'ചൈനേ, റഷ്യേ ബട്ട് വൈ'? ചാറ്റ്ജിപിടി നിരോധിച്ച രാജ്യങ്ങളും അതിന്റെ കാരണങ്ങളും
എഐയെ ലോകം ഭയന്നുതുടങ്ങിയതിന്റെ സൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എഐയുടെ അനന്ത സാധ്യതകൾ സാധാരണക്കാരിലേക്ക് ഉൾപ്പെടെ എത്തിച്ച എഐ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടി ചാറ്റ്ബോട്ട് ലോകമെങ്ങും വൈറലായിരുന്നു. എഐ സംബന്ധിച്ച ചർച്ചകൾ പൊതുജനങ്ങളുടെ ഇടയിൽ ശക്തമായതും ചാറ്റ്ജിപിടിയുടെ വരവോടെയായിരുന്നു. ചാറ്റ്ജിപിടിക്ക് ബദലായി ബാർഡിനെ പുറത്തിറക്കി ഗൂഗിളും രംഗം കൊഴുപ്പിച്ചു.
എഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കായി ലോകത്തിന്റെ പലഭാഗത്തും എഐ ലാബുകൾ സജീവമാകുകയും മത്സരം മുറുകുകയും ചെയ്തു. എഐ ഉപയോഗിച്ച് നിർവഹിക്കാവുന്ന കാര്യങ്ങളുടെ പട്ടിക ദിവസവും വലുതാകുകയും ചെയ്തു. എന്നാൽ ആദ്യമൊക്കെ കൗതുകത്തോടെയും ആകാംക്ഷയോടെയും ഇതൊക്കെ നോക്കിക്കണ്ട മനുഷ്യൻ ഇപ്പോൾ ഭയപ്പെട്ടുതുടങ്ങിയിരിക്കുകയാണ്.

ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖരും ടെക്നോളജി മേഖലയിൽനിന്ന് തന്നെയുള്ള വിദഗ്ധരുമൊക്കെ എഐ പരീക്ഷണങ്ങൾ നിർത്തണമെന്നും പ്രത്യാഘാതങ്ങൾ പഠിച്ചശേഷം മാത്രം മുന്നോട്ട് പോയാൽ മതി എന്നും പറയുന്നു. എന്നാൽ മറുവശത്ത് ഗൂഗിൾ അടക്കമുള്ള കമ്പനികൾ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയും ബിൽ ഗേറ്റ്സിനെപ്പേലെയുള്ളവർ എഐ പരീക്ഷണങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്യുന്നു.
ലോകമെങ്ങും തരംഗമായ ഓപ്പൺഎഐയുടെ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ നിരോധിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയ രാജ്യങ്ങളിലൊന്ന് ഇറ്റലിയായിരുന്നു. സ്വകാര്യതാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാറ്റ്ജിപിടിയെ ഇറ്റലിയിലെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി നിരോധിച്ചത്. ആശങ്കകൾ 20 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്നും അല്ലെങ്കിൽ 21.7 മില്യൺ ഡോളർവരെയോ വാർഷിക വരുമാനത്തിന്റെ 4 ശതമാനം വരെയോ പിഴ ഈടാക്കുമെന്നും ഇറ്റലി ഓപ്പൺഎഐക്ക് മുന്നറിയിപ്പ് നൽകി.
ചാറ്റ്ജിപിടിയുടെ പ്രവർത്തനത്തിൽ ആശങ്കപ്പെട്ടത് ഇറ്റലി മാത്രമല്ല. ഉത്തര കൊറിയ, ഇറാൻ, റഷ്യ, ചൈന തുടങ്ങിയ വിവിധ രാജ്യങ്ങൾ വിവിധ ആശങ്കകൾ മുൻൻിർത്തി ഓപ്പൺ എഐയുടെ ജനറേറ്റീവ് എഐ ടൂൾ തങ്ങളുടെ രാജ്യത്ത് നിരോധിക്കുകയും ലഭ്യമല്ലാതാക്കുകയും ചെയ്തിരുന്നു. ചാറ്റ്ജിപിടിയെ സംശയത്തോടെ കണ്ട് നിരോധിച്ച രാജ്യങ്ങളെ പരിചയപ്പെടാം.
ചൈന: ലോകരാജ്യങ്ങൾ ചൈനയെയും ചൈന ലോകരാജ്യങ്ങളെയും എപ്പോഴും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ ടെക്നോളജി ഉൾപ്പെടെ എന്തിനും കർശനമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പടുത്തിയിട്ടുള്ള രാജ്യമാണ് ചൈന. അമേരിക്കയും ചൈനയുമായുള്ള ബന്ധം അത്ര സുഖകരമല്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും തങ്ങളുടെ രഹസ്യങ്ങൾ മനസിലാക്കാനും ചാറ്റ്ജിപിടി പോലുള്ള എഐ പ്ലാറ്റ്‌ഫോമുകൾ അമേരിക്ക ഉപയോഗിക്കുമെന്ന് ചൈനയ്ക്ക് ആശങ്കയുണ്ട്.

