ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി മാറ്റം; അറിയേണ്ടതെല്ലാം
ഡിജിറ്റൽ മേഖലയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഈ വർഷത്തെ യൂണിയൻ ബജറ്റ് അവതരിപ്പിച്ചത്. ഡിജിറ്റൽ അടിസ്ഥാന സൌകര്യ വികസനത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട ബജറ്റിന്റെ മറ്റൊരു പ്രധാന വശമാണ് ഇലക്ട്രിക്ക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങൾ. ഹരിത ഊർജ ഉപയോഗം വർധിപ്പിക്കാനും അത് വഴി മൊത്തത്തിലുള്ള കാർബൺ ബഹിർഗമനം കുറയ്ക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ ഉദ്യമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇലക്ട്രിക്ക് വാഹനങ്ങൾ. നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ എത്തിക്കാനും അവയുടെ വ്യാപനത്തിന് തടസമായി നിൽക്കുന്ന പ്രശ്നങ്ങളും മനോഭാവവും പരിഹരിക്കാനുമായാണ് കേന്ദ്ര സർക്കാർ പുതിയ നയങ്ങൾ പ്രഖ്യാപിച്ചത്. ബാറ്ററി സ്വാപ്പിങ് പോളിസിയാണ് ( ബാറ്ററി മാറ്റം ) ഇതിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടത്. ബാറ്ററി സ്വാപ്പിങ് പോളിസി എന്താണെന്നും ഇവയുടെ ഗുണദോഷങ്ങൾ എന്തെല്ലാമാണെന്നും മനസിലാക്കാൻ താഴേക്ക് വായിക്കുക.

എന്താണ് ബാറ്ററി സ്വാപ്പിങ് രീതി?
യാത്രകൾക്കിടെ ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള രണ്ട് വഴികളിൽ ഒന്നാണ് ബാറ്ററി സ്വാപ്പിങ്. ചില ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി പ്ലഗ് ചെയ്യേണ്ടതുണ്ട്. അതേ സമയം ബാറ്ററി സ്വാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങൾക്ക് അത് ആവശ്യമില്ല. ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജ് തീരാറായ ബാറ്ററി, ബാറ്ററി സ്വാപ്പിങ് സ്റ്റേഷനിൽ വച്ച് മാറിയെടുക്കാവുന്നതാണ്. ഇത് യാത്രക്കിടെ ചാർജ് തീർന്ന് പോകുന്ന സാഹചര്യം ഒഴിവാക്കുന്നു. ബാറ്ററി സ്വാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇവികളുടെ ബാറ്ററി പുറത്തെടുത്ത് വീട്ടിൽ തന്നെ ചാർജ് ചെയ്യുക എന്നതാണ് മറ്റൊരു ഓപ്ഷൻ.

ബാറ്ററി സ്വാപ്പിങിന്റെ ആവശ്യകത
നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനാണ് ഈ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ചിരുന്നു. സാധാരണ പ്ലഗ് ഇൻ ഇവികൾക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഒരു പ്രത്യേക ചാർജിങ് പോയിന്റ് ആവശ്യമാണ്. ഇതിനായി, ഉടമയ്ക്ക് വീട്ടിൽ സ്ഥിരമായ പാർക്കിങ് + ചാർജിങ് സ്പേസ് വേണ്ടി വരുന്നു. അല്ലെങ്കിൽ വീടിന് അടുത്ത് തന്നെ പബ്ലിക് ഫാസ്റ്റ് ചാർജിങ് പോയിന്റുകളിലേക്കുള്ള ആക്സസും ആവശ്യമായി വരുന്നു.

ഈ ബുദ്ധിമുട്ടിന് പരിഹാരം കാണാൻ വേണ്ടിയാണ് ബാറ്ററി സ്വാപ്പിങ് പോളിസി അവതരിപ്പിക്കുന്നത്. ബാറ്ററി സ്വാപ്പിങ് സാങ്കേതികവിദ്യ, കൂടുതൽ ഈസിയായ ഒരു ഓപ്ഷൻ നൽകുന്നു. ഇവി ഫുൾ ചാർജിൽ എത്താനുള്ള കാത്തിരിപ്പ് വേണ്ടി വരുന്നില്ല എന്നതും ആകർഷകമായ ഒരു നേട്ടമാണ്. വീട്ടിൽ ഡെഡിക്കേറ്റഡ് ചാർജിങ് സ്പേസ് സെറ്റ് ചെയ്യേണ്ടി വരുന്നില്ല തുടങ്ങിയ പ്രത്യേകതകളും ബാറ്ററി സ്വാപ്പിങ് രീതിയുടെ മേന്മകളാണ്. ബാറ്ററി സ്വാപ്പിങ് രീതിയ്ക്ക് നല്ല വശങ്ങളോടൊപ്പം ചില പ്രശ്നങ്ങളും ഉണ്ട്. അവയെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

ബാറ്ററി ചാർജിങ് രീതിയുടെ ഗുണങ്ങൾ
മൊബൈലോ, ലാപ്ടോപ്പോ പ്ലഗ് ഇൻ ചെയ്യുന്നത് പോലെ ലളിതമായ പ്രോസസ്
ബാറ്ററി മാന്വലായി നീക്കം ചെയ്‌ത് മാറ്റി സ്ഥാപിക്കേണ്ട ആവശ്യമില്ല (മിക്ക ബാറ്ററികളും വളരെ ഭാരം കൂടിയവയാണ്)
നിങ്ങൾ വാങ്ങുന്ന ബാറ്ററികളുടെ ഉടമ നിങ്ങൾ മാത്രമായിരിക്കും
നിങ്ങൾക്ക് വീട്ടിൽ തന്നെ ചാർജിങ് പോയിന്റ് സജ്ജീകരിക്കാം
വാഹനത്തിനൊപ്പം ലഭിക്കുന്ന ഉയർന്ന ബാറ്ററി ഒപ്റ്റിമൈസേഷൻ

