഉടൻ തന്നെ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുമെന്ന പ്രതീക്ഷകൾ ഇപ്പോൾ വീണ്ടും ശക്തമായിരിക്കുന്ന സമയമാണ്.

ഡാറ്റ വേഗതയുടെ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എങ്കിൽക്കൂടിയും ബിഎസ്എൻഎല്ലിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. അവർക്കായി മികച്ച ഒരുപിടി പ്ലാനുകളും കമ്പനി അവതരിപ്പിച്ച് വരുന്നുണ്ട്. സേവനങ്ങളുടെ കാര്യത്തിൽ അൽപ്പം പിന്നിൽ ആണെങ്കിലും നൽകുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ ഒട്ടും പിന്നിലല്ല. ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന റീച്ചാർജ് പ്ലാനുകൾ കമ്പനി നൽകിവരുന്നുണ്ട്.
ഇതിൽ പല പ്ലാനുകളും ജനം ഏറെ ഏറ്റെടുത്തവയാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ, അതും മറ്റുള്ളവർ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രത്യേകത. ഇപ്പോൾ ട്രെൻഡിങ് റീച്ചാർജുകളുടെ പട്ടികയിലുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണെന്നും അവ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പരിചയപ്പെടാം.
153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
എക്കാലത്തെയും മികച്ച ഡീൽ എന്നാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വിശേഷിപ്പിക്കപ്പെടുന്നത്. ദേശീയ റോമിങ്ങിൽ പോലും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1 ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ.
നിശ്ചിത ഡാറ്റ ഉപയോഗ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ ട്യൂണുകൾ അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനിനോടൊപ്പം ലഭ്യമാകും. 26 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. ഈ വാലിഡിറ്റി കാലയളവിനുള്ളിൽ പ്ലാൻ റീചാർജ് ചെയ്താൽ ഉപയോഗിക്കാത്ത വാലിഡിറ്റിയും ശേഖരിക്കാം.
229 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
അവിശ്വസനീയമായ ഓഫർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഎസ്എൻഎൽ 229 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് ദേശീയ റോമിങ് ഉൾപ്പെടെയുള്ള അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുന്നത്. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസ് സൗകര്യവുമുണ്ട്.

നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനവും വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ 1 മാസത്തെ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. അതായത് എല്ലാ മാസവും ഒരേ തീയതിയിൽ റീച്ചാർജ് ചെയ്യാൻ സാധിക്കും എന്ന് അർഥം.
397 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
കുറഞ്ഞ ചിലവിൽ കൂടുതൽ ഓഫർ, അതാണ് 397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. ദേശീയ റോമിംഗ് ഉൾപ്പെടെയുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 SMS, BSNL ട്യൂണുകൾ, ലോക് ധൂൺ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 150 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
666 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ബെസ്റ്റ് സെല്ലർ പായ്ക്ക് എന്ന് വിളിക്കപ്പെടുന്ന ഈ ബിഎസ്എൻഎൽ പ്ലാൻ ദേശീയ റോമിംഗിൽ പോലും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും പ്രതിദിനം 2ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 105 ദിവസമാണ് വാലിഡിറ്റി. ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കും.

1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അന്വേഷിക്കുന്ന ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന പ്ലാനാണ് 1198 രൂപയുടേത്. ക്രേസി ഓഫർ എന്ന് വിളിക്കപ്പെടുന്ന ഈ പ്ലാൻ 365 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. നാഷണൽ റോമിങ് ഉൾപ്പെടെ 300 വോയ്‌സ് മിനിറ്റുകൾ, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ പ്രതിമാസം ഈ പ്ലാനിൽ ലഭിക്കും.
ബിഎസ്എൻഎൽ ഇന്ത്യയിൽ നൽകിവരുന്ന റീച്ചാർജ് പ്ലാനുകളിൽ ട്രെൻഡിങ്ങിലുള്ള പ്ലാനുകളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. ഇതിൽ ചില പ്ലാനുകൾ ഇന്ത്യയിൽ മുഴുവൻ ലഭിക്കുന്നവയാണ്. ചില പ്ലാനുകൾ ചിലപ്പോൾ ചില പ്രത്യേക സർക്കിളുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവ ആകാം. ബിഎസ്എൻഎൽ ആപ്പിലോ വെബ്സൈറ്റിലോ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്താവുന്നതാണ്.


Click it and Unblock the Notifications








