മീനിൽ തുടങ്ങി ഓന്തിൽ എത്തിയ യാത്ര! നീല വെടിഞ്ഞു, ഇനി പഞ്ചരൂപങ്ങളിൽ പഞ്ചോടെ തെളിയും നോക്കിയ
നോക്കിയ എന്ന് കേട്ടാൽ നമ്മുടെ മനസിലേക്ക് ഓടിയെത്തിയിരുന്നത് രണ്ടു കൈകൾ പരസ്പരം കൂടിച്ചേരുന്നതും ഒപ്പം നീല നിറത്തിൽ നോക്കിയ എന്ന് തെളിയുന്നതുമായിരുന്നു. അത് മൊബൈലിലെ കാഴ്ച. എന്നാൽ നോക്കിയയുടെ ലോഗോയിൽ കണ്ടിരുന്നത് നീല നിറത്തിലുള്ള നോക്കിയ എന്ന മനോഹരമായ എഴുത്തായിരുന്നു. പക്ഷേ ഇനി ആ കാഴ്ച അധികനാളുണ്ടാകില്ല.
ഏതാണ്ട് അറുപത് വർഷത്തെ പഴക്കമുള്ള നോക്കിയ ലോഗോ കമ്പനി പൊളിച്ച് പണിതിരിക്കുകയാണ്. വളർച്ചയുടെ പാതയിൽ പുതിയ ഉയരങ്ങൾ തേടുന്ന നോക്കിയ തങ്ങളുടെ നിലവിലുള്ള ഇമേജ് പൊളിച്ചെഴുതാൻ തീരുമാനമെടുത്തിട്ട് നാളേറെയായി. ഈ ഇമേജ് പൊളിക്കലിന്റെ ഭാഗമായാണ് ഏറെ ആകർഷകമായ പുതിയ ലോഗോയും കൊണ്ടുവന്നിരിക്കുന്നത്.

ലോഗോയിൽ വന്ന ഏറ്റവും പ്രധാന മാറ്റം എന്നുപറയുന്നത് അക്ഷരങ്ങളിൽ വരുത്തിയിരിക്കുന്ന രൂപമാറ്റമാണ്. അതായത് നേരത്തെ നോക്കിയ എന്ന് ഇംഗ്ലീഷ് വലിയക്ഷരത്തിൽ (ക്യാപിറ്റൽ ലെറ്റേഴ്സ്) വ്യക്തമായി ആണ് എഴുതിയിരുന്നത്. ഇപ്പോൾ അത് മാറ്റി പ്രത്യേക ആകൃതിയിൽ ഡിസൈൻ ചെയ്ത അക്ഷരങ്ങളാണ് നോക്കിയ എന്ന പേരിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
നോക്കിയ എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ അഞ്ച് അക്ഷരങ്ങളാണ് ഉള്ളത്. ഈ അഞ്ച് അക്ഷരങ്ങൾക്കും അഞ്ച് വ്യത്യസ്തവും ആകർഷകവുമായ രൂപങ്ങൾ പുതിയ ലോഗോയിൽ നൽകിയിരിക്കുന്നു. പഴയ നീല നിറം ഉപേക്ഷിച്ച് കൂടുതലും വെള്ള നിറത്തിലാണ് പുതിയ ലോഗോയിൽ ഈ അക്ഷരങ്ങൾ കാണുക. സ്ഥിരം നിറങ്ങൾ ആവർത്തിച്ച് നൽകാതെ സാഹചര്യത്തിനനുസരിച്ചുള്ള പശ്ചാത്തല നിറമാകും ഇനി നൽകുക.

