നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് അതിദാരുണമായയൊരു വിമാനാപകടം കഴിഞ്ഞ ദിവസം നേപ്പാളിൽ നടക്കുകയുണ്ടായി. ഇന്ത്യക്കാരുൾപ്പെടെയുള്ള 68 യാത്രക്കാർ അപകടത്തിൽ കൊല്ലപ്പെട്ടതായി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന യെതി എയർലൈൻസ് വിമാനം പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്നുവീണത്. ഈ അപകടവുമായി ബന്ധപ്പെട്ട് ചല വീഡിയോകൾ ഇതിനോടകം പ്രചരിക്കുകയും ചെയ്തു. സഹയാത്രികരെയും പുറംകാഴ്ചകളെയും പകര്‍ത്തിക്കൊണ്ടിരിക്കെ വിമാനം തകര്‍ന്നു തരിപ്പണമാകുന്നതും തീ ഗോളമായി മാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഒരു ഫെയ്സ്ബുക്ക് ലൈവിലെ ദൃശ്യങ്ങളാണ് ഇത് എന്നും മറ്റും പ്രചാരണം ഉണ്ടെങ്കിലും വിദഗ്ധർ ഈ വാദം തള്ളുന്നു. അപകടത്തിൽ മരിച്ച ആളുടെ ഫോണിൽനിന്ന് പകർത്തിയ ദൃശ്യങ്ങളാകാം ഇവയെന്നാണ് വിലയിരുത്തൽ. ഈ വീഡിയോ പുറത്തുവന്നതോടെ വിമാനത്തിനുള്ളിൽ ഫോൺ അനുവദിക്കുമോ എന്നതടക്കം പലവിധ സംശയങ്ങൾ പലരും പ്രകടിപ്പിക്കുന്നുണ്ട്. വിമാന യാത്രയില്‍ ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടില്ലെങ്കിൽ അത് അപകടത്തിന് കാരണമാകുമോയെന്നും ആളുകൾ അന്വേഷിക്കുന്നു. എന്നാൽ സാധാരണ ഗതിയിൽ അത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

ഫ്ലൈറ്റിൽ യാത്രയിൽ ജീവനക്കാർ ടേക്ക് ഓഫിന് മുമ്പ് യാത്രക്കാരോട് അവരുടെ മൊബൈലും മറ്റും സ്വിച്ച് ഓഫ് ചെയ്യുകയോ അല്ലെങ്കിൽ അവ 'എയർപ്ലെയ്ൻ മോഡിൽ' ഇടുകയോ ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. എന്നാൽ എയർപ്ലെയിൻ മോഡ് എന്താണ് ചെയ്യുന്നതെന്നും ഫ്ലൈറ്റ് അറ്റൻഡന്റുകൾ ടാബ്‌ലെറ്റുകൾ, ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഫ്ലൈറ്റിന്റെ മുഴുവൻ സമയത്തും എയർപ്ലെയിൻ മോഡിൽ സൂക്ഷിക്കാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫ്ലൈറ്റ് യാത്രയിലെ ഫ്ലൈറ്റ് മോഡിനെ ഒന്ന് പരിചയപ്പെടാം.

ഫ്ലൈറ്റ് യാത്രയ്ക്കിടയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനോ ഫ്‌ളൈറ്റ് മോഡില്‍ ഇടാനോ ഉള്ള അറിയിപ്പ് വിമാനത്തില്‍ പതിവാണ്. എന്നാല്‍ പലരും ഈ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാറില്ല. ഇത് വിമാനത്തെ അപകടത്തിൽപ്പെടുത്തും എന്ന് പറയാൻ സാധിക്കില്ല. എങ്കിലും സുരക്ഷാ നടപടി എന്ന നിലയിൽ ഈ നിർദ്ദേശം പാലിക്കേണ്ടതുണ്ട്. കാരണം ഫോണ്‍ സിഗ്‌നല്‍ വൈദ്യുതകാന്തിക തരംഗങ്ങൾക്ക് കാരണമാകും. ഇത് വിമാനത്തിന്റെ റേഡിയോ ആള്‍ട്ടിമീറ്ററിനെ ബാധിച്ചേക്കാം.

