കഷ്ടപ്പെട്ടുണ്ടാക്കിയ പണം വിശ്വസിച്ച് ബാങ്കിലിട്ടിരിക്കുന്നവർ ശ്രദ്ധിക്കൂ; അല്ലെങ്കിൽ അടുത്ത ഇര നിങ്ങളാകാം
രാജ്യത്ത് ഡിജിറ്റൽ ബാങ്കിങ് ശക്തമായി വരുന്നതോടൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകളും ശക്തമാകുന്നത് അക്കൗണ്ട് ഉടമകൾക്ക് വെല്ലുവിളിയാകുന്നു. എച്ച്ഡിഎഫ്സി, എസ്ബിഐ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകാർ വിവിധ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അക്കൗണ്ട് ഉടമകളെ കെണിയിൽ വീഴ്ത്തുന്ന വ്യാജ സന്ദേശങ്ങളുടെ പരമ്പരയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
നിരവധിപേർ ഇതിനോടകം ഈ കെണിയിൽ കുടുങ്ങി ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായിരിക്കുന്നത്. ബാങ്കിൽനിന്ന് അയയ്ക്കുന്ന ഔദ്യോഗിക സന്ദേശം എന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തിലാണ് തട്ടിപ്പുകാർ വ്യാജ സന്ദേശം അയയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാഴ്ചയായി തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി തട്ടിപ്പിൽ അകപ്പെട്ടവരിൽ ഭൂരിഭാഗം പേരും എച്ച്ഡിഎഫ്‌സി, എസ്‌ബിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ഉപഭോക്താക്കളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തട്ടിപ്പുകളുടെ എണ്ണം വർധിച്ചതോടെ ഉപയോക്താക്കളെ ബോധവൽക്കരിക്കാൻ പത്രങ്ങളിലടക്കം തട്ടിപ്പിനെതിരേ മുന്നറിയിപ്പ് നൽകി ബാങ്കുകൾ രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും ഇത് അറിയാതെ ഇരയാകുന്നവർ ഇപ്പോഴുമുണ്ട്.
ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ, പാൻ കാർഡ് വിവരങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നുമുള്ള മുന്നറിയിപ്പ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നത്. ഇത്തരം സന്ദേശങ്ങൾ കാണുന്ന അക്കൗണ്ട് ഉടമകൾ പെട്ടെന്ന് പരിഭ്രാന്തരാകുന്നു. തട്ടിപ്പുകാർ ലക്ഷ്യമിടുന്നതും അതുതന്നെയാണ്.
പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തിയിൽ പലരും ഇത്തരം വ്യാജ സന്ദേശങ്ങൾ തിരിച്ചറിയപ്പെടാതെ പോകും. മാത്രമല്ല സന്ദേശം യഥാർഥത്തിൽ ബാങ്കിൽനിന്ന് ഉള്ളതാണ് എന്ന് വിശ്വസിച്ച് സന്ദേശത്തോടൊപ്പം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ചെയ്യുന്നു. അതോടെ ഉപയോക്താവിന്റെ നിർണായകമായ ബാങ്കിങ് വിവരങ്ങൾ ചോർന്ന് ഹാക്കറുടെ പക്കലേക്ക് എത്തുകയും പണം നഷ്ടമാകുകയും ചെയ്യുന്നു.

"പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി അക്കൗണ്ട് ഇന്ന് ഹോൾഡ് ചെയ്യും, ദയവായി നിങ്ങളുടെ കെവൈസി ഉടൻ അപ്‌ഡേറ്റ് ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന തരത്തിലാണ് ചിലർക്ക് സന്ദേശങ്ങൾ എത്തിയത്. "എച്ച്‌ഡിഎഫ്‌സി ഉപഭോക്താവേ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് ഇന്ന് താൽക്കാലികമായി നിർത്തിവയ്ക്കും, ദയവായി നിങ്ങളുടെ പാൻ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക".
എന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ നിങ്ങൾക്കും ഇതിനോടകം എത്തിയിരിക്കാം. ഇനി എത്തുകയും ചെയ്തേക്കാം. അത്തരം സന്ദേശങ്ങളോടൊപ്പമുള്ള ലിങ്കിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം തട്ടിപ്പ് നടക്കുന്ന വിവരം ചുറ്റുമുള്ള ആളുകളിലേക്ക് എത്തിക്കുകയും ചെയ്യണം. അറിയാതെ കുരുക്കിൽ ചാടുന്നതിൽനിന്ന് രക്ഷപ്പെടാൻ അത് സഹായിക്കും.
യോനോ അക്കൗണ്ടിന്റെ പേരിലാണ് എസ്ബിഐ ഉപയോക്താക്കൾക്ക് വ്യാജ സന്ദേശം എത്തുന്നത്. "പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എസ്‌ബിഐ യോനോ അക്കൗണ്ട് ഇന്ന് അവസാനിച്ചു, ഇപ്പോൾ ബന്ധപ്പെടുക, ഇനിപ്പറയുന്ന ലിങ്കിൽ നിങ്ങളുടെ പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യുക" എന്ന തരത്തിലാണ് വ്യാജ സന്ദേശം എത്തുക.

ഇവിടെ അക്കൗണ്ട് ഉടമയുടെ പേര് ഉൾപ്പെടെ പരാമർശിച്ചുകൊണ്ടാണ് പലപ്പോഴും തട്ടിപ്പുകാരുടെ വ്യാജ സന്ദേശങ്ങൾ എത്തുക. ഒറ്റനോട്ടത്തിൽ, ഈ സന്ദേശങ്ങൾ നേരിട്ട് ബാങ്കിൽ നിന്നും അയച്ചിരിക്കുന്നത് ആണ് എന്ന് തോന്നും. എന്നാൽ വിശദമായി പരിശോധിച്ചാൽ ഇത് വ്യാജ സന്ദേശമാണ് എന്ന് വ്യക്തമാകുകയും ചെയ്യും.
വ്യാജ സന്ദേശങ്ങളും ലിങ്കുകളും ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പിനെതിരേ എച്ച്‌ഡിഎഫ്‌സി ബാങ്കും എസ്ബിഐയും ഇടപാടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്നും ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു. പാൻ കാർഡ് / കെവൈസി അപ്‌ഡേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുന്ന അജ്ഞാത നമ്പറുകളോട് പ്രതികരിക്കരുതെന്നും ബാങ്കുകൾ അഭ്യർഥിക്കുന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക് എപ്പോഴും അവരുടെ ഔദ്യോഗിക ഐഡിയിൽ നിന്ന് ആണ് സന്ദേശങ്ങൾ അയയ്ക്കുക. hdfcbk / hdfcbn ഉം ഈ സന്ദേശങ്ങളിലെ ലിങ്കുകളും എല്ലായ്പ്പോഴും http://hdfcbk.io എന്നതിന് കീഴിലായിരിക്കും. പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയോ സ്വകാര്യ/ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുകയോ ചെയ്യുന്ന ഇമെയിലുകൾ/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുത് എന്ന് എസ്ബിഐയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എസ്ബിഐ ഒരിക്കലും മെസേജുകൾ വഴി വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല എന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുമ്പോഴും അവയെപ്പറ്റി അറിയാതെപോകുന്ന വലിയൊരു വിഭാഗം ആളുകൾ നമുക്കിടയിലുണ്ട്. അവരാണ് കൂടുതലായും ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്. അതിനാൽ ചുറ്റുമുള്ളവരെ ഇത്തരം തട്ടിപ്പുരീതികൾ പറഞ്ഞ് മനസിലാക്കുക. അത് അബദ്ധങ്ങളിൽചെന്ന് ചാടുന്നതിൽനിന്ന് അവരെ തടയാൻ സഹായിക്കും.


Click it and Unblock the Notifications