അഞ്ച് വ്യത്യസ്ത രൂപങ്ങളിലാണ് പുതിയ നോക്കിയ ലോഗോ ഇറക്കിയിരിക്കുന്നത്. ഈ അഞ്ച് ലോഗോകളുടെയും പശ്ചാത്തലങ്ങൾ വ്യത്യസ്തമാണ്. പുതിയ കാലത്തെയും തങ്ങളുടെ ബിസിനസിനെയും പ്രതിനിധീകരിക്കുന്ന വിധത്തിൽ ഒരു പൊളിച്ചുപണിയാണ് ലോഗോയിൽ നടത്തിയിരിക്കുന്നത് എന്നാണ് നോക്കിയ പറയുന്നത്. ചരിത്രത്തിലുടനീളം നോക്കിയയുടെ ലോഗോകളിൽ ചെറിയ ചെറിയ മാറ്റങ്ങൾ കാണാൻ സാധിക്കും.
നോക്കിയ കമ്പനി ആരംഭിക്കുന്നത് 1865 മേയ് 12 ന് ആണ്. എന്നാൽ അന്ന് ഒരു പേപ്പർ മിൽ എന്ന നിലയിലായിരുന്നു നോക്കിയയുടെ പ്രവർത്തനം. പിന്നീടിങ്ങോട്ട് കേബിൾ, പേപ്പർ ഉൽപ്പന്നങ്ങൾ, റബ്ബർ ബൂട്ടുകൾ, ടയറുകൾ, ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ എന്നിങ്ങനെ
പലവിധ രംഗങ്ങളിലൂടെ കമ്പനി കടന്നുപോയി. ടെലികമ്മ്യൂണിക്കേഷനിൽ ശ്രദ്ധകൂടുതൽ കേന്ദ്രീകരിക്കാനുള്ള നോക്കിയയുടെ മാറ്റം 1990-കളിൽ ആരംഭിച്ചു.
ഈ മാറ്റങ്ങൾക്കിടയിൽ ലോഗോയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായി. 1871 ൽ ആണ് നോക്കിയ ലോഗോ ആദ്യം തെളിയുന്നത്. ഒരു മീന്റെ ചിത്രം അടങ്ങുന്നതായിരുന്നു ഈ ലോഗോ. തുടർന്ന് 1965ൽ ലോഗോയിൽ നിന്ന് മീൻ പുറത്തായി. ഒരു കറുത്ത വട്ടത്തിനുള്ളിൽ വെള്ള അക്ഷരങ്ങളിൽ നോക്കിയ എന്ന് എഴുതിയതായിരുന്നു ഈ മാറ്റം. തുടർന്ന് തൊട്ടടുത്ത വർഷം(1966)ലോഗോയിൽ വീണ്ടും കാര്യമായ മാറ്റം ഉണ്ടായി.

പിൽക്കാലത്ത് നാം കണ്ട നോക്കിയ ലോഗോയുടെ ആദ്യ രൂപം 1966 ൽ ആണ് ഉണ്ടാകുന്നത്. 1992 ആയപ്പോഴേക്കും ലോഗോയിൽ വീണ്ടും മാറ്റം ഉണ്ടാകുകയും കണ്കടിങ് പീപ്പിൾ എന്ന വാക്യം ഇടം പിടിക്കുകയും ചെയ്തു. 2006 ലും ഈ ലോഗോ ചെറുതായി പരിഷ്കരിക്കപ്പെട്ടു. പിന്നീട് 2011 ആയപ്പോഴേക്കും ലോഗോയിൽനിന്ന് കണക്ടിങ് പീപ്പിൾ എന്നത് അപ്രത്യക്ഷമായി.
കമ്പനിയുടെ സ്വഭാവത്തിൽ മാറ്റം വന്നപ്പോഴെല്ലാം ലോഗോയിലും അത് പ്രകടമായി. ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. നോക്കിയ എന്ന് കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ പലരും നോക്കിയ ഫോണുകളെയും മറ്റ് ഉൽപ്പന്നങ്ങളെയും ഓർക്കുന്നു. എന്നാൽ ടെലിക്കോം ടെക്നോളജി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വളരാനാണ് നോക്കിയ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ വ്യവസായ രീതിക്ക് അനുയോജ്യമായ മാറ്റം എന്ന നിലയിലാണ് ഇപ്പോഴത്തെ ലോഗോ അവതരണം. എന്നാൽ പുതിയ ലോഗോ നോക്കിയയുടെ ഉപകരണങ്ങളിൽ ഉടൻ ഇടം പിടിക്കില്ല. 2024 മുതൽ ആകും ഉപകരണങ്ങളിൽ ഇവ പ്രത്യക്ഷപ്പെടുക. അതേസമയം നോക്കിയ ഫോണുകളുടെ ഹോം ആയ എച്ച്എംഡി ഗ്ലോബൽ, ക്ലാസിക് നോക്കിയ ലോഗോ ഉപയോഗിക്കുന്നത് തുടർന്നേക്കും.


Click it and Unblock the Notifications