എന്താണ് ഫ്ലൈറ്റ് മോഡ്
നമ്മുടെ ഫോണിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ ഉള്ള സെറ്റിങ്സിൽ ഫ്ലൈറ്റ് മോഡ് അഥവാ എയർപ്ലെയിൻ മോഡ് സാധാരണയായി കാണാം. ഈ എയർപ്ലെയിൻ മോഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ സിഗ്നൽ ബാറുകൾ അപ്രത്യക്ഷമായി പകരം ഫ്ലൈറ്റ്മോഡ് ഐക്കൺ വരുന്നത് കാണാം. എയർപ്ലെയിൻ മോഡ് ഓണാക്കുമ്പോൾ, നമ്മുടെ ഡിവൈസ് സെല്ലുലാർ സിഗ്നലുകൾ കൈമാറുന്നത് നിർത്തുന്നു. തൽഫലമായി, നിങ്ങളുടെ സെല്ലുലാർ നെറ്റ്‌വർക്കിൽ നിന്ന് കോളുകളോ ടെക്‌സ്‌റ്റുകളോ സ്വീകരിക്കാനാകില്ല. എല്ലാ സിഗ്നലും ഓഫ് ആകുന്നതോടൊപ്പം സാധാരണയായി വൈഫൈയും ഓഫാകാറുണ്ട്. എന്നാൽ ഏതെങ്കിലും വൈഫൈ ആക്സസ്സ് ലഭ്യമാണെങ്കിൽ വീണ്ടും വൈഫൈ ഓൺ ആക്കി എയർപ്ലെയിൻ മോഡിലാണെങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കാൻ നമുക്ക് സാധിക്കും.

വിമാനത്തിലെ ഫ്ലൈറ്റ് മോഡ്
നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകൾ ഒരു വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങളെ ചിലപ്പോൾ കുഴപ്പത്തിലാക്കും. സെല്ലുലാർ കണക്ഷനുള്ള നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ശക്തമായ റേഡിയോ തരംഗങ്ങളും വൈദ്യുതകാന്തിക ഇടപെടലുകളും പുറപ്പെടുവിക്കുന്നു. ഇവ വിമാനത്തിന്റെ സിഗ്നലുകളെ തടസ്സപ്പെടുത്തുകയും പൈലറ്റിന് ഏതെങ്കിലും ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫുമായോ എയർ ട്രാഫിക് കൺട്രോളുമായോ ബന്ധപ്പെടാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ വിമാനത്തിൽ യാത്ര ചെയ്യുന്നതിനാൽ, ആ ഫോൺ സിഗ്നലുകളുടെ കൂട്ടായ പ്രഭാവം വളരെ വലുതായിരിക്കും. അതിനാൽ ആണ് ഫ്ലൈറ്റ് അറ്റൻഡന്റുകൾ എല്ലായ്പ്പോഴും യാത്രക്കാരോട് അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ എയർപ്ലെയിൻ മോഡിൽ ഇടാൻ ആവശ്യപ്പെടുന്നത്.

എഫ്എഎ മാർഗ്ഗനിർദ്ദേശങ്ങൾ
ഫോണിന്റെ സെല്ലുലാർ സിഗ്നലുകൾക്ക് നിലത്തെ സെൽ ടവറുകളെ മറികടക്കാൻ കഴിയുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) പറയുന്നു. അതിനാൽത്തന്നെ "എഫ്‌സിസിയും എഫ്‌എഎയും സെൽ ഫോണുകൾ ഫ്ലൈറ്റിൽ ഉപയോഗിക്കുന്നത് തടയുന്നു. വിമാനത്തിൽ ഇൻസ്റ്റാൾ ചെയ്ത വൈഫൈ സംവിധാനം ഉണ്ടെങ്കിൽ അത് ഉപയോഗിക്കാമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വിമാനത്തില്‍ ഒന്നോ രണ്ടോ ഫോണുകള്‍ ഉപയോഗിക്കുന്നത് കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. പക്ഷേ, എല്ലാവരുടെയും ഫോണ്‍ ഓണ്‍ ആണെങ്കില്‍ റേഡിയോ ആള്‍ട്ടിമീറ്ററിന്റെ സിഗ്‌നലില്‍ ചെറിയ പ്രശ്നമുണ്ടായേക്കാം.

വിമാനത്തിന്റെ റേഡിയോ (റഡാർ) ആൾട്ടിമീറ്ററുകൾ പറന്നുയരുമ്പോഴും ലാൻഡിങ് സമയത്തും ഏറെ നിർണായകമാണ്. പർവതങ്ങളിൽ ഇടിക്കുന്നത് ഒഴിവാക്കാനും വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്. വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമായ റേഡിയോ ഓൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസിയും സി-ബാൻഡ് ടവറുകളിൽ നിന്നുള്ള ഫ്രീക്വൻസിയും തമ്മിൽ കൂടിക്കലരുമെന്ന ആശങ്കയെത്തുടർന്ന് ചില വിമാനത്താവളങ്ങളുടെ പരിധിയിൽ 5ജി ടവറുകൾ പോലും അനുവദിക്കാറില്ല. ഓൾട്ടിമീറ്ററിനെ 5ജി തരംഗങ്ങൾ ബാധിച്ചാൽ, ഉയരം കണക്കാക്കുന്നതിൽ പിഴവ് വരാനും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

പല വിമാനങ്ങളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് ബ്രൗസിംഗ്, സോഷ്യല്‍ മീഡിയ പരിശോധിക്കല്‍, ഓണ്‍ലൈന്‍ വീഡിയോകള്‍ കാണല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്‍ഫ്‌ളൈറ്റ് വൈഫൈ ഉപയോഗിക്കാം. എന്നാല്‍ ഇന്‍ഫ്‌ളൈറ്റ് വൈ-ഫൈ നല്‍കാത്ത ഫ്‌ളൈറ്റുകളില്‍ പോലും ടേക്ക്ഓഫ് അല്ലെങ്കില്‍ ലാന്‍ഡിംഗ് സമയത്ത് യാത്രക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഈ രണ്ട് സമയത്തും ഫ്‌ളൈറ്റ് ഭൂമിയോട് വളരെ അടുത്താണ്. അതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാണ്.

ഇൻ-ഫ്ലൈറ്റ് വൈഫൈ
വിമാനത്തിൽ വൈഫൈ രണ്ട് വിധത്തിലാണ് ലഭിക്കുന്നത്. ഗ്രൗണ്ട് ബേസ്ഡ് ആയ സ്റ്റിസ്റ്റമാണ് ആദ്യത്തേത്. സെൽ ഫോണിന് സമാനമായ രീതിയിൽ എയർ- ടു -ഗ്രൗണ്ട് ആയിട്ടാണ് ഈ വൈഫൈ സംവിധാനം പ്രവർത്തിക്കുന്നത്. വിമാനത്തിലുള്ള ആന്റിനയും സെൽ ടവറുകളും തമ്മിൽ കണക്റ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. വിമാനം സഞ്ചരിക്കുമ്പോൾ റോളിങ് അടിസ്ഥാനത്തിൽ അടുത്തുള്ള ട്രാൻസ്മിറ്ററുമായി കണക്റ്റ് ആകുകവഴിയാണ് ഇത് സാധ്യമാകുക. ഇങ്ങനെ ലഭിക്കുന്ന ഇന്റർനെറ്റ് വിമാനത്തിലെ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് ആളുകൾക്ക് ലഭ്യമാക്കും.

വിമാനത്തിലിരുന്ന് ഏതു തരത്തിലുള്ള ഇന്റർനെറ്റ് ഉപയോഗവും നടത്താൻ ഈ കണക്റ്റിവിറ്റി മതിയാകും. എന്നാൽ കടലിന് മുകളിലൂടെ പറക്കുമ്പോഴും മറ്റും ഈ കണക്ഷൻ ലഭിക്കുകയില്ല. ഇത്തരം ഘട്ടങ്ങളിലാണ് രണ്ടാമത്തെ സിസ്റ്റമായ സാറ്റലൈറ്റ് കണക്റ്റിവിറ്റി പ്രസക്തമാകുന്നത്. ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് സാറ്റലൈറ്റ് വൈഫൈ പ്രവർത്തിക്കുന്നത്. സാറ്റലൈറ്റ് ആന്റിന ഉപയോഗിച്ച് വിമാനം ഉപഗ്രഹവുമായി കണക്റ്റ് ചെയ്യുന്നു. നാരോബാൻഡ് ബ്രോഡ്‌ബാൻഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാൻഡ് വിഡ്ത്തുകളിലാണ് സാറ്റലൈറ്റ് വൈഫൈ പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