സുരക്ഷാഭീതി കാരണം വിദേശ വെബ്‌സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും എതിരേ കർശനമായ നിയമങ്ങളാണ് ചൈനയിലുള്ളത്. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലാത്തതാണ് അമേരിക്കൻ കമ്പനിയായ ചാറ്റ്ജിപിടിക്ക് വിനയായത്. ചാറ്റ്ജിപിടിയെ മാത്രമല്ല, അതിന് സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളെയും തങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കാൻ ചൈന അനുവദിച്ചേക്കില്ല.
റഷ്യ: മുഖ്യശത്രുവായ അമേരിക്ക തന്നെയാണ് റഷ്യയുടെയും പ്രശ്നം. ചാറ്റ്ജിപിടി പോലുള്ള എഐ ജനറേറ്റീവ് പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് റഷ്യ ആശങ്കപ്പെടുന്നു. കൂടാതെ, പാശ്ചാത്യ രാജ്യങ്ങളുമായുള്ള നിലവിലെ മോശം ബന്ധം കണക്കിലെടുക്കുമ്പോൾ രാജ്യത്തിനുള്ളിലെ വിവരങ്ങളെ സ്വാധീനിക്കാൻ ചാറ്റ്ജിപിടി പോലെ അനന്ത സാധ്യതകളുള്ള ഒരു പ്ലാറ്റ്‌ഫോമിനെ അനുവദിച്ച് സ്വയം അപകടത്തിൽ ചാടേണ്ട എന്നാണ് റഷ്യയുടെ വിലയിരുത്തൽ.
ഇറാൻ: കർശനമായ നിയന്ത്രണങ്ങൾക്ക് പണ്ടേ പേരുകേട്ട രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇന്റർനെറ്റ് ട്രാഫിക് കർശനമായി നിരീക്ഷിക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്ന സർക്കാർ നിരവധി വെബ്‌സൈറ്റുകളും സേവനങ്ങളും വരെ രാജ്യത്ത് വിലക്കിയിട്ടുണ്ട്. അത്ര കർക്കശക്കാരായ ഇറാൻ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് വിലക്കിയില്ലെങ്കിലാണ് നാം അദ്ഭുതപ്പെടേണ്ടത്.
കൂടാതെ, ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിന്മാറിയതോടെ ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളായ നിലയിലാണ്.ഇങ്ങനെ വിവിധ തലത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങളും പിന്തുടർന്നു പോരുന്ന കർശന നിയമങ്ങളും ചേർന്ന് ഇറാനിലും ചാറ്റ്ജിപിടിയുടെ 'കച്ചവടം' പൂട്ടിച്ചു. അതിനാൽത്തന്നെ ഈ എഐ ചാറ്റ്ബോട്ട് ഇറാനിൽ ലഭ്യമല്ല.

ഉത്തര കൊറിയ: ചാറ്റ്ജിപിടി നിലവിലില്ലാത്ത രാജ്യം എന്ന് കൊച്ചുകുട്ടികളടക്കം ലോകത്ത് ആരോട് ചോദിച്ചാലും യാതൊരു സംശയവും കൂടാതെ ആദ്യം പറയുന്ന പേര് ഉത്തരകൊറിയയുടേത് ആയിരിക്കും. കാരണം കർശന നിയന്ത്രണങ്ങളുടെ കാര്യത്തിൽ ലോകത്ത് ഏറ്റവുമധികം കുപ്രസിദ്ധി നേടിയിട്ടുള്ള രാജ്യമാണ് ഉത്തരകൊറിയയും അവിടുത്തെ ഭരണാധികാരി കിം ജോങ് ഉന്നും.
ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയയിൽ കിം ജോങ്- ഉന്നിന്റെ സർക്കാർ ഇന്റർനെറ്റ് ഉപയോഗം കർശനമായി നിയന്ത്രിക്കുകയും പൗരന്മാരുടെ ഓൺലൈൻ പ്രവർത്തനം ഉൾപ്പെടെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത്ര കർശനവും ആധികാരികവുമായ നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തര കൊറിയൻ സർക്കാർ ചാറ്റ്ജിപിടി ഉപയോഗം നിരോധിച്ചതിൽ അതിശയിക്കുകയോ കാരണം അന്വേഷിക്കുകയോ ചെയ്യേണ്ടതിന്റെപോലും ആവശ്യം ഉദിക്കുന്നില്ല.
ക്യൂബ: ഇന്റർനെറ്റ് ആക്സസ് പരിമിതവും സർക്കാരിന്റെ കർശന നിയന്ത്രണത്തിൻ കീഴിലുള്ളതുമായ രാജ്യങ്ങളിൽ ഒന്നാണ് ക്യൂബ. ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയുള്ള ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടി ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകൾ ക്യൂബയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് ഈ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കില്ല.
സിറിയ: കർശനമായ ഇന്റർനെറ്റ് സെൻസർഷിപ്പ് നിയമങ്ങളുള്ള മിഡിൽ ഈസ്റ്റ് രാജ്യമാണ് സിറിയ. ഇവിടെയും ഗവൺമെന്റ് ഇന്റർനെറ്റ് ട്രാഫിക്കിനെ ശക്തമായി നിരീക്ഷിക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. തെറ്റായ വിവരങ്ങൾ പരക്കുന്നതിനാൽ ഇതിനകംതന്നെ സിറിയ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. അതിനാലാണ് ഇന്റർനെറ്റ് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനിയാണ് എന്നതിനാലും സുരക്ഷാകാരണങ്ങളാലും ചാറ്റ്ജിപിടി സിറിയയിലും ലഭ്യമല്ല.


Click it and Unblock the Notifications