ബാറ്ററി ചാർജിങ് രീതിയുടെ പോരായ്മകൾ
ബാറ്ററി ചാർജ് ആവാൻ വേണ്ട നീണ്ട കാത്തിരിപ്പ് സമയം
കുറച്ച് കാലം കഴിയുമ്പോൾ ബാറ്ററിയുടെ ശേഷിയും പ്രവർത്തനങ്ങളിലും ഉള്ള പോരായ്മകൾ
ഒരേ സമയം പാർക്ക് ചെയ്യാനും ചാർജ് ചെയ്യാനും ധാരാളം സ്ഥലം ആവശ്യമായി വരുന്നു
കൃത്യമായി ചാർജ് ചെയ്തില്ലെങ്കിൽ ആവശ്യത്തിന് റേഞ്ച് ലഭിക്കാത്തത്.
വീട്ടിലോ അടുത്ത ചാർജിങ് സ്റ്റേഷനിലോ വൈദ്യുതി ഇല്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി
വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കൂടുതൽ ആസൂത്രണം ആവശ്യമായി വരുന്നു

ബാറ്ററി സ്വാപ്പിങ് രീതിയുടെ ഗുണങ്ങൾ
ആവശ്യത്തിന് ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ ഉണ്ടെങ്കിൽ വാഹനത്തിന്റെ റേഞ്ചിനേക്കുറിച്ചുള്ള ആശങ്കകൾക്ക് പ്രസക്തിയില്ല.
ബാറ്ററി ചാർജ് ആവാൻ വേണ്ട നീണ്ട കാത്തിരിപ്പ് സമയം ഒഴിവാകുന്നു.
ബാറ്ററി റീചാർജ് ചെയ്യാൻ വീട്ടിലേക്ക് കൊണ്ടുപോകാം
ചിലവ് വളരെ കുറയാൻ ഉള്ള സാധ്യത
ബാറ്ററി ശേഷി കുറയുന്നതും തകരാറുകളും പോലെയുള്ള പ്രശ്നങ്ങൾ ഉപഭോക്താവിനെ ബാധിക്കില്ല
ബാറ്ററി സ്വാപ്പിങ് സാർവത്രികമായിക്കഴിഞ്ഞാൽ വരുന്ന പുതിയ ബാറ്ററി സാങ്കേതികവിദ്യകളും അനുബന്ധ നേട്ടങ്ങളും

ബാറ്ററി സ്വാപ്പിങ് രീതിയുടെ പോരായ്മകൾ
ബാറ്ററി സ്റ്റാൻഡേർഡൈസേഷന്റെ അഭാവം തിരിച്ചടിയാകാൻ ഉള്ള സാധ്യത
കൂടുതൽ ഉപയോഗിച്ച പഴഞ്ചൻ ബാറ്ററി യൂണിറ്റ് ലഭിക്കാനുള്ള സാധ്യത ( ഇത് വാഹനത്തിന്റെ റേഞ്ചിനെ ബാധിക്കും )
മിക്ക ഉപയോക്താക്കളും പുതിയ ബാറ്ററി തിരഞ്ഞെടുക്കും എന്ന കാര്യം ഉറപ്പാണ്. ഇത് മൂലം ഇവി ബാറ്ററികളുടെ ആയുസ് കുറയുന്നത്
ഇവി ബാറ്ററി മാലിന്യങ്ങൾ പെരുകുന്നത്
ഇവികളുടെ എണ്ണത്തേക്കാൾ പല മടങ്ങ് ബാറ്ററികൾ പ്രചാരത്തിൽ വരുന്ന സാഹചര്യം
ഉയർന്ന ഭാരം, ബാറ്ററി സ്വാപ്പിങ് ജോലി എളുപ്പമാക്കില്ല എന്ന വസ്തുത

ബാറ്ററി സ്വാപ്പിങ് നയം നിലവിൽ ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ഓൺലൈൻ ഡെലിവറി മേഖലയിലും ഇ-ഓട്ടോകൾ പോലെയുള്ള മുചക്ര വാഹന സെഗ്മെന്റിലുമാണ്. ഈ രണ്ട് മേഖലയിലും കൃത്യസമയം പാലിക്കുന്നത് പ്രധാനമായതിനാൽ തന്നെ ബാറ്ററി സ്വാപ്പിങ് പോളിസി ഏറെ സഹായകരമാകും. ഇലക്ട്രിക് വാഹനങ്ങൾ എടുക്കാനുള്ള ആളുകളുടെ മടി മാറ്റാനും ഒരു പരിധി വരെ പുതിയ നയം കാരണമാകും. ബജറ്റ് പ്രസംഗത്തിലെ മറ്റൊരു ആകർഷണമായിരുന്നു ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക മൊബിലിറ്റി സോണുകൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം. സീറോ ഫോസിൽ ഇന്ധന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രത്യേക മൊബിലിറ്റി സോണുകൾ രൂപീകരിക്കുക. പ്രത്യേക മൊബിലിറ്റി സോണുകളിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ഒഴിവാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications